ടിഡിപിക്കും ജെഡിയുവിനും രണ്ടുവീതം മന്ത്രിസ്ഥാനം; സത്യപ്രതിജ്ഞയില്‍ ഖാര്‍ഗെ പങ്കെടുക്കും

ന്യൂഡല്‍ഹി: മൂന്നാം എന്‍.ഡി.എ. സര്‍ക്കാരില്‍ മന്ത്രിമാരാകാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിപ്പ് ലഭിച്ചുതുടങ്ങി. വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നിയുക്ത മന്ത്രിമാര്‍ക്കായി നിയുക്തപ്രധാനമന്ത്രി ചായസത്കാരം നടത്തും. സുരേഷ് ഗോപിയും കേന്ദ്രമന്ത്രി ആയേക്കുമെന്നാണ് സൂചന. അദ്ദേഹം ഡൽഹിക്ക് പുറപ്പെട്ടിട്ടുണ്ട്.

.

മൂന്നാം മോദിമന്ത്രിസഭയിൽ രാജ്‌നാഥ് സിങ്ങിന് പ്രതിരോധവകുപ്പുതന്നെ ലഭിക്കാനാണ് സാധ്യത. മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ആദ്യഘട്ടത്തില്‍ 30 മന്ത്രിമാരുണ്ടാവുമെന്നാണ് സൂചന. ബി.ജെ.പി. നേതാക്കളായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, അര്‍ജുന്‍ റാം മേഘ്‌വാള്‍, സര്‍ബാനന്ദ സോനോവാള്‍, പ്രള്‍ഹാദ് ജോഷി, ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ക്ക് പുറമേ, എല്‍.ജെ.പി. നേതാവ് ചിരാഗ് പസ്വാന്‍, ജെ.ഡി.എസ്. നേതാവ് കുമാരസ്വാമി എന്നിവര്‍ക്കാണ് ചായസൽക്കാരത്തിൽ പങ്കെടുക്കാൻ ഇതുവരെ അറിയിപ്പ് ലഭിച്ചത്. ആന്ധ്രയില്‍നിന്നുള്ള പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിക്ക് മന്ത്രിമാരുണ്ടാവില്ലെന്ന് സൂചനയുണ്ട്.

.

സുരേഷ് ഗോപിയും കുടുംബവും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. 12.15-ന് തിരുവനന്തപുരത്തുനിന്നുള്ള എയര്‍ വിസ്താര വിമാനത്തില്‍ സുരേഷ് ഗോപി ബെംഗളൂരുവിലേക്ക് പോകും. അവിടെനിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിക്കുതിരിക്കും. സുരേഷ് ഗോപിയുടെ മക്കള്‍ നെടുമ്പാശ്ശേരിയില്‍നിന്ന് ബെംഗളൂരുവിലെത്തും.

.

മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് എന്ന നിലയിലാണ് പങ്കെടുക്കുക. പിയൂഷ് ഗോയല്‍, ജി. കിഷന്‍ റെഡ്ഡി, ആര്‍.എല്‍.ഡി. നേതാവ് ജയന്ത് ചൗധരി, കിരണ്‍ റിജ്ജു, ജിതിന്‍ പ്രസാദ, രവ്‌നീത് സിങ് ബിട്ടു, നിര്‍മല സീതാരാമന്‍, സര്‍ബാനന്ദ സോനോവാള്‍  എന്നിവരും മോദിയുടെ വസതിയിലെത്തി.

.

അതേ സമയം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ബി.ആര്‍.എസ്. നേതാവ് കെ. ചന്ദ്രശേഖര്‍ റാവുവും സത്യപ്രതിജ്ഞയ്‌ക്കെത്തില്ല.

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഔദ്യോഗക ക്ഷണം. മുഖ്യമന്ത്രിക്കുപുറമേ ഗവര്‍ണര്‍ക്കും എം.പിമാര്‍ക്കും ക്ഷണം ലഭിച്ചു.

.

Share
error: Content is protected !!