15 വർഷം മുമ്പ് കാണാതായ കല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്, തെളിവ് കിട്ടി; ‘ഇസ്രയേലിലുള്ള അനിലിനെ നാട്ടിൽ എത്തിക്കും

മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ സ്ത്രീ കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ച് പോലീസ്. കല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അമ്പലപ്പുഴ പോലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷം ചൊവ്വാഴ്ച വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ കൊലപാകത്തിന്റെ തെളിവുകള്‍ ലഭിച്ചതായി ആലപ്പുഴ എസ്.പി. ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.

.

മരിച്ച യുവതിയുടെ ഭര്‍ത്താവ് അനിലാണ് കൊലപാകത്തിന് പിന്നിലെന്നാണ് സംശയം. ഇസ്രയേലിലുള്ള ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും എസ്പി അറിയിച്ചു.

.

‘നിലവില്‍ അഞ്ചുപേരാണ് കസ്റ്റഡിയിലുള്ളത്. യുവതിയെ കാണാതായതുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഭര്‍ത്താവ് അനിലുമായി ബന്ധപ്പെട്ടവരാണ് ഇവര്‍. അനിലിനെ വിദേശത്തുനിന്ന് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കിട്ടിയവിവരം. തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിനുള്ള കേസെടുത്തിട്ടുള്ളത്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പങ്കുവെയ്ക്കാനാകൂ’, ആലപ്പുഴ എസ്പി പറഞ്ഞു.

.

മൃതദേഹത്തിൽ രാസവസ്തുക്കളും ഉപയോഗിച്ചിട്ടുണ്ടാകാമെന്നും പോലീസ് വ്യക്തമാക്കി. 15 വര്‍ഷംമുമ്പ് നടന്ന സംഭവത്തില്‍ അന്ന് പരാതി കിട്ടിയിട്ടില്ല. അമ്പലപ്പുഴയിലാണ് ഒരു സ്ത്രീയെ കാണാതായിട്ടുണ്ടെന്നും കൊലചെയ്യപ്പെട്ടതാകാനുള്ള സാധ്യതയുണ്ടെന്നുമുള്ള വിവരം കുറച്ചുനാള്‍ മുമ്പ് കിട്ടിയത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.

.

അമ്പലപ്പുഴയിലെ പോലീസ് ടീമിനെ വെച്ചാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കൊലപാതകത്തിന് എഫ്‌ഐആര്‍ ഇട്ടശേഷം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ആലപ്പുഴ എസ്പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

.

അമ്പലപ്പുഴയിലാണ് ആദ്യം വിവരം ലഭിക്കുന്നത്. വിശ്വസനീയമായ കത്തായതുകൊണ്ടാണ് അന്വേഷണം നടത്തിയത്. വിവരം തന്നയാളുടെ പേര് വെളിപ്പെടുത്താനാവില്ല. 15 വര്‍ഷത്തെ കാലപ്പഴക്കമുള്ളതിനാൽ ഫോറൻസിക് പരിശോധനയും സാക്ഷിമൊഴികളും എടുക്കുന്നത് എളുപ്പമല്ലെന്നും എസ്പി അറിയിച്ചു.

.

അതിനിടെ കലയെ കൊലപ്പെടുത്താൻ ഭർത്താവ് അനിൽ ക്വട്ടേഷൻ നല്‍കിയിരുന്നതായി ബന്ധു വ്യക്തമാക്കി. നാട്ടിലുള്ള ഒരു സംഘത്തിന് അനിൽ ക്വട്ടേഷന്‍ നൽകിയിരുന്നെന്ന് കലയുടെ സഹോദരൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി കലയുടെ മാതൃസഹോദരി ശോഭന മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ ഈ സംഘം ക്വട്ടേഷൻ ഏറ്റെടുത്തില്ല. അറിയാവുന്ന കുട്ടി ആയതു കൊണ്ടാണ് ക്വട്ടേഷൻ എടുക്കാതിരുന്നതെന്ന് അവര്‍ കലയുടെ സഹോദരനോടു പറഞ്ഞിരുന്നതായും ശോഭന പറഞ്ഞു. ഭർത്താവിന്റെ വീട്ടിൽ കലയ്ക്ക് നിരന്തരം പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നതായും ജീവിച്ചിരുന്നെങ്കിൽ ഒരിക്കലെങ്കിലും മകനെ കാണാൻ ഉറപ്പായും അവൾ വരുമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

.

