ചെറിയ അസ്വാരസ്യംമതി NDA സര്‍ക്കാർ തകരാൻ, സഖ്യകക്ഷികളിലൊന്ന് ഞങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞു- രാഹുൽ

ന്യൂഡല്‍ഹി: നേരിയ അസ്വാരസ്യംപോലും കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ. സര്‍ക്കാരിനെ തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മറുകണ്ടംചാടാന്‍ തയ്യാറായിരിക്കുന്നവര്‍ എന്‍.ഡി.എയിലുണ്ടെന്നും മോദി ക്യാമ്പില്‍ വലിയ അതൃപ്തി നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.എയിലെ ഒരു സഖ്യകക്ഷി തങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, ഈ കക്ഷിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

.

‘ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപ്രധാനമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. മോദി എന്ന ആശയവും മോദിയുടെ പ്രതിച്ഛായയും നശിച്ചുകഴിഞ്ഞു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം എന്‍.ഡി.എയ്‌ക്കെതിരെ കരുത്തുറ്റ പോരാട്ടമാണ് നടത്തിയത്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ ബി.ജെ.പി. 240 സീറ്റിലേക്ക് കൂപ്പുകുത്തി. ഇപ്പോള്‍ ഭരണത്തിലുള്ള എന്‍.ഡി.എ. സഖ്യം വളരെ കഷ്ടപ്പെടും. കാരണം, 2014-ലും 2019-ലും നരേന്ദ്രമോദിയെ സഹായിച്ച ഘടകം ഇപ്പോള്‍ ഇല്ല’, രാഹുല്‍ പറഞ്ഞു.

.

‘കഴിഞ്ഞ പത്ത് വര്‍ഷം അയോധ്യയേക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്ന പാര്‍ട്ടി അയോധ്യയില്‍നിന്ന് തൂത്തെറിയപ്പെട്ടു. മതവിദ്വേഷമുണ്ടാക്കുക എന്ന ബി.ജെ.പിയുടെ മൗലികമായ ആശയം തകരുകയാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്. നീതിന്യായ സംവിധാനം, മാധ്യമങ്ങള്‍ തുടങ്ങി സകല സംവിധാനങ്ങളും പ്രതിപക്ഷത്തിനുമുന്നില്‍ വാതിലടച്ചു. അതിനാല്‍ ഞങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങി. ഭാരത് ജോഡോ യാത്രകളില്‍നിന്ന് ലഭിച്ച ഒട്ടേറെ ആശയങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. അതെല്ലാം ഞങ്ങളുടെ ആശയങ്ങളായിരുന്നില്ല, ജനങ്ങളില്‍ നിന്ന് ലഭിച്ചതാണ്’, രാഹുല്‍ ഗാന്ധി പറഞ്ഞു.

കൈകള്‍ പിന്നില്‍ കെട്ടിയിടപ്പെട്ട അവസ്ഥയിലാണ് തങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ചെയ്യേണ്ടത് എന്താണെന്ന് ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

.

Share
error: Content is protected !!