അതിശക്തമായ മഴ: വീടിനുമുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 2 കുട്ടികളും

കോഴിക്കോട്: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയിൽ പലയിടത്തും നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മംഗലാപുരത്ത് വീടിനുമുകളിലേക്ക് അയൽവാസിയുടെ മതിൽ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കേരളം-കർണാടക അതിർത്തി പ്രദേശമായ ഉള്ളാൾ മദനി ന​ഗർ മേഖലയിൽ ബുധനാഴ്ച പുലർച്ചെയാണ് അപകടം.

.

മം​ഗലാപുരം പോർട്ടിലെ ജീവനക്കാരനായ യാസിർ, ഭാര്യ മറിയുമ്മ, ഇവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൃതദേഹങ്ങൾ ഏറെ പണിപ്പെട്ടാണ് പുറത്തെടുക്കാനായത്. രക്ഷാപ്രവർത്തനം മണിക്കൂറുകൾ നീണ്ടു. ചൊവ്വാഴ്ച രാത്രി മുതൽ ഈ പ്രദേശത്ത് കനത്ത മഴയായിരുന്നു. കേരളത്തിലേതിന് സമാനമായി ദക്ഷിണ കന്നട മേഖലയിലും മഴ ശക്തമാണ്.

.
ഇടുക്കി ഏലപ്പാറ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് വീട് ഭാഗികമായി തകർന്നു. പുതുവൽ സ്വദ്ദേശി കെ പി ചുപ്പയ്യയുടെ വീടിന് മുകളിലാണ് മരം വീണത്. വീടിനുള്ളിലുണ്ടായിരുന്ന ചിപ്പയ്യയും ഭാര്യയും മകനും പരിക്ക് ഏൽക്കാതെ രക്ഷപെട്ടു. അമ്പലപ്പുഴയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്ന് മാതാവിനും 4 വയസുള്ള കുട്ടിക്കും പരിക്കേറ്റു. കാക്കാഴം കിഴക്ക് പുത്തൻ ചിറയിൽ ഉസ്മാന്റെ വീടാണ് തകർന്നത്.

.

മൂന്നാർ ദേവികുളം കോളനിയിൽ വീടിന് മുകളിലേക്ക് കരിങ്കൽ കെട്ട് ഇടിഞ്ഞ് വീണ് അപകടമുണ്ടായി. വിൽസൻ എന്ന ആളുടെ വീടിന് മുകളിലേക്കാണ് കരിങ്കല്ലുകൾ പതിച്ചത്. വിൽസനും ഭാര്യയും രണ്ട് കുട്ടികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എറണാകുളം പൂതൃകയിൽ മണ്ണിടിഞ്ഞ് വീട്ടിലേക്ക് വീണു. പൂതൃക സ്വദേശി ഷിബുവിന്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.

.

കോഴിക്കോടിന്‍റെ മലയോര മേഖലയിൽ ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കിഴക്കന്‍ മലയോര മേഖലകളിലെ ഇരുവഴിഞ്ഞി പുഴയിലും ചെറു പുഴയിലുമാണ്  ജലനിരപ്പ് ഉയർന്നത്. കുറ്റിയാടി  മലയോര മേഖലകളിൽ ശക്തമായ മഴയാണ് പെയ്യ്തത്. കാവിലുംപാറ മലയോരങ്ങളിലും പുലർച്ചയോടെ ശക്തമായ മഴ പെയ്തു.ഇതേതുടര്‍ന്ന് തൊട്ടിൽപ്പാലം പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. നഗരത്തിൽ തെളിഞ്ഞ കാലാവസ്ഥയാണ്.

.

Share
error: Content is protected !!