ഹേമാ കമ്മിറ്റി റിപ്പോർട്ട് സർക്കാർ കാര്യം, അതിൽ ‘അമ്മ’യുടെ ഇടപെടലൊന്നുമില്ല – സിദ്ദിഖ്
ഹേമാ കമ്മിറ്റിയെ സർക്കാർ നിയമിച്ചതാണെന്നും ആ റിപ്പോർട്ട് പുറത്തുവിടണോ വേണ്ടയോ എന്നത് സർക്കാർ കാര്യമാണെന്നും അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖ്. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ അമ്മയുടെ ഇടപെടലൊന്നുമില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.
.
രമേഷ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു. വിഷയം പരിഹരിക്കുന്നതിന് സംഘടനയുടെ ഭരണഘടനാ ഭേദഗതി ഉൾപ്പെടെ ആലോചിക്കും. അമ്മയിൽ അംഗത്വത്തിനായി നടൻ സത്യന്റെ മകൻ സതീഷ് സത്യൻ അപേക്ഷിച്ചിട്ടില്ല. അങ്ങനെയൊരു കത്തൊന്നും തന്നിട്ടില്ല. അദ്ദേഹം അമ്മ സംഘടനയെ ബന്ധപ്പെട്ടു എന്നാണ് പറയുന്നത്. അദ്ദേഹത്തെ ഉടൻതന്നെ ബന്ധപ്പെടും. സതീഷ് സത്യനെ അമ്മയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമേയുള്ളൂവെന്നും സിദ്ദിഖ് പറഞ്ഞു.
സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗമായി നടി ജോമോളെ തിരഞ്ഞെടുത്തതായും സിദ്ദിഖ് അറിയിച്ചു. ഐകകണ്ഠ്യേനയാണ് ജോമോളെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഇടക്കാലത്ത് നിന്നുപോയ കൈനീട്ടം പദ്ധതി വീണ്ടും തുടങ്ങാൻ യോഗത്തിൽ തീരുമാനിച്ചു. പുറത്തുനിന്നുള്ളവരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് മൂന്നോ നാലോ ദിവസം നീണ്ടുനിൽക്കുന്ന ശില്പശാലകൾ സംഘടിപ്പിക്കും. അതിന്റെ നടപടികൾ ഉടനേതന്നെ ആരംഭിക്കും. സോഷ്യൽ മീഡിയ കൂടുതൽ സജീവമാക്കും. വിനു മോഹൻ, സരയു, അനന്യ, അൻസിബ എന്നിവർക്കാണ് അതിന്റെ ചുമതല.
പുതിയ ഭരണസമിതി വന്നതിനുശേഷമുള്ള ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് കൊച്ചിയിൽ നടന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെയും ഫെഫ്കയുടേയും ഭാരവാഹികളുമായി ചർച്ചയും നടന്നു.
.