ക്വാറി ഉടമയുടെ കൊലപാതകം: ബ്ലേഡും ക്ലോറോഫോമും നൽകിയത് സുഹൃത്ത്; ഗുണ്ട അമ്പിളിയുടെ പുതിയ മൊഴി, വ്യാപക തിരച്ചിൽ
തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടെന്ന് സൂചന. ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്താനുള്ള സര്‍ജിക്കല്‍ ബ്ലേഡും ക്ലോറോഫോമും മറ്റ് ഉപകരണങ്ങളും നല്‍കിയത് പൂങ്കുളം സ്വദേശിയായ സുനില്‍കുമാര്‍ ആണെന്ന് അറസ്റ്റിലായ സജികുമാര്‍ (അമ്പിളി) പോലീസിന് മൊഴിനല്‍കി. സുനില്‍കുമാറിനായി പോലീസ് അന്വേഷണം ആരംഭിച്ചു. (ചിത്രത്തിൽ കൊല്ലപ്പെട്ട ദീപു, അറസ്റ്റിലായ സജികുമാർ എന്ന അമ്പിളി)
.
കൃത്യത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് കൊലപാതകം നടന്ന കളിയിക്കാവിളയിലും സമീപപ്രദേശങ്ങളിലും സുനില്‍കുമാറിനൊപ്പം കാറില്‍ വന്നിരുന്നതായാണ് സജികുമാര്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ദീപുവിനെ കൊലപ്പെടുത്താനുള്ള സര്‍ജിക്കല്‍ ബ്ലേഡ് അടക്കം നല്‍കിയത് സുനില്‍കുമാര്‍ ആണെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.
സുനില്‍കുമാറും അറസ്റ്റിലായ സജികുമാറും സുഹൃത്തുക്കളാണെന്നാണ് പോലീസ് പറയുന്നത്. സുനില്‍കുമാര്‍ നിലവില്‍ പാറശ്ശാല ഇടിച്ചയക്കാപ്ലാമൂട്ടില്‍ ഭാര്യവീട്ടിലാണ് താമസമെന്നും പോലീസ് പറയുന്നു.
അതിനിടെ, പിടിയിലായ സജികുമാറിന്റെ മൊഴികളില്‍ പലതും പരസ്പരവിരുദ്ധമാണെന്നത് പോലീസിനെ കുഴക്കുന്നുണ്ട്. ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഗുണ്ടാനേതാവും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ചൂഴാറ്റുകോട്ട അമ്പിളിയെന്ന് അറിയപ്പെടുന്ന സജികുമാറി(60)നെ കഴിഞ്ഞദിവസമാണ് തമിഴ്‌നാട് പോലീസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. താനാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.
.
.
എന്നാല്‍, കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് വ്യത്യസ്തമായ മൊഴികളാണ് തുടക്കം മുതല്‍ സജികുമാര്‍ നല്‍കുന്നത്. കൊല്ലപ്പെട്ട ദീപുവിന്റെ ആവശ്യപ്രകാരമാണ് കൊല നടത്തിയതെന്ന വിചിത്രമൊഴിയാണ് ഇയാള്‍ ആദ്യം നല്‍കിയത്. വാഹനത്തിലുണ്ടായിരുന്ന പണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, അന്വേഷണസംഘം ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.
.
പ്രാഥമികാന്വേഷണത്തില്‍ അതു തെളിയിക്കുന്നതിനായുള്ള ഒരു വിവരവും ലഭിച്ചിട്ടുമില്ല. പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കി പോലീസിന്റെ അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നതെന്നാണ് സംശയം. കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയ സംഘത്തെ രക്ഷിക്കാനാണ് ഇങ്ങനെ മൊഴിമാറ്റുന്നതെന്നും പോലീസ് കരുതുന്നു.
.
