അവസാന മിനിറ്റിൽ മെസ്സിപ്പട വിറച്ചു, രക്ഷകനായി വീണ്ടും മാർട്ടിനസ് അവതരിച്ചു; ഇക്വഡോർ തുറന്ന് അർജൻ്റീന – വീഡിയോ

ന്യൂജഴ്സി∙ ഗോളടിക്കാനാകാതെ സൂപ്പർ താരം ലയണൽ മെസ്സി നിരാശപ്പെടുത്തിയ മത്സരത്തിൽ വീണ്ടും അർജന്റീനയുടെ രക്ഷകനായത് ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ്. നിശ്ചിത സമയത്തും അധിക സമയത്തും അർജന്റീനയെ ഇക്വഡോർ സമനിലയിൽ തടഞ്ഞുനിർത്തിയപ്പോൾ, ഷൂട്ടൗട്ടിലെ മാർട്ടിനസിന്റെ തകർപ്പൻ പ്രകടനമാണ് നിലവിലെ ചാംപ്യൻമാര്‍ക്ക് സെമിയിലേക്കുള്ള വഴി തുറന്നത്. ഷൂട്ടൗട്ടിൽ 4–2ന് മെസ്സിപ്പട വിജയിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ലിസാൻഡ്രോ മാർട്ടിനസിന്റെ ഗോളിൽ മുന്നിലെത്തിയ അർജന്റീന, ഇൻജറി ടൈമിലെ ഇക്വഡോറിന്റെ സമനില ഗോളോടെയാണു പ്രതിരോധത്തിലായത്.

.

.

.

പരുക്കിന്റെ പിടിയിലുള്ള ലയണൽ മെസ്സി മുഴുവൻ സമയവും ഗ്രൗണ്ടിലുണ്ടായിരുന്നെങ്കിലും നിറം മങ്ങിപ്പോയി. ഷൂട്ടൗട്ടിൽ മെസ്സിയെടുത്ത ആദ്യ ശ്രമം ബാറിൽ തട്ടിത്തെറിച്ചതും അർജന്റീനയ്ക്കു തിരിച്ചടിയായി. യുലിയന്‍ അൽവാരസ്, അലക്സിസ് മാക്‌‍ അലിസ്റ്റർ, ഗോൺസാലോ മോണ്ടിയല്‍, നിക്കൊളാസ് ഓട്ടമെൻഡി എന്നിവരുടെ കിക്കുകൾ കൃത്യമായി വലയിലെത്തി. ഇക്വഡോർ‌ താരങ്ങളായ എയ്ഞ്ചൽ മെനയുടേയും അലൻ മിൻഡയുടേയും കിക്കുകളാണ് അർജന്റീന ഗോൾ കീപ്പര്‍ പ്രതിരോധിച്ചത്.

.

.


.

ജോണ്‍ യെബോ, ജോര്‍ഡി കായ്‌സെഡോ എന്നിവർ ഇക്വഡോറിനായി വല കുലുക്കി. മത്സരത്തിൽ അർജന്റീനയ്ക്കൊപ്പം നിൽക്കുന്ന പ്രകടനമാണ് ഇക്വഡോർ നടത്തിയത്. ഗോളുകളിലേക്കുള്ള ഷോട്ടുകളുടെ എണ്ണത്തിലും പാസുകളിലും പന്തടക്കത്തിലും ഇരു ടീമുകളും തമ്മിൽ നേരിയ വ്യത്യാസം മാത്രം. ആദ്യ പകുതിയിൽ അലക്സിസ് മാക് അലിസ്റ്ററുടെ അസിസ്റ്റിൽ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനസാണ് അർജന്റീനയെ മുന്നിലെത്തിച്ചത്. മെസ്സിയുടെ കോർണർ‌ കിക്കിൽനിന്നാണ് ഈ ഗോളിലേക്കുള്ള വഴി തുറന്നത്. മാക് അലിസ്റ്ററിലേക്ക് എത്തിയ പന്ത് ഹെഡ് ചെയ്യാൻ തയാറായി ലിസാൻഡ്രോ മാർട്ടിനസ് ഉണ്ടായിരുന്നു. ഇക്വഡോർ ഗോളി ഡൊമിങ്കസ് പന്ത് തട്ടിയെങ്കിലും ഗോൾ ലൈൻ കടന്നിരുന്നു. ദേശീയ ടീമിനു വേണ്ടി മാർട്ടിനസിന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.

.


.

രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റാണ് മത്സരത്തിനായി അധിക സമയം അനുവദിച്ചത്. ഇക്വഡോറിന്റെ ക്വിക് ഫ്രീകിക്കിൽ യെബോ, റോഡ്രിഗസിനെ ലക്ഷ്യമിട്ട് ബോക്സിനകത്തേക്ക് തകർപ്പനൊരു ക്രോസ് ഒരുക്കി. റോഡ്രിഗസിന്റെ ഹെ‍ഡർ വലയിലേക്ക്. അര്‍ജന്റീന ഗോളി ഡൈവ് ചെയ്ത് പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും ഒരു സാധ്യതയും ബാക്കിയില്ലായിരുന്നു. ഇതോടെ സ്കോർ 1–1. തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. ഖത്തറിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ അർജന്റീനയുടെ രക്ഷകനായ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് ഈ ദൗത്യം ഏറ്റെടുത്തു.

.

.


.

ഷൂട്ടൗട്ടിൽ മെസ്സിയെടുത്ത ആദ്യ കിക്ക് ബാറിൽ തട്ടിത്തെറിച്ചത് അർജന്റീനയ്ക്കു നിരാശയായി. എന്നാൽ ഇക്വഡോറിന്റെ ആദ്യ കിക്ക് തന്നെ പ്രതിരോധിച്ച് മാർട്ടിനസ് അർജന്റീനയ്ക്കു പ്രതീക്ഷ നൽകി. അർജന്റീനയ്ക്കായി രണ്ടാമതു കിക്കെടുക്കാനെത്തിയ യുലിയൻ അൽവാരസിനും പിഴച്ചില്ല. വലതു മൂലയിലൂടെ പന്തു വല കുലുക്കി. ഇക്വഡോറിനായി അലൻ മിൻഡയെടുത്ത ഷോട്ടും അർജന്റീന ഗോളി പ്രതിരോധിച്ചുനിന്നു. പിന്നീട് എടുത്ത ഷോട്ടുകളെല്ലാം അർജന്റീനയും ഇക്വഡോറും വലയിലെത്തിച്ചതോടെ മത്സരം 4–2ന് മെസ്സിപ്പടയ്ക്കു സ്വന്തം. ജൂലൈ പത്തിന് ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് അർജന്റീനയുടെ സെമി ഫൈനൽ പോരാട്ടം.

.

Share
error: Content is protected !!