ജിദ്ദയിൽ താമസകെട്ടിടം തകർന്നുവീണ സംഭവം: കെട്ടിട ഉടമ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ അറസ്റ്റിൽ – വീഡിയോ

സൗദി അറേബ്യയിൽ ജിദ്ദയിലെ ഫൈസലിയ്യയില്‍ അഞ്ച് നില  റെസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്ന് വീണ സംഭവത്തിൽ സാംസ്‌കാരിക മന്ത്രാലയം ഷെയർഡ് സർവീസസ് സഹമന്ത്രി ഉൾപ്പെടെ നിരവധി പേരെ നസഹ (ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി) അറസ്റ്റ് ചെയ്തു. ബിൽഡിംഗ് നിർമിക്കാൻ പെർമിറ്റ് അനുവദിച്ചതിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

.

.
സംഭവത്തിൽ ഏഴ് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും അതോറിറ്റി വ്യക്തമാക്കി. ഇക്കഴിഞ്ഞ മെയ് 30നാണ് ഫൈസലിയ്യയിൽ താമസ കെട്ടിടം തകർന്ന് വീണത്. കെട്ടിട നിർമാണ പെർമിറ്റ് നൽകിയതിൽ അഴിമതി നടന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മക്ക മേഖലയിലെ അമീർ രൂപീകരിച്ച സമിതിയുമായി നസഹയും സഹകരിച്ചതോടെയാണ് അഴിമതി പുറത്തായത്.

 

ചിത്രം: 1-കെട്ടിടം പുനർ നിർമ്മാണത്തിന് ശേഷം,  2-കെട്ടിടം പുനർ നിർമ്മാണത്തിന് മുമ്പ്

 

സാംസ്‌കാരിക മന്ത്രാലയത്തിലെ ഷെയർഡ് സർവീസസ് സഹമന്ത്രിയായ ഫിറാസ് ഹാനി അൽ തുർക്കിയാണ് കെട്ടിട ഉടമ. സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനാൽ സഹമന്ത്രിയായ കെട്ടിട ഉടമയോട് നിർമ്മാണം നിർത്തിവെക്കാൻ മുനിസിപാലിറ്റി നിർദേശിച്ചിരുന്നെങ്കിലും  അത് പാലിക്കാൻ അദ്ദേഹം തയ്യാറായില്ല. ഫിറാസിൻ്റെ നിയമ പ്രതിനിധിയായ ഫഹദ് ഹുസൈൻ അലി സൻബയും മന്ത്രാലയത്തിൽ ജോലി ചെയ്യുന്നയാളാണ്.

.

.

കെട്ടിടത്തില്‍ പുതിയതായി രണ്ടു നിലകളും ഏറ്റവും മുകളില്‍ ടെറസ്സില്‍ ചെറിയ ഒരു അപാര്‍ട്ട്‌മെന്റും കൂടി നിർമ്മിക്കാൻ കരാറുകാരനായ യെമനി പൗരന്‍ മുഹമ്മദ് സാലിം അഹ്മദ് അല്‍ഹുസൈസിയുമായി ബന്ധപ്പെട്ടു. സൗദി പൗരന്‍ മാജിദ് മുഹമ്മദ് ജമീല്‍ ബശ്‌നാഖിന്റെ ഉടമസ്ഥതയിലുള്ള എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി വഴിയാണ് ഇത് നടന്നത്. കെട്ടിട ഉടമയുടെ നിയമാനുസൃത പ്രതിനിധിയും മന്ത്രാലയത്തിലെ ജീവനക്കാനരുമായ സൗദി പൗരന്‍ ഫഹദ് ഹുസൈന്‍ അലി സന്‍ബഅ് വഴിയാണ് എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി വഴി കരാറുകാരനായ യമൻ പൌരനുമായി ബന്ധം സ്ഥാപിക്കുന്നത്.
.

ചിത്രം: 1-നിർമ്മാണത്തിലിരുന്ന കെട്ടിടം.  2-കെട്ടിടം തകർന്ന ശേഷം

.

എന്‍ജിനീയറിംഗ് ഓഫീസിലെ ജീവനക്കാരില്‍ ഒരാള്‍ കെട്ടിടം പൊളിക്കാനും ശേഷം പുതിയ കെട്ടിടം നിര്‍മിക്കാനും വ്യാജ രേഖകൾ ഉൾപ്പെടുത്തി നഗരസഭക്ക് അപേക്ഷ നല്‍കി. കെട്ടിടം പൊളിക്കാതെ, പൊളിച്ചതായി തോന്നിപ്പിക്കുന്ന വ്യാജ ഫോട്ടോകൾ സഹിതമാണ് അപേക്ഷ സമർപ്പിച്ചത്. ഇതിന് കെട്ടിട ഉടമയായ സാംസ്കാരിക മന്ത്രാലയം ഷെയർഡ് സർവീസസ് സഹമന്ത്രി  എന്‍ജിനീയറിംഗ് ഓഫീസ് ജീവനക്കാരന് 50,000 റിയാല്‍ കൈക്കൂലി നല്‍കിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. തൻ്റെ നിയമാനുസൃത പ്രതിനിധി വഴിയാണ് എന്‍ജിനീയറിംഗ് ഓഫീസ് ജീവനക്കാരന് കെട്ടിട ഉടമ കൈക്കൂലി നൽകിയത്.

എന്നാൽ കെട്ടിടം പൊളിച്ച് നീക്കി പുതിയത് നിർമിക്കന്നതിന് പകരം കരാറുകാരൻ നിലവിലെ കെട്ടിടത്തിന് മുകളിൽ രണ്ട് നില കൂടുതലായി നിർമ്മിക്കകയായിരുന്നു. കാലപ്പഴക്കം ഏറെയുള്ള കെട്ടിടത്തിൻ്റെ ഫില്ലറുകൾക്ക് ഭാരം താങ്ങാനാകാതെ കെട്ടിടം പൂർണമായും തകരുകയായിരുന്നു.

.

.

.

കെട്ടിട നിര്‍മാണത്തിന് നിയമവിരുദ്ധമായി പെർമിറ്റ് നേടാൻ 50,000 റിയാല്‍ കൈക്കൂലി നല്‍കിയതായി കെട്ടിട ഉടമ കൂടിയായ സാംസ്‌കാരിക മന്ത്രാലയ സഹമന്ത്രി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കെട്ടിട ഉടമക്കു പുറമെ ഇദ്ദേഹത്തിന്റെ നിയമാനുസൃത പ്രതിനിധിയും, എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി ഓഫീസ് ഉടമയും, കരാറുകാരനായ യെമനിയും ഉൾപ്പെടെ നാല് പേരെയാണ് അതോറിറ്റി അറസ്റ്റ് ചെയ്തത്. കുറ്റക്കാർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

.

Share
error: Content is protected !!