വള്ളിക്കുന്നിൽ വിവാഹത്തിന് വെൽകം ഡ്രിങ്ക് കഴിച്ച 238 പേർക്ക് മഞ്ഞപ്പിത്തം; മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 6,000 കടന്നു
മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു. അതില്‍ രോഗം ബാധിച്ച 238 പേരും വള്ളിക്കുന്ന് പഞ്ചായത്തിലാണ്. മേയ് 13ന് മൂന്നിയൂരിൽ വിവാഹച്ചടങ്ങിൽ നൽകിയ വെൽകം ഡ്രിങ്കാണ് രോഗത്തിന്റെ ഉറവിടമെന്നു വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ പറഞ്ഞു. ‘‘ജൂൺ എട്ടിന് ആദ്യ കേസ് റിപ്പോർട്ടു ചെയ്ത പഞ്ചായത്തിൽ ആശുപത്രിയിൽ അഡ്മിറ്റായ കേസുകൾ ഇല്ല. തിങ്കളാഴ്ച 5 സെക്കൻഡറി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ കേസുകളുടെ എണ്ണം ഇനിയും വർധിക്കാനാണു സാധ്യത’’ – പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
.
ജില്ലയിലെ വള്ളിക്കുന്ന്, മുന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം പടരുന്നത്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിൽ 459 പേർ വിവിധ സമയങ്ങളിലായി ചികിത്സ തേടിയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് സ്കൂളുകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. വീടുകൾ കയറിയിറങ്ങിയുള്ള ബോധവത്കരണവും ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.
.
പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം:
മഴക്കാലത്തിനു മുൻപ് 15 സെക്കൻഡറി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അപ്പോൾത്തന്നെ ആരോഗ്യപ്രവർത്തകർ വേണ്ടനടപടികൾ സ്വീകരിച്ചു. ക്ലോറിനേഷൻ പ്രവർത്തനവും ഫീല്‍ഡ് വർക്കും നടത്തുന്നുണ്ട്. സർക്കാർ ഇടപെട്ട് ടെസ്റ്റിങ് സൗകര്യവും ഏർപ്പെടുത്തി. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ല. ആശുപത്രിയിൽ അഡ്മിറ്റായ കേസുകളും ഇല്ല. പഞ്ചായത്തിലെ കൊടക്കാട് എന്ന പ്രദേശത്താണു ഏറ്റവുമധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഗുരുതര കേസുകൾ ഉണ്ടായിരുന്നെങ്കിലും എല്ലാവർക്കും ഭേദമായി. എന്നാൽ സെക്കൻഡറി കേസുകൾ റിപ്പോർട്ട് ചെയ്തതുകൊണ്ടു കേസുകളുടെ എണ്ണം കൂടാനാണു സാധ്യത. നേരിടാൻ പഞ്ചായത്ത് സജ്ജമാണ്.’’
.