സൗദി പൗരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സ്വദേശി പൗരന് വധശിക്ഷ നടപ്പാക്കി
റിയാദിൽ സൗദി പൗരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സ്വദേശി പൗരന് വധശിക്ഷ നടപ്പാക്കി. സ്വദേശി പൗരനായ നായിഫ് ബിൻ ഹസൻ ബിൻ അയ്ദ് അൽ-അസ്‌ലാമി അൽ-ഷമാരിയൊണ് ശനിയാഴ്ച വധശിക്ഷക്ക് വിധേയനാക്കിയത്. സൗദി പൗരനായ ഫാരിഹ് ബിൻ ഈദ് ബിൻ അത്തിയ അൽ-അനാസിയെ ബോധപൂർവം കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റം.
.
സംഭവത്തിന് ശേഷം സുരക്ഷ ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതായി തെളിയിക്കപ്പെട്ടു. പ്രതിക്കെതിരെ വിചാരണ കോടതി വധശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചതോടെയാണ് ശരീഅത്ത് നിയമപ്രകാരം പ്രതിയെ വധശിക്ഷക്ക് വിധേയനാക്കാൻ രാജകീയ ഉത്തരവിറങ്ങിയത്.
.
ജനങ്ങളെ അക്രമിക്കുകയോ അവരുടെ രക്തം ചിന്തുകയോ ചെയ്യുന്ന എല്ലാവരും ശിക്ഷിക്കപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജനങ്ങൾക്ക് സുരക്ഷയും നീതിയും നടപ്പിലാക്കൽ സർക്കാരിൻ്റെ ബാധ്യതയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
.