അവസാന നിമിഷം വരെ വിജയ പ്രതീക്ഷ പങ്കുവച്ച് അനിൽ; തോറ്റതോടെ ഒന്നും മിണ്ടാതെ ഡൽഹിലേക്ക് മുങ്ങി

പത്തനംതിട്ട: മോദി ഗ്യാരന്റിയിൽ പത്തനംതിട്ട പിടിക്കാനിറങ്ങിയ അനിൽ ആന്റണിയുടെ പരാജയം ബിജെപിയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കും. തിരഞ്ഞെടുപ്പ് ഫലത്തിൽ കടുത്ത അതൃപ്തിയിലാണ് കേന്ദ്രം നേരിട്ട് കളത്തിലിറക്കിയ അനിൽ ആന്റണി. പത്തനംതിട്ട ബിജെപി ജില്ലാ ഘടകമാണ് തോൽവിക്കു പിന്നിലെന്നാണ് അനിൽ പറയുന്നത്.

.

കോൺഗ്രസ് വോട്ടുകളിൽ‌ അടക്കം വിള്ളലുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് അനിൽ ആന്റണിയെ ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാർഥിയാക്കിയത്. എന്നാൽ കാര്യമായ ചലനമുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിൽ സംഭവിച്ചതുപോലെ പത്തനംതിട്ടയിലും വലിയ മുന്നേറ്റമാണ് അനിൽ പ്രതീക്ഷിച്ചത്.

.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന്റെ തലേന്നും 30,000 മുതൽ 50,000 വോട്ടുകളുടെ വരെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നാണ് അനിൽ അടുപ്പമുള്ളവരോടു പറഞ്ഞത്. അനിൽ ആന്‍റണി മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചെങ്കിലും കെ.സുരേന്ദ്രൻ 2019ൽ പിടിച്ച വോട്ടുകൾ മറികടക്കാനായില്ല.

.

ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ നിസഹകരണം പ്രതികൂലമായെന്ന് അനിലിനോട് അടുത്ത വൃത്തങ്ങൾ സമ്മതിക്കുന്നുമുണ്ട്. മാധ്യമങ്ങളോട് ഒരുപ്രതികരണവും നടത്താതെ അനിൽ ഡൽഹിക്കു മടങ്ങുകയും ചെയ്തു.

.

മണ്ഡലത്തിന് അപരിചിതനായിരുന്നു അനിലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉയർന്ന ദല്ലാൾ നന്ദകുമാർ വിവാദമടക്കം മോശം പ്രതിച്ഛായ സൃഷ്ടിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

.

Share
error: Content is protected !!