ബസ്സിലെ മെമ്മറികാർഡ് കിട്ടിയിരുന്നെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നു; മേയര്‍ക്കെതിരെ ജില്ലാകമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം, മുഖ്യമന്ത്രിക്കെതിരെയും കടുത്ത വിമർശനം
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം. മേയറെ മാറ്റണമെന്ന് ചില പ്രതിനിധികൾ പരോക്ഷമായി സൂചിപ്പിച്ചെന്നാണ് സൂചന.
.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ശേഷിക്കെ ആര്യയെ മേയർ സ്ഥാനത്തുനിന്ന് മാറ്റേണ്ടെന്ന അഭിപ്രായവും ചില നേതാകൾ ഉയർത്തി. അത്തരം നടപടി നഗരസഭാ ഭരണം പരാജയമാണെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവയ്ക്കുമെന്ന വിലയിരുത്തലുമുണ്ടായി. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എം. നേതൃത്വം തിരുത്തും മുൻപ് മേയറും തിരുവനന്തപുരത്തെ പാർട്ടിയും തിരുത്തേണ്ടി വരും.
നേതൃയോഗം ഇന്ന് അവസാനിക്കും. മേയറുടെ പരിചയക്കുറവ് നഗരഭരണത്തിൽ തിരിച്ചടിയായെന്നും വിമർശനം വന്നു. കാർ കുറുകെയിട്ട് മേയറും ഭർത്താവ് സച്ചിൻദേവ് എം.എൽ.എയും കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിൽ ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനമുയർന്നു. അപക്വമായ ഇടപെടലാണ് മേയറുടെയും സച്ചിൻദേവ് എം.എൽ.എയുടെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും നേതാക്കൾ മുന്നോട്ടുവച്ച അഭിപ്രായം.
.
കെഎസ്ആർടിസിയിലെ മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായി. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നു. പൊതു ജനങ്ങൾക്കിടയിൽ പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കി. മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്‍റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു.രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി. മേയറുംയറും കുടുംബവും നടുറോട്ടിൽ കാണിച്ചത് ഗുണ്ടായിസമാണ്. ബസ്സിൽ നിന്ന് മെമ്മറി കാർഡ് കിട്ടിയിരുന്നുവെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അതിരൂക്ഷ വിമർശനം ഉണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ല. സാധാരണ മനുഷ്യർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവേശനമില്ല. മുൻപ് പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോൾ അതിനും സാധിക്കില്ല. മൂന്നുമണിക്ക് ശേഷം ജനങ്ങൾക്ക് കാണാനുള്ള അനുവാദവും ഇപ്പോൾ ഇല്ല. മുഖ്യമന്ത്രി പാർട്ടി പ്രവർത്തകരുടെ മുന്നിൽ ഇരുമ്പുമറ തീർക്കുന്നത് എന്തിനെന്നും അംഗങ്ങള്‍ ചോദിച്ചു.
.
റിയാസ് – കടകംപള്ളി തർക്കത്തിലും ജില്ലാ കമ്മറ്റിയില്‍ കടുത്ത വിമര്‍ശനമുണ്ടായി. വികസന പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ വിമർശന ഉന്നയിച്ചാൽ അദ്ദേഹത്തെ കോൺട്രാക്ടറുടെ ബിനാമിയാക്കുന്നത് ശരിയാണോയെന്ന് ചിലര്‍ ചോദിച്ചു. മന്ത്രി ജില്ലയിലെ പാർട്ടിയുടെ നേതാവിനെയും ജനപ്രതിനിയും കരിനീഴിൽ നിർത്തി. മാധ്യമങ്ങളിൽ വിവാദത്തിന് വഴിമരുന്നിട്ടെന്നും വിമർശനം ഉയര്‍ന്നു.
.
ഷംസീറിന്‍റെ ബിസിനസ് ബന്ധം പാർട്ടി രീതിക്ക് നിരക്കുന്നതല്ലെന്നും ജില്ല കമ്മറ്റി അംഗങ്ങള്‍ ആരോപിച്ചു. അമിത് ഷായുടെ മകനെയും കാറിൽ കയറ്റി നടക്കുന്ന ആളുമായിട്ടാണ് ഷംസീറിന് ബന്ധം. പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത അയാൾ സഖാക്കൾ സമീപിച്ചപ്പോൾ ദേശാഭിമാനി പത്രം പോലും എടുക്കാൻ സന്നദ്ധനായില്ല. ഇത്തരമൊരു ആളുമായി ഷംസീറിന് എന്ത് ബന്ധമെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയര്‍ന്നു.
.