‘ലൈവ് വിഡിയോ കണ്ടപ്പോഴാണു ഭാര്യയും മക്കളും കെട്ടിടത്തിൽ നിന്നു ചാടാൻ പറഞ്ഞത്, അതു ദൈവനിയോഗം തന്നെയാണ്’ – കുവൈത്ത് തീ പിടുത്തത്തിൽ രക്ഷപ്പെട്ട മലയാളി പറയുന്നു

കറുകച്ചാൽ: ‘‘ദൈവത്തിന്റെ കരങ്ങളാണു രക്ഷിച്ചത്. ലൈവ് വിഡിയോ കണ്ടപ്പോഴാണു മക്കൾ രണ്ടു പേരും ഭാര്യ ബീനയും കെട്ടിടത്തിൽ നിന്നു ചാടാൻ പറഞ്ഞത്. അതു ദൈവനിയോഗം തന്നെയാണ്’’–കുവൈത്തിലെ തൊഴിലാളി ക്യാംപിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാലാം നിലയിൽ നിന്നു ചാടി രക്ഷപ്പെട്ട കറുകച്ചാൽ ശാന്തിപുരം ചക്കുങ്കൽ തോമസ് ജോസഫ് (ബിനു– 51) പറ‍യുന്നു. ആശുപത്രിയിൽ കഴിയുന്ന തോമസ് ജോസഫിന്റെ പ്രവാസിയായ സഹോദരൻ ബെന്നി ജോസഫ് പരിചരണം നൽകി ഒപ്പമുണ്ട്.

.

കുവൈത്ത് സമയം പുലർച്ചെ 4നാണ് (ഇന്ത്യൻ സമയം 6.30) തോമസ് ജോസഫ് വീട്ടിലേക്കു വിളിക്കുന്നത്. മകൻ ഷോഗന്റെ പരീക്ഷയുടെ ദിവസം പുലർച്ചെയാണു വിളി വന്നത്. മകന്റെ പരീക്ഷ സംബന്ധിച്ചു വിളിച്ചതാണ് എന്നാണു വീട്ടുകാർ കരുതിയത്. എന്നാൽ വിഡിയോ കോളിൽ കെട്ടിടത്തിലെ സ്ഥിതിഗതികൾ വിവരിച്ചു മരണത്തിനു കീഴടങ്ങുകയാണെന്നു തോമസ് ജോസഫ് പറഞ്ഞതോടെ മക്കളായ രൂബേഷും ഷോഗനും ഭാര്യ ബീനയും കെട്ടിടത്തിൽ നിന്നു ചാടാൻ നിർബന്ധിക്കുകയായിരുന്നു.

.
കെട്ടിടത്തിന്റെ പിന്നിലെ തറയിൽ കൈ കുത്തി മുഖം അടിച്ചാണു തോമസ് വീണത്. കൈകൾ രണ്ടും ഒടിഞ്ഞു. മുഖത്തിനു ചെറിയ പരുക്കുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച തോമസിനെ കഴിഞ്ഞ ദിവസം തന്നെ വാർഡിലേക്കു മാറ്റിയിരുന്നു. തോമസ് ജോസഫിന്റെ കുടുംബം ഏറെക്കാലം കുവൈത്തിലായിരുന്നു. തോമസ് ജോസഫ് കമ്പനിയിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം മേധാവിയാണ്. കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ ഉറ്റവരെ വേർപെട്ടതിന്റെ ദുഃഖം താങ്ങാനാകാതെ നാട്.
.

ശ്രീഹരിയുടെ സംസ്കാരം 2ന് വീട്ടുവളപ്പിൽ; ഷിബുവിന്റെ സംസ്കാരം  2.30ന് സെന്റ് ജോർജ്  മലങ്കര കത്തോലിക്കാ പള്ളിയിൽ.


ചങ്ങനാശേരി: കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച ഇത്തിത്താനം സ്വദേശി പി.ശ്രീഹരിക്കും പായിപ്പാട് സ്വദേശി ഷിബു വർഗീസിനും ഇന്നു നാട് വിട ചൊല്ലും. തുരുത്തി യൂദാപുരം സെന്റ് ജൂഡ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ശ്രീഹരിയുടെ മൃതദേഹം ഇന്നു രാവിലെ 9നു ഇളങ്കാവ് കിഴക്കേടത്ത് വസതിയിൽ എത്തിക്കും. തുടർന്നു പൊതുദർശനം. 2നു വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.

.

കുവൈത്തിലുണ്ടായ ശ്രീഹരിയുടെ അച്ഛൻ പ്രദീപ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. പുഷ്പഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഷിബു വർഗീസിന്റെ മൃതദേഹം ഇന്നു രാവിലെ 10നു പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ വീട്ടിലെത്തിക്കും.

.

11ന് ഇടവകപ്പള്ളിയായ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാനായി പൊതുദർശനത്തിനു വയ്ക്കും. 2.30നു ശുശ്രൂഷകളോടെ മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കും. കുവൈത്തിലുള്ള മൂത്ത സഹോദരൻ ഷിജു വർഗീസും കുടുംബവും ഇന്നു പുലർച്ചെ 4നു വിമാനമാർഗം എത്തും.

.

Share
error: Content is protected !!