ലോക് സഭാ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു; പരസ്പരം ഹസ്തദാനം ചെയ്ത് മോദിയും രാഹുൽ ഗാന്ധിയും – വീഡിയോ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള എംപിയാണ് അദ്ദേഹം.

.

സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നതിനും പാര്‍ലമെന്റ് സാക്ഷ്യംവഹിച്ചു. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും ഇവരെ അനുഗമിച്ചു.

.

മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷായിരുന്നു ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥി. ഓം ബിര്‍ളയെ തിരഞ്ഞെടുക്കാനുള്ള പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവതരിപ്പിച്ചത്. കൊടിക്കുന്നില്‍ സുരേഷിനായുള്ള പ്രമേയം പ്രതിപക്ഷവും അവതരിപ്പിച്ചു. എന്നാല്‍ ശബ്ദവോട്ടില്‍ പ്രധാനമന്ത്രിയുടെ പ്രമേയം അംഗീകരിക്കുകയും പ്രതിപക്ഷത്തിന്റെ പ്രമേയം തള്ളുകയും ചെയ്തു.

ഓം ബിര്‍ളയെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും അംഗങ്ങള്‍ എഴുന്നേറ്റ്‌നിന്ന് അനുമോദിച്ചു. സ്പീക്കറെ അദ്ദേഹത്തിന്റെ ഇരിപ്പടത്തിലേക്ക് ആനയിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പരസ്പരം ഹസ്തദാനം ചെയ്യുകയുമുണ്ടായി.

.

.

ഒാം ബിർലയുടെ പേര് നിർദ്ദേശിച്ച് 13 പ്രമേയങ്ങളുണ്ടായിരുന്നു. കൊടിക്കുന്നിൽ സുരേഷിന്റെ പേരു നിർദ്ദേശിച്ച് 3 പ്രമേയങ്ങളുമെത്തി. ഒാം ബിർലയുടെ പേര് നിർദ്ദേശിച്ചുള്ള ആദ്യ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അതിനെ പിന്താങ്ങി. ഈ പ്രമേയമാണ് ആദ്യം വോട്ടെടുപ്പിന് പരിഗണിച്ചത്. ആദ്യം നാമനിർദേശം ചെയ്യപ്പെട്ടയാളെ ലോക്സഭാ സ്പീക്കറാക്കണമെന്ന പ്രമേയമാണ് പ്രോടേം സ്പീക്കർ ആദ്യം പരിഗണിക്കുക. ആദ്യം നാമനിർദേശം നൽകിയതിനാൽ എൻഡിഎ നേതാവ് ഓം ബിർലയെ തിരഞ്ഞെടുക്കണമെന്ന പ്രമേയം ആദ്യം പരിഗണിച്ചു.

.

.

സ്പീക്കർ സ്ഥാനത്തേക്കു നാമനിർദേശം നൽകുന്നതിനുള്ള സമയപരിധി ഇന്നലെ ഉച്ചയ്ക്ക് 12ന് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതിപക്ഷ ആവശ്യം നിരാകരിച്ച് ഓം ബിർലയുടെ സ്ഥാനാർഥിത്വം ഭരണപക്ഷം പ്രഖ്യാപിച്ചത്. ഇതോടെ, സഭയിലെ ഏറ്റവും മുതിർന്ന അംഗമായിട്ടും പ്രോടെം സ്പീക്കർ പദവി നിഷേധിക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷിനെത്തന്നെ ഇന്ത്യാസഖ്യം രംഗത്തിറക്കി. സമയപരിധി അവസാനിക്കുന്നതിനു 5 മിനിറ്റ് മുൻപാണു കൊടിക്കുന്നിലിന്റെ പേരു നിർദേശിച്ചുള്ള പ്രമേയത്തിനു പ്രതിപക്ഷം നോട്ടിസ് നൽകിയത്.

.

ഓം ബിർലയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർലയെ രാഹുൽഗാന്ധി അഭിനന്ദിച്ചു. ലോക്സഭ ജനങ്ങളുടെ ശബ്ദം ഉയരുന്ന സ്ഥലമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സഭയുടെ അന്തിമ വാക്ക് സ്പീക്കറാണ്. സ്പീക്കറുടെ കടമകൾ നിർവഹിക്കുന്നതിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നു രാഹുല്‍ പറഞ്ഞു. സഭയിൽ പ്രതിപക്ഷ ശബ്ദവും മുഴങ്ങേണ്ടതുണ്ട്. അതിന് സ്പീക്കർ അനുവാദം നൽകുമെന്ന് കരുതുന്നതായി രാഹുൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ശബ്ദം സഭയിൽ അനുവദിച്ചില്ലെങ്കിൽ അത് ജനാധിപത്യമല്ല. പ്രതിപക്ഷത്തിന്റെ ശബ്ദം ഉയരാൻ അനുവദിക്കുന്നതിലൂടെ ഭരണഘടനാ ബാധ്യതയാകും സ്പീക്കർ നിറവേറ്റുകയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

.

.

അപൂര്‍വ്വമായിട്ടാണ് ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കാറുള്ളത്. പ്രതിപക്ഷവും ഭരണപക്ഷവും സമവായത്തിലെത്തിയാണ് സ്പീക്കറെ സാധാരണ തിരഞ്ഞെടുക്കാറുള്ളത്. സ്പീക്കര്‍ പദവിയിലേക്ക് ഭരണപക്ഷ അംഗത്തെ തിരഞ്ഞെടുക്കുമ്പോള്‍ പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കലാണ് കീഴ് വഴക്കം.

.

എന്നാല്‍ കഴിഞ്ഞ രണ്ടുതവണയും പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയിരുന്നില്ല. ഇത്തവണ അംഗ ബലം കൂടിയ സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന നിര്‍ബന്ധത്തിലായിരുന്നു പ്രതിപക്ഷം. സര്‍ക്കാര്‍ സമവായ നീക്കങ്ങള്‍ നടത്തിയപ്പോള്‍ ഈ ആവശ്യമാണ് കോണ്‍ഗ്രസും ഇന്ത്യ സഖ്യവും മുന്നോട്ടുവെച്ചത്. എന്നാല്‍ ബിജെപി ഡെപ്യൂട്ടി സ്പീക്കര്‍ പദവിയില്‍ ഉറപ്പ് നല്‍കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.

.

ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റിലേക്ക് വരുന്നു.

.

രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക് വരുന്നു.

.

Share
error: Content is protected !!