ജ്വല്ലറി കൊള്ളയടിക്കാൻ എത്തിയത് തോക്ക് ധാരികളായ 7 കള്ളന്മാർ, 20 റൗണ്ട് വെടിയുതിർത്തു; ഒറ്റക്ക് പോരാടി പൊലീസുകാരൻ – വീഡിയോ
കൊൽക്കത്ത: ജുവലറി കൊള്ളയടിക്കാനെത്തുന്ന 7 കള്ളന്മാർ, തോക്കുധാരികളായ മോഷ്ടാക്കളെ ഒരു വൈദ്യുതപോസ്റ്റിന്റെ മറവിൽ ചെറുക്കുന്ന പൊലീസുകാരൻ. 20 റൗണ്ടോളം നീണ്ട വെടിവയ്പിനൊടുവിൽ കള്ളന്മാരോട് ഒറ്റയ്ക്ക് പോരാടിയും 4 കോടിയുടെ കവർച്ച തടഞ്ഞും പൊലീസുകാരൻ താരമായി. ത്രില്ലർ സിനിമയെ വെല്ലുന്ന സംഘട്ടനത്തിനാണ് കഴിഞ്ഞയാഴ്ച കൊൽക്കത്ത സാക്ഷ്യം വഹിച്ചത്.
.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ മേഘ്നാഥ് മൊണ്ടാലെന്ന പൊലീസുദ്യോഗസ്ഥന്റെ ഒറ്റയാൾ പോരാട്ടം സമൂഹമാധ്യമങ്ങളിൽ തരംഗമായി. കൊൽക്കത്തയിലെ റാണിഗഞ്ചിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. മുഖംമൂടി ധരിച്ച ഏഴംഗസംഘം റാണിഗഞ്ചിലെ ജുവലറിയിലേക്ക് തോക്കുകളും മെഷിൻഗണ്ണും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ഉച്ചയ്ക്കുശേഷമാണ് ഇരച്ചുകയറിയത്.
.
ജീവനക്കാരെയും ഇടപാടുകാരെയും തോക്കിൻമുനയിൽനിർത്തി നിമിഷങ്ങൾക്കുള്ളിൽ 4 കോടി മൂല്യമുള്ള ആഭരണങ്ങൾ സംഘം കവർന്നു. സംഭവം നടക്കുമ്പോൾ, പൊലീസ് ഔട്ട്പോസ്റ്റ് ചുമതലയുള്ള മേഘ്നാഥ് വ്യക്തിപരമായ ആവശ്യത്തിനായി ജുവലറിയുടെ സമീപത്തുണ്ടായിരുന്നു. മഫ്‌തിയിലായിരുന്നെങ്കിലും സർവീസ് റിവോൾവർ കരുതിയിരുന്ന മേഘ്നാഥിന് ജുവലറിക്കുപുറത്തെ നീക്കങ്ങളും ആളുകളുടെ ഭാവവും കണ്ട് സംശയം തോന്നി. അടുത്തുള്ള വൈദ്യുതപോസ്റ്റിന് പിന്നിൽ മറഞ്ഞുനിന്ന് തോക്ക് നിറയ്ക്കുമ്പോൾ കവർച്ചക്കാരിലൊരാൾ മേഘനാഥിനെ കണ്ടു. ഇയാൾ കൂട്ടാളികളുമായെത്തി ഉദ്യോഗസ്ഥനുനേരെ വെടിയുതിർത്തു.
.
പിന്നെ നടന്നത് ഏഴംഗസംഘവും പൊലീസുദ്യോഗസ്ഥനും തമ്മിലുള്ള പോരാട്ടമാണ്. 20 റൗണ്ടോളം കവർച്ചക്കാർ വെടിയുതിർത്തിട്ടും പിന്മാറാതെ വൈദ്യുതപോസ്റ്റിന് പിന്നിൽ മറഞ്ഞുനിന്ന് മേഘ്നാഥ് പൊരുതി. ഉദ്യോഗസ്ഥന്റെ പ്രത്യാക്രമണത്തിൽ കവർച്ചസംഘത്തിലെ ഒരാൾക്ക് പരുക്കേറ്റു. ഒടുവിൽ മേഘ്നാഥിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ കവർച്ചാസംഘം ഇരുചക്ര വാഹനങ്ങളിൽ രക്ഷപ്പെട്ടു. മേഘ്നാഥ് ഉടൻ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ജാർഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാനിർദേശം നൽകുകയും ചെയ്തു.
.
ജ്വല്ലറി കൊള്ളയടിക്കാൻ എത്തിയത് തോക്ക് ധാരികളായ 7 കള്ളന്മാർ, 20 റൗണ്ട് വെടിയുതിർത്തു; ഒറ്റക്ക് പോരാടി പൊലീസുകാരൻ pic.twitter.com/4B8ymwArzk
— Malayalam News Desk (@MalayalamDesk) June 11, 2024
ഇരുചക്രവാഹനം ഉപേക്ഷിച്ച കവർച്ചാസംഘം ഒരു കാർ ഡ്രൈവറെ വെടിവച്ച് കാർ തട്ടിയെടുത്തു. സംഭവത്തിന് ദൃക്സാക്ഷിയായ വഴിയാത്രക്കാരനും വെടിയേറ്റു. എന്നാൽ ജാർഖണ്ഡിൽവച്ച് ഈ കാർ പൊലീസ് തടഞ്ഞു. സംഘത്തിലെ സുരാജ് സിങ്, സോനു സിങ് എന്നിവരെ അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബംഗാൾ പൊലീസ് പറഞ്ഞു.
.