YSR കോൺഗ്രസിൻ്റെ ആസ്ഥാനം ഇടിച്ചുനിരത്തി; നായിഡുവിൻ്റെ അടുത്ത ലക്ഷ്യം ജഗൻ്റെ 560 കോടിയുടെ ‘കൊട്ടാരം’ – വീഡിയോ
ആന്ധ്രപ്രദേശിൽ പ്രതിപക്ഷകക്ഷിയായ വൈ എസ്ആർ കോൺഗ്രസ് പാർട്ടിയുടെ, നിർമാണത്തിലിരുന്ന ആസ്ഥാനമന്ദിരം സർക്കാർ ഇടിച്ചുനിരത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ജഗൻ വിശാഖപട്ടണത്ത് കുന്നിടിച്ച് നിർമിക്കുന്ന 560 കോടിയുടെ ആഡംബര മന്ദിരത്തിനെതിരെയും ടിഡിപി രംഗത്ത്. ഇതേപ്പറ്റി അന്വേഷണം നടത്തുമെന്ന് ടിഡിപി നേതാവും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നാരാ ലോകേഷ് വ്യക്തമാക്കി.
.
എന്നാൽ, രുഷികൊണ്ട പാലസ് എന്നറിയപ്പെടുന്ന ഈ കെട്ടിടങ്ങൾ ജഗന്റെ സ്വകാര്യസ്വത്തല്ലെന്നും സർക്കാരിന്റേണെന്നും വൈഎസ്ആർ കോൺഗ്രസ് വിശദീകരിച്ചു. 61 ഏക്കറുള്ള രുഷികൊണ്ട കുന്നിലെ 9.8 ഏക്കറിലാണ് 1.41 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ റിസോർട്ട് മാതൃകയിൽ ആഡംബര മന്ദിരം പണിയുന്നത്. നിർമാണം ഏറക്കുറെ പൂർത്തിയായ കെട്ടിടത്തിൽ 12 കിടപ്പുമുറികളുണ്ട്. നീന്തൽക്കുളം, പടുകൂറ്റൻ സ്ക്രീനുള്ള ഹോം തിയേറ്റർ തുടങ്ങിയവയാണ് മറ്റ് ആകർഷണം. ഭൂമി നിരപ്പാക്കി മോടിപിടിപ്പിക്കാൻ മാത്രം 50 കോടി രൂപയും മന്ദിരത്തിനുള്ളിലെ അലങ്കാരങ്ങൾക്ക് 33 കോടി രൂപയും ചെലവഴിച്ചെന്നാണു കണക്ക്.
.
Shocking 🚨 Visakhapatnam 📍
Jagan Mohan Reddy constructed Rushikonda Palace by cutting a hill by half 😳
Every single rule was violated 🤫
to make way for this sea-facing,
hill-top ultra luxurious bungalow.— Shashank Shekhar Jha (@shashank_ssj) June 20, 2024
.
വിദേശ പ്രതിനിധികൾക്കു താമസിക്കാൻ മികച്ച സൗകര്യമില്ലാത്തതിനാൽ ടൂറിസം വകുപ്പിനു വേണ്ടിയാണ് പാലസ് നിർമിച്ചതെന്നാണ് വൈഎസ്ആർ കോൺഗ്രസിന്റെ വിശദീകരണം. എന്നാൽ, വീണ്ടും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിക്കു താമസിക്കാൻ വേണ്ടിയാണ് ഇതൊരുക്കിയതെന്നാണ് സൂചന.
.
നേരത്തെ, നിർമാണത്തിലിരുന്ന ആസ്ഥാന മന്ദിരം പൊളിച്ച നടപടി തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവായ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ പ്രതികാര രാഷ്ട്രീയമാണെന്ന് വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചിരുന്നു. എസ്കവേറ്ററും ബുൾഡോസറും ഉപയോഗിച്ച് ഇന്നലെ പുലർച്ചെ 5.30ന് ആണു കെട്ടിടം പൊളിച്ചുനീക്കാൻ ആരംഭിച്ചത്. ഇതിനെതിരെ വെള്ളിയാഴ്ചതന്നെ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവു നേടുകയും ചെയ്തിരുന്നതായി ജഗൻമോഹൻ പറഞ്ഞു. എന്നാൽ ഗുണ്ടൂർ ജില്ലയിലെ തേഡപള്ളിയിൽ ജലസേചനവകുപ്പിന്റെ രണ്ടേക്കർ ഭൂമിയിൽ വൈഎസ്ആർ കോൺഗ്രസ് അനധികൃതമായി നിർമിച്ച കെട്ടിടമാണ് പൊളിച്ചതെന്ന് ടിഡിപി വിശദീകരിച്ചു.