ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, ശവപ്പറമ്പായി ആശുപത്രി; ഹാഥ്‌റസില്‍ ഹൃദയഭേദകമായ കാഴ്ചകൾ, ദുരന്തത്തിനിരയായത് സ്വയം പ്രഖ്യാപിത ആൾദൈവത്തിൻ്റെ പ്രഭാഷണത്തിനെത്തിയവർ – വീഡിയോ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് ജില്ലയിലെ സിക്കന്ദര റാവു ട്രോമ സെന്റര്‍ ചൊവ്വാഴ്ച വൈകീട്ടോടെ ഒരു ശവപ്പറമ്പായി മാറി. ആംബുലന്‍സുകളിലും ട്രക്കുകളിലും കാറുകളിലുമായി ചേതനയറ്റ ശരീരങ്ങള്‍ കൂട്ടത്തോടെയെത്തി. ആശുപത്രിമുറ്റത്ത് മൃതദേഹങ്ങള്‍ ചിതറിക്കിടന്നു. ബോധംനഷ്ടമായവരും മൃതദേഹങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ഹൃദയഭേദകമായ കാഴ്ചയായിരുന്നു അത്. ആശുപത്രി പരിസരത്തെങ്ങും നിലവിളികള്‍ മാത്രം. ഉറ്റവരുടെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ പരസ്പരം ആശ്വസിപ്പിച്ചുകൊണ്ട് നിസ്സഹായരായി നില്‍ക്കുന്ന ആളുകള്‍. (ചിത്രം: ഹാഥ്‌റസിൽ തിക്കുംതിരക്കുംമൂലമുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബസിന്റെ സീറ്റുകളിൽ കിടത്തി കൊണ്ടുവന്നപ്പോൾ, ഹാഥ്‌റസ് ട്രൂമ സെന്ററിന് മുന്നിലെ കാഴ്ച)

.


.

‘ഒരു ട്രക്കില്‍ അഞ്ചോ ആറോ മൃതദേഹങ്ങള്‍ക്കിടയില്‍ ഒരു സ്ത്രീ കരഞ്ഞുകൊണ്ട് ഇരിക്കുന്നു. വാഹനത്തില്‍നിന്ന് മകളുടെ മൃതദേഹം പുറത്തെടുക്കാന്‍ സഹായിക്കണമെന്ന് അവര്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുന്നു’, പിടിഐ റിപ്പോര്‍ട്ടിൽ പറയുന്നു.

.

.

.

ഭോലെ ബാബ എന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന്റെ സത്സംഗിൽ പങ്കെടുക്കാനെത്തിയ ആൾക്കൂട്ടത്തിലാണ് 116 പേരുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. ഭരണകൂടത്തിന്റെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
.

.

27 മരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മരണസംഖ്യയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ആശുപത്രിക്ക് പുറത്തും മോര്‍ച്ചറിക്ക് മുന്നിലും ആളുകള്‍ ഇരച്ചെത്തി. മരിച്ചവരിലേറെയും സ്ത്രീകളായിരുന്നു.

‘200-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍, ഈ ആശുപത്രിയില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ഓക്‌സിജന്‍ സൗകര്യവുമില്ല. ഇവിടെ എത്തിച്ച പലർക്കും ജീവനുണ്ട്. എന്നാല്‍ ശരിയായ ചികിത്സ അവര്‍ക്ക് നല്‍കാനാകുന്നില്ല’, ആശുപത്രിക്ക് മുന്നില്‍ നിന്നിരുന്ന ഒരു യുവാവിന്‍റെ വാക്കുകൾ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

.

.

സത്സംഗ് കഴിഞ്ഞുപോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷിയായ ശകുന്തളാ ദേവി പ്രതികരിച്ചു. അമിതമായ ആള്‍ക്കൂട്ടമാണ് തിക്കിനുംതിരക്കിനും ഇടയാക്കിയതെന്ന് സിക്കന്ദര റാവു പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ പറഞ്ഞു.

 

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഗ്ര അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, അലിഗഡ് ഡിവിഷണല്‍ കമ്മിഷണര്‍ എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

.

അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യം. ഏകദേശം ഇരുപതിനായിരത്തോളം പേർ ആൾദൈവത്തെ കാണാനായി തടിച്ചുകൂടിയിരുന്നു.

 

.

.

സ്വയം പ്രഖ്യാപിത ആൾദൈവമാണ് ഗുരു ഭോലെ ബാബ എന്നു വിളിക്കപ്പെടുന്ന നാരായൺ സാകർ ഹരി. മുമ്പ് ഇൻ്റലിജൻസ് ബ്യൂറോയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും, ആത്മീയ പാത പിന്തുടരുന്നതിനായി 1990 ൽ ജോലി രാജിവെച്ചുവെന്നുമാണ് ഇയാളുടെ അവകാശവാദം. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലെ ബഹാദൂർ നഗരി ഗ്രാമത്തിലാണ് നാരായൺ ഹരിയുടെ ജനനം.

സാധാരണ ആൾദൈവങ്ങളെ പോലെ ശുഭ്രവസ്ത്രമോ കാവി വസ്ത്രമോ ധരിക്കാറില്ല. വെള്ള സ്യൂട്ടും ടൈയുമാണ് ഈ ആൾദൈത്തിൻ്റെ ഇഷ്ട വസ്ത്രം. ഭക്തരിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ മുഴുവനായും ഭക്തർക്കായി ചെലവഴിക്കുന്നുവെന്നും ഇയാൾ അവകാശപ്പെടുന്നു.

.

Share

One thought on “ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, ശവപ്പറമ്പായി ആശുപത്രി; ഹാഥ്‌റസില്‍ ഹൃദയഭേദകമായ കാഴ്ചകൾ, ദുരന്തത്തിനിരയായത് സ്വയം പ്രഖ്യാപിത ആൾദൈവത്തിൻ്റെ പ്രഭാഷണത്തിനെത്തിയവർ – വീഡിയോ

Comments are closed.

error: Content is protected !!