എയർ യൂറോപ്പ വിമാനം ആകാശച്ചുഴിയിൽപെട്ടു: 30 ഓളം പേർക്ക് പരിക്ക്; യാത്രക്കാരൻ പറന്ന് ലഗ്ഗേജ് ബോക്സിലെത്തി- വീഡിയോ

മാഡ്രിഡ്: വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് എയർ യൂറോപ്പ എയർലൈൻസിലെ 30-ഓളം യാത്രക്കാർക്ക് പരിക്ക്. സ്പെയിനിലെ മാഡ്രിഡിൽ നിന്നും ഉറുഗ്വേയിലെ മൊൺടെവിഡിയോയിലേക്ക് പുറപ്പെട്ട ബോയിങ് യുഎക്സ് 045 വിമാനമാണ് തിങ്കളാഴ്ച ആകാശച്ചുഴിയിൽ പെട്ടത്. വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

325 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടസമയത്ത് എല്ലാവരോടും സീറ്റ് ബെൽറ്റ് ധരിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും എന്നാൽ സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കാണ് പരിക്ക് കൂടുതലെന്നുമാണ് വിവരം.

പരിക്കേറ്റ യാത്രക്കാരും വിമാനത്തിനുള്ളിൽ സംഭവിച്ച കേടുപാടുകൾ ദൃശ്യങ്ങളിൽ കാണാം. അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. വിമാനം ആകാശച്ചുഴിയിൽ പെട്ടപ്പോൾ ഇരിപ്പിടത്തിൽ ഉണ്ടായിരുന്ന യാത്രക്കാരൻ പറന്ന് ലഗ്ഗേജ് ബോക്സിൽ എത്തിയതും ഇയാളെ മറ്റു യാത്രക്കാർ ചേർന്ന് താഴെ ഇറക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിമാനത്തിനകത്തുനിന്നുള്ള ദൃശ്യങ്ങളാണ് ഇവയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

.

.

അപകടത്തിൽപെട്ട വിമാനം ബ്രസീലിലെ നതാൽ വിമാനത്താവളത്തിൽ പുലർച്ചെ 2.32-ഓടെ അടിയന്തരമായി ലാൻഡ് ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

അപകടത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് വിശദീകരണവും വന്നിട്ടുണ്ട്. ആകാശച്ചുഴിയിൽ പെട്ടതിനെത്തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തെന്നും പരിക്കേറ്റവർക്ക് മതിയായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും എയർ യൂറോപ്പ അറിയിച്ചു. മാഡ്രിഡിൽ നിന്ന് ഉറുഗ്വേയിലെക്കുള്ള യാത്ര മറ്റൊരു വിമാനത്തിൽ ഇന്ന് ഉച്ചയോടെ പുനരാരംഭിക്കുമെന്നും കമ്പനി എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.

.

.

Share
error: Content is protected !!