കുവൈത്ത് ദുരന്തം: 24 മലയാളികൾ മരിച്ചെന്ന് നോർക്ക; മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിക്കാൻ ശ്രമം, സൈനിക വിമാനം സജ്ജമായി
തെക്കൻ കുവൈത്തിലെ മംഗഫിലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക സിഇഒ അജിത് കോളശേരി. കുവൈത്തിലെ നോർക്ക ഡെസ്കിൽനിന്നാണ് ഈ വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ 15 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
.
ചെങ്ങന്നൂർ പാണ്ടനാട് വൻമഴി മണക്കണ്ടത്തിൽ മാത്യു തോമസ് (53), മലപ്പുറം തിരൂർ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പന്റെ പുരയ്ക്കൽ നൂഹ് (40), മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി.ബാഹുലേയൻ (36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്.
.
പത്തനംതിട്ട -4, കൊല്ലം – 3, കാസർകോട്, മലപ്പുറം, കോട്ടയം –2 വീതം, കണ്ണൂർ -1,ആലപ്പുഴ–1 എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്ക്. കാസർകോട് തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി കേളു പൊന്മലേരി, ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബു(29), പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ്.നായർ, കൊല്ലം സ്വദേശി ഷമീർ ഉമറുദ്ദീൻ, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54) , കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു–48), പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ്(56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
.
മൃതദേഹങ്ങള്‍ ഒന്നിച്ചു നാട്ടിലെത്തിക്കാനാണു ശ്രമിക്കുന്നതെന്ന് നോര്‍ക്ക സെക്രട്ടറി കെ.വാസുകി. ഇതിനായി പ്രത്യേക വിമാനം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മൃതദേഹങ്ങള്‍ ഒന്നിച്ച് എത്തിക്കുമെന്നും അവര്‍ അറിയിച്ചു. പരുക്കേറ്റവര്‍ക്ക് അവിടെ തന്നെ ചികിത്സ നല്‍കും. 15ന് ബലി പെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ ഇന്ന് വൈകിട്ടോടെ ചാർട്ടേർഡ് വിമാനത്തിൽ മൃതദഹങ്ങൾ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം നടത്തുന്നതെന്നും അധികൃതർ പറഞ്ഞു.
.
മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ശ്രീഹരി കഴിഞ്ഞ ജൂൺ അഞ്ചിനാണ് ജോലിക്കായി കുവൈത്തിലെത്തിയത്. മുന്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന മരക്കാടത്ത് പറമ്പില്‍ വേലായുധന്‍റെ മകനാണ് ബാഹുലേയന്‍. 5 വർഷത്തോളമായി ഇദ്ദേഹം കുവൈത്തിലാണ്.
.
الله المستعان
ولا حول الا باللهلكن هذا الحادث والعدد الكبير للوفيات يفتح تساؤلات عن منظومة الامن والسلامه في العمارات السكنية
وأهمية الأمن و السلامة في الحد من الاصابات
وهذي مسؤوليه كل من ادارة الاطفاء وبلديه الكويت ممثله في ادارة تراخيص البناء #المنقف #فاجعة_المنقف pic.twitter.com/FKZLp9ZwXg
— Manaf Abdullah (@Kuwait_Tweets) June 12, 2024
.
ഇന്നലെ(ബുധൻ) പുലർച്ച നാലരയോടെയുണ്ടായ ദുരന്തത്തിൽ ആകെ 49 പേരാണ് മരിച്ചത്. ചികിത്സയിയിലുള്ളവരിൽ ഏഴുപേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് കെട്ടിട, കമ്പനി ഉടമകൾ, ഇൗജിപ്ഷ്യൻ സ്വദേശിയായ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ, മറ്റു ഉദ്യോഗസ്ഥർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കുവൈത്ത് സർക്കാർ പരമാവധി സഹകരണം നൽകുന്നുണ്ട്. ഒന്‍പത് ഇന്ത്യക്കാർ അത്യാസന്ന നിലയിൽ ആശുപത്രിയിലുണ്ട്. രണ്ട് ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നതായും നോർക്ക സിഇഒ അജിത് പറഞ്ഞു.
.
തീപ്പിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍.എച്ച്.എം.) ജീവന്‍ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ എത്തുന്നത്.
മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. കുവൈത്ത് അഗ്നിബാധ മരണങ്ങളില്‍ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി.
നേരത്തെ, മരിച്ച ഇന്ത്യന്‍ പൗരന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രണ്ടുലക്ഷം രൂപ സഹായധനം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
.
‘‘നോർക്കയ്ക്കു രണ്ട് ഹെൽപ്പ് ഡെസ്കുകളാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ നോർക്കയുടെ ഗ്ലോബൽ കോൺടാക്റ്റ് സെന്ററിലെ ഹെൽപ്പ് ഡെസ്ക് 24 മണിക്കൂറും പ്രവർത്തിക്കുന്നു. നോർക്കയുടെ ടോൾ ഫ്രീ നമ്പരാണിത്. കുവൈത്തിൽ വിവിധ അസോസിയേഷനുകളുടെ സഹായത്തോടെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. ഈ രണ്ടു ഡെസ്കുകളും വിവരം പരസ്പരം കൈമാറുന്നു. എട്ടോളം പേർ കുവൈത്തിലെ ഹെൽപ്പ് ഡെസ്കിലുണ്ട്. ഇവർ മോർച്ചറിയിലും, ആശുപത്രിയിലും മറ്റു സ്ഥലങ്ങളിലും പ്രവർത്തിക്കുന്നു. ഒന്‍പതോളംപേർ അത്യാസന്ന നിലയിൽ ആശുപത്രിയിലുണ്ട്. ചിലർ ആശുപത്രിയിൽ ചികിൽസയിലാണ്. ചിലർ ആശുപത്രിവിട്ടു. മരിച്ചവരുടെ മൃതശരീരം കമ്പനിയാണ് തിരിച്ചറിയേണ്ടത്’’– നോർക്ക സിഇഒ പറഞ്ഞു.
‘‘കമ്പനി തിരച്ചറിഞ്ഞാലേ ഔദ്യോഗികമായി മരണം സ്ഥിരീകരിക്കൂ. ഇതിന്റെ പ്രവർത്തനങ്ങൾ ഇന്ന് കുവൈത്തിൽ ആരംഭിക്കും. നടപടികൾ പൂർത്തിയാകാൻ കുറഞ്ഞത് രണ്ടു ദിവസമെടുക്കും. ഇടയ്ക്ക് അവധി വരുന്നുണ്ട്. കുവൈത്ത് സർക്കാർ പരമാവധി സഹകരിക്കുന്നുണ്ട്. കേന്ദ്രസർക്കാരുമായി സഹകരിച്ച് നോർക്ക പ്രവർത്തിക്കുന്നു. എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നു. പരുക്കേറ്റവരെ നാട്ടിലെത്തിക്കുന്ന കാര്യം സർക്കാർ ചർച്ച ചെയ്തു തീരുമാനിക്കും’’–നോർക്ക സിഇഒ പറഞ്ഞു.
.
തൊഴിലാളികളെ പാർപ്പിച്ചിരുന്ന ആറുനിലക്കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 49 പേരാണു മരിച്ചത്. മരിച്ചവരിൽ നിരവധി മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. ചികിത്സയിലുള്ള 35 പേരിൽ 9 പേരുടെ നില ഗുരുതരമാണ്. തെക്കൻ കുവൈത്തിൽ അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ വിദേശ തൊഴിലാളികൾ പാർക്കുന്ന മേഖലയിലാണ് തീപിടിത്തമുണ്ടായ കെട്ടിടം.
.