കെസി വേണുഗോപാൽ അടിയന്തരമായി ദില്ലിയിലേക്ക്; പ്രമുഖ നേതാക്കളുമായി ചർച്ച നടത്തി മമതയും, ദില്ലിയിൽ നിർണായക നീക്കങ്ങൾ
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം കുതിച്ചതോടെ കേരളത്തിൽ നിന്ന് ദില്ലിയിലേക്ക് തിരിച്ച് കെസി വേണുഗോപാൽ. ആലപ്പുഴ മണ്ഡലത്തിൽ മത്സരിച്ചു വിജയിച്ച കെസി ഇന്ത്യ സഖ്യത്തിൻ്റെ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനായാണ് അടിയന്തരമായി ദില്ലിക്ക് പോയത്. ആദ്യഘട്ടത്തിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കുമെന്ന് കോൺഗ്രസ് പ്രതികരിച്ചെങ്കിലും പ്രതിപക്ഷത്തിരിക്കാൻ തയ്യാറാണെന്ന സൂചനയാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ നൽകിയത്. ഇന്ത്യ സഖ്യത്തിന്റെ യോഗം നാളെ ദില്ലിയിൽ നടക്കുമെന്നാണ് വിവരം.
അതിനിടെ, പ്രമുഖ നേതാക്കളെ കൂടെ നിർത്താനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഉദ്ദവ് താക്കറെ, കെജ്രിവാൾ, ശരത് പവാർ എന്നിവരുമായി താൻ സംസാരിച്ചുവെന്ന് മമത പറഞ്ഞു. ടിഡിപിയേയും ജെഡിയുവിനെയും ഊന്നുവടികളായി ഉപയോഗിക്കുകയാണ് ബിജെപി. കഴിയാവുന്ന എല്ലാ സഖ്യകക്ഷിനേതാക്കളുമായും ചർച്ച നടത്തുമെന്നും മമത പറഞ്ഞു. നരേന്ദ്രമോദി രാജിവെക്കണമെന്ന് പ്രതികരിച്ച മമത മോദിക്ക് ധാർമികപരമായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗിച്ചുവെന്നും പറഞ്ഞു.
.
സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചു കഴിഞ്ഞു. ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി, നവീൻ പട്നായിക്കിന്റെ ബിജെഡി, ജഗൻമോഹൻ റഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി കോൺഗ്രസ് സംസാരിക്കും. നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ഇന്ത്യാ മുന്നണിയിലേക്ക് അടുപ്പിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ട്.
.
നിലവില്‍ എന്‍ഡിഎ സഖ്യത്തിലുള്ള ടിഡിപിയുടെ ചന്ദ്രബാബു നായിഡുവിനെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാക്കാൻ വാഗ്ദാനങ്ങളുമായി ഇന്ത്യാ സഖ്യത്തിലെത്തിച്ചുകൊണ്ട് ഭരണം പിടിച്ചടക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ഊര്‍ജിതമാക്കിയെങ്കിലും, ടിഡിപിയെ എന്‍ഡിഎയില്‍ തന്നെ നിലനിര്‍ത്താനും ഭരണതുടര്‍ച്ച ഉറപ്പാക്കാനും ബിജെപിയും കരുക്കള്‍ നീക്കുന്നുണ്ട്. പുതിയ സര്‍ക്കാരില്‍ ചന്ദ്രബാബു നായിഡു കിങ് മേക്കറാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.
എന്‍ഡിഎ സഖ്യത്തിലും നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയെയും പിടിച്ചുനിര്‍ത്തുകയെന്നത് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകവുമാണ്. ഇതിനിടെയാണ് ചന്ദ്രബാബു നായിഡുവിനെ ലക്ഷ്യമിട്ട് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ആന്ധ്രാ പ്രദേശിന് കോണ്‍ഗ്രസിന്റെ ഗ്യാരണ്ടി എന്ന പേരിലാണ് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് എക്സിലൂടെ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത്. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കുമെന്നും പത്തു വര്‍ഷം മോദി ചെയ്യാതിരുന്ന കാര്യങ്ങള്‍ നടപ്പാക്കാൻ കോണ്‍ഗ്രസ് തയ്യാറാണെന്നും ജയറാം രമേശ് വ്യക്തമാക്കി.
.
2014 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മന് മോഹൻ സിങ് ആന്ധ്രാ പ്രദേശിന് അഞ്ചു വര്‍ഷത്തേക്ക് പ്രത്യേക പദവി നല്‍കുമെന്ന് പറഞ്ഞിരുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ അത് പത്തുവര്‍ഷമായി നീട്ടുകൊടുക്കുമെന്നാണ് ബിജെപി നേതാവ് വെങ്കയ്യ നായിഡു അന്ന് പറഞ്ഞിരുന്നത്. പിന്നീട് തിരുപ്പതിയില്‍ വെച്ച് നരേന്ദ്ര മോദിയും ഇതേ വാഗ്ദാനം നടത്തിയെന്നും ജയറാം രമേശ് കുറപ്പില്‍ വ്യക്തമാക്കി.
.
എന്നാല്‍, കഴിഞ്ഞ പത്തുവര്‍ഷമായി മോദി സര്‍ക്കാര്‍ ഇക്കാര്യങ്ങളൊന്നും നടപ്പാക്കിയില്ലെന്നും സാമ്പത്തികമായി തകര്‍ന്ന സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്തുകളയുകയായിരുന്നുവെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. 2024ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനമെന്നും ഇത് നടപ്പാക്കുമെന്നും ജയറാം രമേശ് പറഞ്ഞു.
.