‘കണ്ണുപൊട്ടൻ വീട്ടിലിരിക്കണം’: കാഴ്ച പരിമിതിയുള്ള വിദ്യാർഥിയോട് ദേഷ്യപ്പെട്ട് ആർപിഎഫ് ഉദ്യോഗസ്ഥൻ

കോട്ടയം: ഭിന്നശേഷിക്കാരായവർക്കു യാത്ര സുഗമമാക്കാനായി റെയിൽവേ ഒരുക്കുന്ന സൗകര്യങ്ങളിലൊന്നാണ് ദിവ്യാംഗ്ജൻ കോച്ച്. പക്ഷേ പല വണ്ടികളുടെയും കോച്ച് പൊസിഷനുകൾ വ്യത്യസ്തമായിരിക്കും എന്നതുകൊണ്ട് കാഴ്ച പരിമിതിയുള്ള യാത്രക്കാർക്ക് സ്വയം കോച്ച് കണ്ടെത്താൻ സാധിക്കാറില്ല. ഈ പ്രതിസന്ധി മറികടക്കാൻ ഭിന്നശേഷിക്കാർക്ക് റെയിൽവേ പൊലീസിന്റെ സഹായം എല്ലാ സ്റ്റേഷനുകളിലും ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഉപയോഗപ്പെടുത്തി യാത്ര ചെയ്യാനെത്തിയ, ജന്മനാ കാഴ്ചപരിമിതിയുള്ള ചെങ്ങന്നൂർ സ്വദേശി സുബിൻ വർഗീസ് എന്ന വിദ്യാർഥിക്ക് ഒരു ആർപിഎഫ് ഓഫിസറിൽനിന്നു നേരിടേണ്ടി വന്നത് അസഭ്യവർഷവും മാനസിക പീഡനവും. നടപടിയാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മാസം 20 ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കടക്കം സുബിൻ പരാതി നൽകിയെങ്കിലും ഇതുവരെ പൊലീസ് നടപടിയെടുത്തിട്ടില്ല.

.

ചെങ്ങന്നൂരിൽനിന്ന് എറണാകുളം വരെ യാത്രചെയ്യാൻ സഹായം വേണമെന്ന് സ്റ്റേഷനിൽ എത്തുന്നതിനു മുൻപുതന്നെ സുബിൻ കൺട്രോൾ റൂം ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അവിടെനിന്ന് ഒരു ആർപിഎഫ് ഉദ്യോഗസ്ഥനെ സഹായത്തിനായി നിയോഗിക്കുകയും അയാളുടെ വിവരങ്ങൾ സുബിനു കൈമാറുകയും ചെയ്തു. എന്നാൽ സ്റ്റേഷനിലെത്തി ഈ ഉദ്യോഗസ്ഥന്റെ സഹായത്തോടെ, കോച്ചിലേക്കു നടക്കുമ്പോൾ ഉയർന്ന ഉദ്യോഗസ്ഥനെത്തി തടയുകയും സുബിനെ പിടിച്ചുമാറ്റിനിർത്തുകയും ചെയ്തെന്നാണ് പരാതി.

.

‘‘കണ്ണുപൊട്ടനാണെങ്കിൽ വീട്ടിലിരിക്കണം. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാനായി ഇങ്ങനെ ഇറങ്ങി നടക്കരുത്. പൊലീസുകാരൻ യാത്രയാക്കാൻ നീയെന്താ വലിയ വിഐപിയാണോ’’– എന്നിങ്ങനെ മറ്റു യാത്രക്കാരുടെ മുന്നിൽ‌വച്ച് ഉദ്യോഗസ്ഥൻ അപമാനിച്ചെന്നും സുബിൻ പറയുന്നു. ‘‘എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നേരത്തേ അറിയിക്കാമായിരുന്നല്ലോ, ഞങ്ങൾക്കും യാത്ര ചെയ്യേണ്ടേ’’ എന്ന സുബിന്റെ ചോദ്യത്തിന് ‘‘നിങ്ങളെ ചുമന്നുകൊണ്ടു നടക്കലല്ല ഞങ്ങളുടെ പണി’’ എന്നായിരുന്നു മറുപടി. ആദ്യം സഹായത്തിനെത്തിയ ഉദ്യോഗസ്ഥൻ തന്നെ സുബിനെ പിന്നീട് കോച്ചിൽ എത്തിക്കുകയും മേലുദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തിനു മാപ്പു ചോദിക്കുകയും ചെയ്തിരുന്നു.

.

സംഭവത്തിൽ നടപടി ആവശ്യപ്പെട്ടു സുബിൻ ആർപിഎഫിന്റെ കൺട്രോൾ ഓഫിസിലും ദക്ഷിണ റെയിൽവേ കൺട്രോൾ റൂമിലും പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥന് അനുകൂലമായ നിലപാടെടുത്ത് അവർ ഫയൽ ക്ലോസ് ചെയ്യുകയായിരുന്നുവെന്ന് സുബിന്‍ പറയുന്നു. തുടർന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. സംഭവത്തിൽ അഡിഷണൽ പൊലീസ് കമ്മിഷണർ സുബിനെ വിളിച്ച് ഖേദം പ്രകടിപ്പിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. തന്റെ ഭിന്നശേഷിക്കാരായ സുഹൃത്തുക്കൾക്കും ഇത്തരം മോശം അനുഭവങ്ങളുണ്ടാകാറുണ്ടെന്ന് പാലാ സെന്റ് തോമസ് കോളജിലെ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് ബിരുദ വിദ്യാർഥിയായ സുബിൻ പറഞ്ഞു.

.

പഠനത്തിനൊപ്പമുള്ള കംപ്യൂട്ടർ കോഴ്സിന്റെ ഭാഗമായി എറണാകുളത്ത് ഒരു വർക്‌ഷോപ്പിൽ പങ്കെടുക്കാനായിരുന്നു സുബിന്റെ യാത്ര. ചെങ്ങന്നൂരിൽനിന്നു ശബരി എക്സ്പ്രസിൽ എറണാകുളത്തേക്ക് യാത്ര തിരിക്കുന്നതിനിടെയാണ് സംഭവം. സുബിന്റെ പിതാവ് ബിനു വർഗീസ് അങ്ങാടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഓഫിസ് അറ്റൻഡറാണ്. പിതാവിനും കാഴ്ചപരിമിതിയുണ്ട്. അമ്മ മേഴ്സി വർഗീസ് ഒന്നരവർഷം മുൻപ് സ്കൂട്ടർ അപകടത്തിൽ മരിച്ചിരുന്നു.

.

Share
error: Content is protected !!