തീക്കാറ്റ് സാജനെ പൊക്കാൻ പൊലീസ്; വീട്ടിലുൾപ്പെടെ അരിച്ചുപെറുക്കി പരിശോധന

തൃശൂർ: തൃശൂർ ഈസ്റ്റ് ,വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ ബോംബ് വെക്കുമെന്ന് ഭീഷണി മുഴക്കിയ ഗുണ്ടാ തലവൻ തീക്കാറ്റ് സാജനായി വ്യാപക തെരച്ചിൽ. സാജന്റെ പുത്തൂരിലെ വീട്, കൂട്ടാളികളുടെ വീടുകൾ എന്നിവിടങ്ങളിലാണ് തെരച്ചിൽ. കോടതി ഉത്തരവ് വാങ്ങിയ ശേഷമാണ് പൊലീസ് നടപടി.

തൃശ്ശൂർ ഈസ്റ്റ്, വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലും കമ്മീഷണർ ഓഫീസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശം എത്തിയിരുന്നു. തീക്കാറ്റ് സാജൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ സംഘത്തിൽ എടുത്തിരുന്നത് മയക്കുമരുന്ന് നൽകിയെന്ന വിവരവും പോലീസിനുണ്ട്. ഇക്കാര്യങ്ങൾ അടക്കം പരിശോധിക്കുന്നതിനാണ് റൈഡ്.

.

സാജന്റെ പിറന്നാൾ ആഘോഷത്തിനായി ഇന്നലെ തൃശൂരിൽ ഒത്തുകൂടിയ 32 പേരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ആവേശം സിനിമാ മോഡലിലായിരുന്നു തേക്കിൻകാട് മൈതാനത്ത് സാജന്റെ ബർത്ത്ഡേയ് പാർട്ടി. നേതാവിന്റെ അനുചരസംഘത്തിനൊപ്പം ആരാധകരും ആഘോഷത്തിനുണ്ടായിരുന്നു. പിടിയിലായവരിൽ 16 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ ഇന്നലെ തന്നെ താക്കീത് നൽകിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു.

ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉൾപ്പെടെ ബാക്കി 16 പേരെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തിയാണ് പൊലീസ് പിടികൂടിയത്. പാർട്ടി തുടങ്ങും മുൻപേ പൊലീസ് എത്തിയതോടെ തീക്കാറ്റ് സാജൻ മൈതാനത്തിന്റെ പരിസരത്ത് പോലും എത്താതെ മുങ്ങി. ഇന്നലെ ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപത്തായിരുന്നു സംഭവം.

.

സാജൻ കേക്ക് മുറിക്കുന്നതിന്റെ റീലെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഉദ്ദേശമെന്ന് പിടിയിലായവർ പറഞ്ഞു. ജയിൽ മോചിതനായ മറ്റൊരു ഗുണ്ടാത്തലവനു വേണ്ടി അനുചരന്മാർ കുറ്റൂരിൽ കോൾപാടത്തു പാർട്ടി സംഘടിപ്പിച്ചത് കണ്ടിട്ട് വൈറലാവുകയായിരുന്നു ലക്ഷ്യം.

എന്നാൽ, വിവരം അറിഞ്ഞതോടെ മൈതാനം പൊലീസ് വളഞ്ഞിരുന്നു. കേക്ക് മുറിക്കാൻ പോലും കഴിഞ്ഞില്ല, അതിന് മുൻപ് തന്നെ എല്ലാവരെയും പൊലീസ് ഓടിച്ചിട്ട് പിടികൂടി. ഇതിന് പിന്നാലെയാണ് തന്റെ അനുയായികളെ വിട്ടയച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ ബോംബ് വെക്കുമെന്ന ഭീഷണിയുമായി തീക്കാറ്റ് സാജന്റെ വിളിയെത്തിയത്.

.

Share
error: Content is protected !!