ഡപ്യൂട്ടി സ്പീക്കർ പദവി ഡിഎംകെക്ക് നൽകുമെന്ന് സൂചന; ഇന്ത്യാ സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ കേന്ദ്ര സർക്കാർ ശ്രമം

ന്യൂ‍ഡൽഹി: സ്പീക്കർ തിരഞ്ഞെടുപ്പിൽ സമവായത്തിന് കേന്ദ്ര സർക്കാർ നീക്കം. പ്രതിപക്ഷ കക്ഷികളുമായി ഭരണകക്ഷി അംഗങ്ങൾ ചർച്ച നടത്തിയേക്കും. സ്പീക്കർ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സർക്കാർ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടുന്നതായി സൂചനയുണ്ട്. ഡപ്യൂട്ടി സ്പീക്കർ പദവി ഡിഎംകെയ്ക്ക് നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

.

കോൺഗ്രസിനു പദവി നൽകാതെ ഡിഎംകെയ്ക്ക് നൽകുക വഴി പ്രതിപക്ഷ നീക്കങ്ങൾക്ക് വിള്ളലുണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കക്ഷി നിലയിൽ പ്രതിപക്ഷ നിരയിൽ 101 അംഗങ്ങളുമായി കോൺഗ്രസാണ് ഒന്നാമത്. പ്രതിപക്ഷ കക്ഷികളിൽ എസ്പിക്കും തൃണമൂൽ കോൺഗ്രസിനും പിന്നിലാണ് ഡിഎംകെയുടെ കക്ഷിനില. ഡിഎംകെയ്ക്ക് 22 അംഗങ്ങളാണ് ലോക്സഭയിലുള്ളത്.

.

പ്രോടെം സ്പീക്കർ വിളിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാതെ കൊടിക്കുന്നിൽ സുരേഷ്; പ്രതിപക്ഷ ബഹളത്തിൽ ലോക്സഭ

.

അതേ സമയം പ്രതിപക്ഷ ബഹളത്തോടെ പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിനു തുടക്കമായി. പ്രോടെം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മെഹ്‌താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ‌ ആരംഭിച്ചു. പ്രോടെം സ്പീക്കറെ സഹായിക്കുന്നവരുടെ പാനൽ വായിച്ചപ്പോഴേക്കും പ്രതിപക്ഷ അംഗങ്ങൾ ബഹളംവച്ചു. പ്രോടെം സ്പീക്കർ വിളിച്ചിട്ടും കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ളവർ സത്യപ്രതിജ്ഞ ചെയ്തില്ല. പ്രതിപക്ഷ എംപിമാരെ നോക്കി പ്രധാനമന്ത്രി കൈകൂപ്പുകയും പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞയ്ക്കിടെ ‘നീറ്റ്, നീറ്റ്’ എന്നു വിളിച്ച് പ്രതിപക്ഷം ബഹളംവച്ചു.

.

വയനാട് മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജി സ്വീകരിച്ചതായി പ്രോടെം സ്പീക്കർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ‌ ചെയ്തത്. ഭരണഘടനയുടെ ചെറുപതിപ്പുമായാണ് പ്രതിപക്ഷ എംപിമാര്‍ ലോക്സഭയിലെത്തിയത്. പ്രധാനമന്ത്രിക്കുശേഷം മറ്റു കേന്ദ്ര മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ പൂര്‍ത്തിയായ ശേഷമായിരിക്കും സംസ്ഥാനങ്ങൾ അനുസരിച്ച് എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നാലിനായിരിക്കും ആരംഭിക്കുക. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ ഇന്നും നാളെയുമായി എംപിമാരുടെ സത്യപ്രതിജ്ഞയായിരിക്കും നടക്കുക.

.

Share
error: Content is protected !!