വഴിതെറ്റിക്കാന്‍ മുടന്ത് അഭിനയിച്ചു
സംഭവത്തിനു ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് മുടന്തഭിനയിച്ച് നടന്നുപോയതെന്നും തുടര്‍ന്ന് ബസ് മാര്‍ഗമാണ് വീട്ടിലെത്തിയതെന്നുമാണ് ഇയാളുടെ മൊഴി. വാഹനത്തിലുണ്ടായിരുന്ന പത്തുലക്ഷം രൂപ താന്‍ എടുത്തിട്ടില്ലെന്ന് ആദ്യം പറഞ്ഞ സജികുമാര്‍, പിന്നീട് മാറ്റിപ്പറഞ്ഞു. പണം എടുത്തതായും അഞ്ചുലക്ഷം വീട്ടിലുണ്ടെന്നും സമ്മതിച്ചു. പണം വീട്ടിലുണ്ടെന്ന് ഇയാളുടെ ഭാര്യയും ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ പരിശോധനയ്ക്ക് തമിഴ്നാട് പോലീസ് സംഘം മലയത്തെ ഇവരുടെ വീട്ടിലെത്തിയപ്പോള്‍ ആള്‍ക്കൂട്ടം കണ്ട് മടങ്ങുകയായിരുന്നു. പിന്നീട് ഈ പണം വീട്ടില്‍നിന്ന് കണ്ടെടുത്തതായാണ് വിവരം.
.
ദീപുവിന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്നും ദീപുവിന്റെ അച്ഛന്‍ ക്വാറി നടത്തിയിരുന്ന കാലം മുതലുള്ള ബന്ധം ഇപ്പോഴും തുടരുകയായിരുന്നുവെന്നും സജികുമാര്‍ പറഞ്ഞു. ആഴ്ചയില്‍ ഒരുദിവസമെങ്കിലും ദീപുവുമായി ബന്ധപ്പെടാറുള്ളതായും മണ്ണുമാന്തിയന്ത്രങ്ങളുടെ സെക്കന്റ് ഹാന്‍ഡ് പാര്‍ട്സിന്റെ വില്പനയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ബന്ധമെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞിട്ടുള്ളത്.
.
രണ്ട് കൊലപാതകം ഉള്‍പ്പെടെ അന്‍പതോളം കേസുകള്‍, എന്തും ചെയ്യുന്ന സംഘവും കൂടെ
മലയിന്‍കീഴ് (തിരുവനന്തപുരം): രണ്ടു കൊലപാതകമുള്‍പ്പെടെ അന്‍പതോളം കേസുകളിലെ പ്രതിയാണ് ക്വാറി വ്യവസായി ദീപുവിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലായ സജികുമാറെന്ന ചൂഴാറ്റുകോട്ട അമ്പിളി(55). ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും കൊലപാതകങ്ങളും നഗരത്തെ നടുക്കിയിരുന്ന സമയത്ത് ഒരു സംഘത്തിന്റെ നേതാവായിരുന്നു അമ്പിളി. എന്തും ചെയ്യുന്ന ഒരു സംഘവും ഇയാളോടൊപ്പമുണ്ടായിരുന്നു.
.
എം.ജി. കോളേജില്‍നിന്ന് ബിരുദപഠനം കഴിഞ്ഞ് എസ്.ഐ. ലിസ്റ്റിലുള്ളപ്പോഴാണ് ആദ്യം കേസില്‍ പ്രതിയാകുന്നത്. ചാലക്കമ്പോളത്തില്‍ നടന്ന അക്രമസംഭവങ്ങളിലും പിന്നീട് പ്രതിയായി. തുടര്‍ന്ന് ഏഴുവര്‍ഷത്തോളം ഇയാള്‍ മുംബൈയിലായിരുന്നു. തിരിച്ച് നാട്ടിലെത്തി ജോലിയില്ലാതെ കഴിയുമ്പോഴാണ് സ്പിരിറ്റ് കടത്തും ചാരായനിര്‍മാണവും തൊഴിലാക്കുന്നത്. മൂക്കുന്നിമല കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.
