കൊല്ലാൻ പറഞ്ഞത് നടി പവിത്ര ഗൗഡ; രാത്രി മുഴുവൻ ദര്‍ശന്റെ വാട്‌സാപ്പിൽ സന്ദേശങ്ങളെത്തി, അരുംകൊല നടത്തിയത് ഇങ്ങനെ

ബെംഗളൂരു: കന്നഡ സിനിമതാരം ദര്‍ശന്‍ തൂഗുദീപ ഉള്‍പ്പെട്ട കൊലക്കേസുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പുറത്ത്. ദര്‍ശന്റെ ആരാധകനായ രേണുകാസ്വാമി(33)യെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണെന്ന് പോലീസ് പറഞ്ഞു. രേണുകാസ്വാമി അശ്ലീലകമന്റുകള്‍ ആവര്‍ത്തിച്ചതോടെ ഇയാളോട് പ്രതികാരം ചെയ്യണമെന്ന് ദര്‍ശനോട് ആവശ്യപ്പെട്ടത് പവിത്ര ഗൗഡയായിരുന്നു. ഇതിനായി ദര്‍ശനെ നിര്‍ബന്ധിക്കുകയുംചെയ്തു. തുടര്‍ന്നാണ് ദര്‍ശന്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കി കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

.

ചിത്രദുര്‍ഗ സ്വദേശിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ പവിത്ര ഗൗഡയെയാണ് പോലീസ് ഒന്നാംപ്രതിയാക്കിയിരിക്കുന്നത്. നടിയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം ആസൂത്രണംചെയ്തതെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പവിത്രയെ ഒന്നാംപ്രതിയാക്കിയത്. നടന്‍ ദര്‍ശനാണ് കേസിലെ രണ്ടാംപ്രതി. ഇവര്‍ക്ക് പുറമേ 11 പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. കേസില്‍ ഇനി ഒരുസ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. ഇവര്‍ ഒളിവിലാണ്.

.

വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്, അശ്ലീലസന്ദേശം…

ചിത്രദുര്‍ഗയിലെ ഫാര്‍മസി ജീവനക്കാരനായ രേണുകാസ്വാമി നടന്‍ ദര്‍ശന്റെ കടുത്ത ആരാധകനായിരുന്നു. എന്നാല്‍, നടന്‍ ദര്‍ശനും പവിത്രയും തമ്മിലുള്ള ബന്ധത്തെ ഇയാള്‍ അനുകൂലിച്ചിരുന്നില്ല. ഭാര്യയും കുടുംബവുമുള്ള ദര്‍ശന്‍ നടി പവിത്രയുമായി ബന്ധംപുലര്‍ത്തിയത് നടന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നായിരുന്നു രേണുകാസ്വാമിയുടെ നിലപാട്. ഇതിന്റെ പേരില്‍ നടി പവിത്രയോട് ദേഷ്യവുമായി. തുടര്‍ന്ന് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മിച്ച് നടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും നടിക്കെതിരേ അശ്ലീലകമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്നുമാണ് ആരോപണം.

.

.

അശ്ലീലസന്ദേശങ്ങളും കമന്റുകളും ആവര്‍ത്തിച്ചതോടെ ഇയാളോട് പകരംചോദിക്കാന്‍ പവിത്ര ഗൗഡ തീരുമാനിച്ചു. അശ്ലീലകമന്റിട്ടയാളെ കണ്ടുപിടിക്കാനും ഇയാളോട് പ്രതികാരംചെയ്യാനും പവിത്ര ഗൗഡ ദര്‍ശനെ നിര്‍ബന്ധിച്ചു. തുടര്‍ന്ന് ദര്‍ശന്‍ ചിത്രദുര്‍ഗയിലെ തന്റെ ഫാന്‍ക്ലബ് കണ്‍വീനറായ രാഘവേന്ദ്രയെ ബന്ധപ്പെട്ടു. രേണുകാസ്വാമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് രാഘവേന്ദ്രയാണ് രേണുകാസ്വാമിയെ ചിത്രദുര്‍ഗയില്‍നിന്ന് കടത്തിക്കൊണ്ടുപോയത്.

.

