രാഹുലിൻ്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്ന് നീക്കി; സത്യം സത്യമാണ്, അത് മായ്ച്ചുകളയാനാവില്ലെന്ന് രാഹുൽ ഗാന്ധി – വീഡിയോ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പിടിച്ചുലച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ അഗ്നിവീര്‍, ഹിന്ദു എന്നിവ അടക്കമുള്ള പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കി. സ്പീക്കറുടെ നിര്‍ദേശപ്രകാരമാണ് ചില പരാമര്‍ശങ്ങള്‍ നീക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും ബിജെപി, ആര്‍.എസ്.എസ് എന്നിവയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളും നീക്കിയവയില്‍ ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

.

രാഹുലിന്റെ പ്രസംഗത്തിനെതിരെ ബിജെപി കഴിഞ്ഞ ദിവസംതന്നെ രംഗത്തെത്തിയിരുന്നു. പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ രണ്ടുതവണ ഇടപെടുകയും രാഹുല്‍ മാപ്പു പറയണമെന്ന് അമിത് ഷാ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്പീക്കറും പ്രസംഗത്തിനിടെ ഇടപെട്ടു. പിന്നാലെയാണ് പല പരാമര്‍ശങ്ങളും സഭാരേഖകളില്‍നിന്ന് നീക്കിയിട്ടുള്ളത്.

.

ഹിന്ദുക്കളുടെ പേരിൽ ആക്രമണം നടത്തുന്നുവെന്ന പരാമർശവും ആർ.എസ്.എസിന് എതിരായ പരാമർശവുമാണ് ലോക്‌സഭാ സ്പീക്കർ രേഖകളിൽനിന്ന് നീക്കിയത്. അഗ്നിവീര്‍ പദ്ധതിയെക്കുറിച്ചും ഹിന്ദു മതത്തെക്കുറിച്ചുമടക്കം രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഭരണകക്ഷിയുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ‘ഭയവും വിദ്വേഷവും പരത്തുന്നതല്ല ഹിന്ദുമതം. എന്നാല്‍ ഹിന്ദുവെന്ന് സ്വയം വിളിക്കുന്നവര്‍ അക്രമത്തിലും വിദ്വേഷത്തിലും ഏര്‍പ്പെടുന്നു. നിങ്ങള്‍ യഥാര്‍ഥ ഹിന്ദുവല്ല’ എന്നായിരുന്നു പരാമര്‍ശം. അഗ്നിവീറുകളെ കൈകാര്യം ചെയ്യുന്നത് ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന തരത്തിലാണന്നും വിമര്‍ശിച്ചിരുന്നു.

.

അതേ സമയം പ്രസംഗത്തിലെ പരാമർശങ്ങൾ സഭാരേഖകളിൽനിന്ന് നീക്കിയ ലോക്‌സഭാ സ്പീക്കറുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. സത്യം സത്യമായി തന്നെ നിലനിൽക്കുമെന്നും അത് മായ്ച്ചുകളയാനാവില്ലെന്നും രാഹുൽ പറഞ്ഞു. പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

.

.

”മോദിജിക്ക് സത്യത്തെ മായ്ച്ചുകളയാൻ കഴിഞ്ഞേക്കാം. എന്നാൽ യഥാർഥത്തിൽ സത്യത്തെ ഇല്ലാതാക്കാനാവില്ല. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. അതാണ് സത്യം. അവർക്ക് എത്ര വേണമെങ്കിലും നീക്കം ചെയ്യാനാവും. പക്ഷേ, സത്യം സത്യമാണ്”-രാഹുൽ പറഞ്ഞു.

.

ഹിന്ദുക്കളുടെ പേരിൽ ആക്രമണം നടത്തുന്നുവെന്ന പരാമർശവും ആർ.എസ്.എസിന് എതിരായ പരാമർശവുമാണ് ലോക്‌സഭാ സ്പീക്കർ രേഖകളിൽനിന്ന് നീക്കിയത്. രാഹുൽ ഹിന്ദുക്കളെ അപമാനിച്ചുവെന്ന് ആരോപിച്ച് മോദി ഇന്നലെ തന്നെ രംഗത്തുവന്നിരുന്നു. എന്നാൽ വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാനാവില്ലെന്നും മുഴുവൻ ഹിന്ദുക്കളുടെയും ഉത്തരവാദിത്തം മോദിയേയും ബി.ജെ.പിയേയും ആരും ഏൽപ്പിച്ചിട്ടില്ലെന്നും രാഹുൽ സഭയിൽ തന്നെ വ്യക്തമാക്കിയിരുന്നു.

.

Share
error: Content is protected !!