.
ചാരായത്തിന്റെ മൊത്ത, ചില്ലറ വില്‍പ്പനയ്ക്കായി ഗുണ്ടാസംഘത്തെയും വളര്‍ത്തിയെടുത്തു. ഈ സംഘത്തിലുണ്ടായിരുന്ന മൊട്ട അനി അമ്പിളിയുമായി തെറ്റി. ഇയാള്‍ ഒറ്റിയതോടെ ചാരായ വില്‍പ്പനയില്‍ വലിയ സാമ്പത്തികനഷ്ടമുണ്ടായി. ഇതിനു പ്രതികാരമായി മൊട്ട അനിയെ 2006-ല്‍ കരമന തളിയലില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തി. ഈ കേസില്‍ അമ്പിളി ഒന്നാം പ്രതിയാണ്.
.
കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന സോജുവിന്റെ സഹോദരീഭര്‍ത്താവാണ് മൊട്ട അനി. അനിയെ വകവരുത്തുന്നതിന് അമ്പിളിക്ക് ഒപ്പംനിന്നത് ജയിലില്‍ വെച്ച് പരിചയപ്പെട്ട പാറശ്ശാല ബിനുവായിരുന്നു. പാറശ്ശാല ബിനുവിനെ സോജുവിന്റെ സംഘത്തിലുള്‍പ്പെട്ട തങ്കുട്ടന്‍ ചൂഴാറ്റുകോട്ടയിലെ വെള്ളൈക്കോണത്തുെവച്ച് വെട്ടിക്കൊലപ്പെടുത്തി. ഇതിന്റെ പ്രതികാരമായി തങ്കുട്ടനെ ചൂഴാറ്റുകോട്ട ജങ്ഷനടുത്തുെവച്ച് ബിനുവിന്റെ അനുജന്‍ മുരുകന്റെ സംഘം വെട്ടിക്കൊന്നു. ഈ കൊലപാതകത്തിനു വേണ്ട സഹായം ഒരുക്കിയത് അമ്പിളിയാണ്. ഈ കേസിലും ഇയാള്‍ പ്രതിയാണ്.
.
2001-ല്‍ കവര്‍ച്ച നടത്തിയതിന് നേമം സ്റ്റേഷനില്‍ കേസുണ്ട്. സ്പിരിറ്റ് കടത്തിയതിന് തിരുവനന്തപുരത്ത് നിരവധി കേസുകളുണ്ട്. ഇതിനു പുറമേ തമിഴ്‌നാട്ടിലും അഞ്ച് കേസുണ്ട്. മൂക്കുന്നിമലയിലെ ക്വാറികള്‍ സജീവമായിരുന്നപ്പോള്‍ ചാരായ വില്‍പ്പന നിര്‍ത്തി അവിടെനിന്നു മാസപ്പിരിവ് നടത്തിയായിരുന്നു കഴിഞ്ഞിരുന്നത്.
.
അടുത്തകാലത്ത് അസുഖബാധിതനായതോടെ അക്രമങ്ങളില്‍നിന്നു മാറിനില്‍ക്കുന്ന അമ്പിളിയെയാണ് നാട്ടുകാര്‍ കണ്ടിരുന്നത്. എന്നാല്‍, അനാരോഗ്യം കാരണം ഏറെ ബുദ്ധിമുട്ടുന്ന അമ്പിളി വീണ്ടും ഒരു കൊലപാതകത്തിന് ഇറങ്ങിയെന്നത് നാട്ടുകാരെയും ഞെട്ടിച്ചു. കൊല്ലപ്പെട്ട ദീപുവുമായി അമ്പിളിക്ക് സൗഹൃദമുണ്ടായിരുന്നതായി പറയുന്നു. മൂക്കുന്നിമലയിലെ ക്രഷറിലും ദീപുവിന്റെ മലയിന്‍കീഴിലെ വീട്ടിലും ഇയാള്‍ സന്ദര്‍ശകനായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
.