ബെംഗളൂരു കാമാക്ഷിപാളയയിലെ ഒരു ഷെഡ്ഡിലേക്കാണ് രേണുകാസ്വാമിയെ എത്തിച്ചത്. ഇവിടെവെച്ച് രേണുകാസ്വാമിയെ ക്വട്ടേഷന്‍സംഘം ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് നടന്‍ ദര്‍ശനും ഇവിടേക്കെത്തി. അവശനായ രേണുകാസ്വാമിയെ ദര്‍ശനും ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദിച്ചു. പിന്നാലെ നടന്‍ ഇവിടെനിന്ന് മടങ്ങുകയും മറ്റുപ്രതികള്‍ മര്‍ദനം തുടരുകയുംചെയ്തു.

.

യുവാവിനെ തട്ടിക്കൊണ്ടുവന്നത് മുതല്‍ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുന്നത് വരെയുള്ള ഓരോവിവരങ്ങളും കൊലയാളിസംഘം നടന്‍ ദര്‍ശനെ അറിയിച്ചിരുന്നു. വാട്‌സാപ്പ് വഴി ഓരോവിവരങ്ങളും കൈമാറി. സംഭവദിവസം രാത്രിമുഴുവന്‍ കൊലയാളിസംഘത്തില്‍പ്പെട്ടവര്‍ ദര്‍ശനുമായി ഫോണില്‍ സംസാരിച്ചതിനും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

.

.

ശനിയാഴ്ച രാത്രിയോടെ രേണുകാസ്വാമിയുടെ മരണം ഉറപ്പാക്കിയശേഷം ഈ വിവരവും ദര്‍ശനെ അറിയിച്ചു. 30 ലക്ഷം രൂപയാണ് കൊലയാളിസംഘം നടനോട് ആവശ്യപ്പെട്ടത്. കേസിലെ മറ്റൊരു പ്രതിയായ പ്രദോഷ് വഴിയാണ് പണം കൈമാറിയത്. ഇയാള്‍ ആദ്യഘട്ടമായി അഞ്ചുലക്ഷം രൂപ കൊലയാളിസംഘത്തിന് കൈമാറി. ബാക്കിതുക കേസിന്റെ വിചാരണയ്ക്ക് ശേഷം കൈമാറാമെന്നും ഉറപ്പുനല്‍കി. നിയമസഹായം നല്‍കാമെന്നും ഇവര്‍ക്ക് ഉറപ്പുകിട്ടി. പണം കിട്ടിയശേഷമാണ് യുവാവിന്റെ മൃതദേഹം ഉപേക്ഷിക്കാനും പോലീസിന് മുന്നില്‍ കീഴടങ്ങാനും കൊലയാളിസംഘം സമ്മതിച്ചത്. കേസില്‍ ദര്‍ശന്റെ പേര്‌ വലിച്ചിഴക്കരുതെന്നും ഇവരോട് നിര്‍ദേശിച്ചിരുന്നു.

.

അഴുക്കുചാലില്‍ മൃതദേഹം, ആദ്യം കണ്ടത് ഡെലിവറി ബോയ്…

ബെംഗളൂരു കാമാക്ഷിപാളയയിലെ അഴുക്കുചാലിലാണ് രേണുകാസ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. അഴുക്കുചാലില്‍ കിടന്ന മൃതദേഹം നായ്ക്കള്‍ ഭക്ഷിക്കുന്ന കാഴ്ച കണ്ട ഒരു ഫുഡ് ഡെലിവറി ബോയ് ആണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും മരിച്ചത് രേണുകാസ്വാമിയാണെന്ന് തിരിച്ചറിയുകയുംചെയ്തു. ഇതിനുപിന്നാലെ രേണുകാസ്വാമിയെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് പറഞ്ഞ് രണ്ടുപേര്‍ കാമാക്ഷിപാളയ പോലീസില്‍ കീഴടങ്ങി. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ഇവരുടെ മൊഴി.

.

എന്നാല്‍, ഇവരുടെ മൊഴികളില്‍ അടിമുടി സംശയമുണര്‍ന്നതോടെ പോലീസ് വിശദമായ അന്വേഷണം നടത്തുകയും ദര്‍ശന്‍ അടക്കമുള്ളവരുടെ പങ്ക് പുറത്തറിയുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച മൈസൂരുവിലെ ഫാംഹൗസില്‍നിന്ന് ദര്‍ശനെയും പവിത്ര ഗൗഡയെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ 13 പ്രതികളെയും ആറുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടിട്ടുണ്ട്. ബുധനാഴ്ച ദര്‍ശനെയും പവിത്രയെയും കൊലപാതകം നടന്ന ഷെഡ്ഡിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മറ്റുപ്രതികളെയും തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു.

.

Share
error: Content is protected !!