അമ്മ ഉണർന്നത് കൂട്ടനിലവിളി കേട്ട്, കണ്ടത് നടുക്കുന്ന കാഴ്ച; തീ പിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് നിഗമനം
കൊച്ചി: വീടിന്റെ മുകള്‍നിലയില്‍ നിന്ന് കരച്ചില് കേട്ടാണ് അങ്കമാലി പാറക്കുളം അയ്യമ്പിള്ളി ബിനീഷിന്റെ അമ്മ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്, പിന്നാലെ നാടറിഞ്ഞത് ബിനീഷിന്റെയും കുടുംബത്തിന്റെയും ദാരുണമായ മരണവാര്‍ത്തയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് അങ്കമാലി പാറക്കുളം അയ്യമ്പിള്ളി വീട്ടില്‍ ബിനീഷ് കുര്യന് (45) ഭാര്യ അനുമോള്‍ (40) മക്കളായ ജൊവാന (8), ജെസ്വിന് (5) എന്നിവര്‍ വീടിന് തീപ്പിടിച്ച് വെന്തുമരിച്ചത്. വീടിന്റെ രണ്ടാം നിലയിലായിരുന്നു തീപ്പിടുത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നാണ് പ്രാഥമിക നിഗമനം.
.
മുകളിലെ നിലയിലെ മുറിയിലാണ് ബിനീഷും ഭാര്യയും മക്കളും ഉറങ്ങിയിരുന്നത്. താഴത്തെ നിലയിലെ മുറിയിലായിരുന്നു ബിനീഷിന്റെ അമ്മ ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ മുകളിലത്തെ നിലയിലെ മുറിയില്‍ നിന്നുയര്‍ന്ന നിലവിളി കേട്ടാണ് ബിനീഷിന്റെ അമ്മ ഉണര്‍ന്നത്. മുറിയില്‍നിന്ന് തീ ഉയരുന്നത് കണ്ട് പകച്ചുപോയ ബിനീഷിന്റെ അമ്മ ബിനീഷിന്റെ സഹായിയായ അതിഥി തൊഴിലാളിയെയും കൂട്ടി പുറത്ത് നിന്നും തീ അണക്കാന്‍ ശ്രമിക്കുകയായിരുന്നു. മുറിയുടെ കതക് കുത്തിത്തുറന്ന് ബിനീഷിനെയും കുടുംബത്തെയും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. പിന്നാലെ ബഹളം കേട്ട് നാട്ടുകാരും ഇവിടേക്ക് എത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. പിന്നീട് ഏകേദശം അഞ്ചരയോടെ ഫയര്‍ഫോഴ്സ് എത്തിയാണ് തീ പൂര്‍ണമായും കെടുത്തിയത്.
അങ്കമാലിയില്‍ മലഞ്ചരക്ക് മൊത്തവ്യാപാരിയാണ് മരിച്ച ബിനീഷ് കുര്യന്. നിലവില്‍ സാമ്പത്തിക ബാധ്യതകളൊന്നുമില്ലെന്നാണ് വിവരം. എന്നാല്‍ ബിസിനസ് പരമായി മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടോയെന്ന കാര്യവും വ്യക്തമല്ല.
ബിനീഷിൻ്റെ പിതാവിന്റെ ചരമവാർഷികം മറ്റന്നാളാണ്. ഇതിന്റെ ചടങ്ങുകൾക്കായി സാധനങ്ങളടക്കം വാങ്ങുകയും കുടുംബാംഗങ്ങളെ ക്ഷണിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. നല്ല രീതിയിൽ ബിസിനസ് നടക്കുന്നുണ്ടെന്നും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഉള്ളതായി തോന്നിയിട്ടില്ലെന്നും അയൽവാസികളും ബന്ധുക്കളുമെല്ലാം പറയുന്നു.
.
‘‘നല്ല രീതിയിൽ ബിസിനസ് നടത്തുകയായിരുന്നു. എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് വീടിനോട് ചേർന്നുള്ള ജാതിക്കയുടെ ഗോഡൗൺ കത്തി നശിച്ചിരുന്നു. അതുകൊണ്ട് ചെറിയ രീതിയിലുള്ള സാമ്പത്തിക പ്രശ്നമുണ്ടായിരുന്നു. എന്നാൽ ജീവനൊടുക്കാൻ മാത്രമുള്ള പ്രശ്നങ്ങളില്ലായിരുന്നു. ധാരാളം ഭൂസ്വത്തുക്കൾ ബിനീഷിന് ഉണ്ടായിരുന്നു.’’– സുഹൃത്തുക്കൾ പറയുന്നു.
.
സംഭവം നടന്ന പാറക്കുളം അയ്യമ്പിള്ളി വീട്ടില്‍ ഫൊറന്‍സിക് വിദഗ്ധരെത്തി പരിശോധന ആരംഭിച്ചു. വിശദമായ പരിശോധനക്ക് ശേഷം മരിച്ച നാല് പേരുടേയും മൃതദേഹങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
.