‘കരയുന്ന ഇന്ത്യന്‍ താരങ്ങളെ ആര് കെട്ടിപ്പിടിക്കുമെന്നായിരുന്നു ഞങ്ങളുടെ മകളുടെ ആശങ്ക’ – അനുഷ്‌ക
ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു. 17 വര്‍ഷത്തിന് ശേഷം ഇന്ത്യ ട്വന്റി-20 ലോകകപ്പില്‍ വീണ്ടും മുത്തമിട്ടിരിക്കുന്നു. കരിയറില്‍ ഒരുപാട് വിമര്‍ശനങ്ങളും പഴികളും കേട്ട വിരാട് കോലി ആഹ്ലാദത്തിന്റെ പരകോടിയിലെത്തിയിട്ടുണ്ടാകും. ഫൈനല്‍ ശാപം ഒഴിഞ്ഞ് ഒരു കപ്പ് കൈപ്പിടിയിലൊതുക്കിയതിന്റെ ആഹ്ലാദമാകും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ മനസ് നിറയെ.
.
കോലിക്കൊപ്പം ഈ നേട്ടത്തില്‍ അതേ അളവില്‍ ജീവിതപ്പാതിയായ അനുഷ്‌ക ശര്‍മയും സന്തോഷിക്കുന്നുണ്ട്. ബോളിവുഡ് സിനിമകളില്‍ നിറഞ്ഞുനിന്ന അനുഷ്‌ക പലപ്പോഴും കോലിയുടെ മോശം ഫോമിന്റെ പേരില്‍ പഴി കേട്ടിട്ടുണ്ട്. ഗാലറികളില്‍ കോലിയുടെ കളി കാണാന്‍ അനുഷ്‌ക വരുന്നതിനാലാണ് താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തത് എന്നുവരെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിറഞ്ഞു നിന്നിരുന്നു. ആ പരിഹാസങ്ങള്‍ക്കെല്ലാം കൂടിയുള്ള മറുപടി കൂടിയാണ് ഈ കിരീടനേട്ടം. (ചിത്രത്തിൽ വിരാട് കോലിയും അനുഷ്‌ക ശർമയും/ അനുഷ്‌കയേയും മക്കളേയും വീഡിയോ കോൾ ചെയ്യുന്ന കോലി )
.
അതിന്റെ സന്തോഷം ബോളിവുഡ് സുന്ദരി മറച്ചുവെച്ചില്ല. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് പോസ്റ്റുകള്‍ പങ്കുവെച്ചാണ് ഇന്ത്യന്‍ ടീമിനും ഭര്‍ത്താവിനും അവര്‍ അഭിനന്ദനം അറിയിച്ചത്. മകള്‍ വാമികയുമായി ബന്ധപ്പെടുത്തിയുള്ളതാണ് ആദ്യ പോസ്റ്റ്. ‘ ടിവിയില്‍ ഇന്ത്യന്‍ താരങ്ങള്‍ കരയുന്നത് കണ്ടപ്പോള്‍ അവരെയെല്ലാവരേയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാന്‍ ആരെങ്കിലുമുണ്ടാകുമോയെന്നാണ് ഞങ്ങളുടെ മകളുടെ ആശങ്ക….എന്റെ സ്‌നേഹമേ, ആളുകളുണ്ട്, 1.5 ബില്ല്യണ്‍ ആളുകള്‍. അവരെല്ലാം ഇന്ത്യന്‍ താരങ്ങളെ കെട്ടിപ്പിടിക്കുകയാണ്. എന്തൊരു ആശ്ചര്യകരമായ വിജയം, എന്തൊരു മഹത്തായ നേട്ടം!!ചാമ്പ്യന്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍!!’- അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇതിനൊപ്പം ആറു ചിത്രങ്ങളും അനുഷ്‌ക പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ടീം കിരീടം പിടിച്ച് നില്‍ക്കുന്നതും രോഹിതും കോലിയും പരസ്പരം കെട്ടിപ്പിടിക്കുന്നതും ദ്രാവിഡ് കിരീടം ആഘോഷിക്കുന്നതും ഹാര്‍ദികിനെ രോഹിത് എടുത്തുയര്‍ത്തുന്നതും കോലിയും രോഹിതും കിരീടവുമായി നില്‍ക്കുന്നതുമെല്ലാം ചിത്രങ്ങളില്‍ കാണാം.
.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് രണ്ടാം പോസ്റ്റും അനുഷ്‌ക പങ്കുവെച്ചത്. കോലി ഇന്ത്യന്‍ പതാക പുതച്ച്, കിരീടമുയര്‍ത്തി നില്‍ക്കുന്ന ചിത്രത്തോടൊപ്പം അനുഷ്‌ക കുറിച്ചത് ഇങ്ങനെയാണ്…’വിരാട് കോലി. ഈ മനുഷ്യനാണ് എന്റെ പ്രണയം. നിന്നിലാണ് എന്റെ ആശ്വാസമെന്നറിയുന്നതില്‍പരം മറ്റെന്ത് സന്തോഷം.-അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
.
കോലിയുടെ മത്സരങ്ങളെല്ലാം കാണാന്‍ ഗാലറിയിലെത്താറുള്ള അനുഷ്‌ക ഇത്തവണ ഫൈനല്‍ കാണാന്‍ ബാര്‍ബജോസിലെത്തിയിരുന്നു. മക്കളായ വാമികയ്ക്കും അകായ്ക്കുമൊപ്പം വീട്ടിലിരുന്നാണ് മത്സരം കണ്ടത്. ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ അതിന്റെ ടിവി സ്‌ക്രീന്‍ ഷോട്ട് താരം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായും പങ്കുവെച്ചിരുന്നു. വിജയശേഷം അനുഷ്‌കയേയും മക്കളേയും വീഡിയോ കോള്‍ ചെയ്യാന്‍ കോലിയും മറന്നില്ല. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
.