.

ശോഭനയുടെ പ്രതികരണം:

‘‘അനിലിനൊപ്പം പോകുമ്പോൾ കലയ്ക്ക് 20 വയസ്സു മാത്രമേ പ്രായം കാണൂ. പ്ലസ് ടു കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. ഞങ്ങൾ വിവാഹം ക‌ഴിച്ചു നൽകില്ലെന്ന് അറിയിച്ചതോടെ അനിൽ കലയെ വന്നു കൊണ്ടുപോവുകയായിരുന്നു. അനിലിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണു വിവാഹം നടത്തിയത്. കുറച്ചു കാലത്തിനു ശേഷം അവർക്കു മകനുണ്ടായി. ശേഷമാണ് അനിൽ വിദേശത്തേക്കു പോയത്. ഒരു വർഷം കഴിഞ്ഞ് മടങ്ങി വന്നിട്ടാണ് സംഭവം നടക്കുന്നത്. ഇതിനിടയ്ക്ക് അനിൽ പറഞ്ഞിരുന്നു കല മറ്റൊരാളുമായി സ്നേഹത്തിലാണെന്ന്. പിന്നീട് അവളെ ഞങ്ങൾ കണ്ടിട്ടില്ല.

.

വിവാഹശേഷവും കല വീട്ടില്‍ വരാറുണ്ടായിരുന്നു. പ്രസവത്തിനു കൊണ്ടുപോയതും കലയുടെ അമ്മയാണ്. അനിലുമായി പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അനിലിന്റെ അമ്മ എന്നും കലയുമായി ബഹളമുണ്ടാക്കുമായിരുന്നു. പക്ഷേ അച്ഛനു സ്നേഹമായിരുന്നു.

.

അവൾ ജീവിച്ചിരിപ്പില്ലെന്നു തോന്നിയിരുന്നു. കല ജീവിച്ചിരുന്നെങ്കിൽ ഒരിക്കലെങ്കിലും മകനെ വന്നു കണ്ടേനെ. അല്ലെങ്കില്‍ അച്ഛന്‍ മരിച്ചപ്പോൾ എത്തിയേനെ. കലയെ കാണാതായപ്പോൾ ആർക്കൊപ്പമോ പോയതാണന്നാണു കരുതിയത്. പക്ഷേ അവളുടെ അനിയന്‍ അപ്പോഴും അന്വേഷിക്കുന്നുണ്ടായിരുന്നു. നാട്ടിലുള്ള ഒരു സംഘത്തിനു ക്വട്ടേഷന്‍ നൽകിയിരുന്നെന്ന് അവന്റെ അന്വേഷണത്തിൽ അറിഞ്ഞിരുന്നു. എന്നാൽ അവരാ ക്വട്ടേഷൻ ഏറ്റെടുത്തില്ല. അറിയാവുന്ന കുട്ടിയാണെന്നു പറഞ്ഞാണ് അവരത് വേണ്ടെന്നു വച്ചത്. പക്ഷേ മറ്റാർക്കെങ്കിലും ക്വട്ടേഷൻ നൽകുമെന്നും അവളെ കൊല്ലുമെന്നും അന്നവർ സഹോദരനു സൂചന നൽകിയിരുന്നു. പക്ഷേ അവനത് കാര്യമാക്കിയില്ല.’’

.

Share
error: Content is protected !!