വടകരയിൽ പ്രത്യേക സേനാവിന്യാസം; വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ,1600-ഓളം പോലീസുകാർ രംഗത്ത്
വടകര: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ വടകരയിൽ പ്രത്യേക സേനാവിന്യാസം നടത്തുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് വ്യക്തമാക്കി. വടകരയിലെ ആഹ്ലാദ പരിപാടികൾ നേരത്തേ അറിയിക്കണം. അതീവ പ്രശ്നബാധിത മേഖലകളിൽ കൂടുതൽ പൊലീസുകാരെ നിയോഗിക്കുമെന്നും കലക്ടർ അറിയിച്ചു.
.
വോട്ടെണ്ണൽ കേന്ദ്രമായ വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം എജ്യുക്കേഷൻ കോംപ്ലക്സിനു സമീപം ഇന്ന് വൈകിട്ട് മുതൽ നാളെ വൈകിട്ട് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വാശിയേറിയ പോരാട്ടം നടക്കുന്ന വടകരയിൽ അതീവ ജാഗ്രതയിലാണ് പൊലീസ്. നാദാപുരത്തും കല്ലാച്ചിയിലും റൂട്ട് മാർച്ച് നടത്തി.
പ്രകടനങ്ങൾ വൈകിട്ട് ഏഴു മണിയോടെ അവസാനിപ്പിക്കണമെന്ന് നേരത്തേ സർവകക്ഷി യോഗത്തിൽ തീരുമാനമായിരുന്നു. അക്രമ സംഭവങ്ങൾ ഒഴിവാക്കുന്നതിനായി നാദാപുരത്ത് 50 പിക്കറ്റ് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ മുന്നൂറോളം പൊലീസുകാരെ ഇവിടെ നിയോഗിച്ചു
.
വോട്ടെണ്ണൽദിനമായ ചൊവ്വാഴ്ച വടകര ലോക്‌സഭാ മണ്ഡലത്തിൽ കനത്ത പോലീസ് സുരക്ഷയേർപ്പെടുത്തുമെന്ന് റൂറൽ എസ്.പി. ഡോ. അരവിന്ദ് സുകുമാറും അറിയിച്ചു. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ ശക്തമായി ഇടപെടും. വടകര ഉൾപ്പെടുന്ന കോഴിക്കോട് റൂറൽ പോലീസ് ജില്ലയിലെ ബറ്റാലിയനിൽ നിന്നുള്ള ആറ് കമ്പനി സേന ഉൾപ്പെടെ 1600 ഓളം പോലീസുകാർ സുരക്ഷയ്ക്കായി രംഗത്തിറങ്ങുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
.
ജില്ലയെ എട്ട് സബ്ഡിവിഷനുകളാക്കി തിരിച്ചിട്ടുണ്ട്. നിലവിൽ നാല് സബ് ഡിവിഷനുകളാണുള്ളത്. ഓരോ സബ് ഡിവിഷനും ഡിവൈ.എസ്.പിമാർ നേതൃത്വം നൽകും. എസ്.പിയുടെ നേതൃത്വത്തിൽ 25 അംഗങ്ങൾ വീതമുള്ള 14 സ്‌ട്രൈക്കിങ് ഫോഴ്‌സ് റൂറൽ ജില്ലയുടെ വിവിധഭാഗങ്ങളിലുണ്ടാകും.
.
എല്ലാ ഡിവൈ.എസ്.പിമാരുടേയും നേതൃത്വത്തിലും പ്രത്യേക സ്‌ട്രൈക്കിങ് ഫോഴ്‌സുണ്ട്. സംഘർഷസാധ്യതയുള്ള 16 പോലീസ് സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് 16 സ്‌ട്രൈക്കേഴ്‌സ് വേറെയുമുണ്ടാകും. 66 മൊബൈൽ പട്രോളിങ് യൂണിറ്റ്, എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ 26 മൊബൈൽ പട്രോളിങ് യൂണിറ്റ് എന്നിവയുമുണ്ട്. റൂറലിലെ 80 ശതമാനം വരുന്ന 1237-ഓളം പോലീസുകാരെയും സുരക്ഷയ്ക്കായി നിയോഗിച്ചു. അഞ്ച് കമ്പനി സേന വേറെയും. വയനാട് മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ താമരശ്ശേരിയിലും ശക്തമായ സുരക്ഷ ഏർപ്പെടുത്തും. രണ്ട് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിലായിരിക്കുമിത്.
.
വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് സംബന്ധിച്ച കേസിൽ മെറ്റയിൽ നിന്ന് വിവരങ്ങൾ ലഭിച്ചില്ലെന്ന് എസ്.പി പറഞ്ഞു. തിരുവനന്തപുരത്തെ സൈബർ വിഭാഗവുമായി ചേർന്ന് വിവരം ലഭിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. ഇനി എന്താണ് ചെയ്യാൻ പറ്റുന്നതെന്ന് നിയമപരമായി ആലോചിക്കുന്നുണ്ട്. കേസിൽ അന്വേഷണം തുടരുകയാണ്. മെറ്റയിൽ നിന്ന് വിവരം കിട്ടിയാൽ മാത്രമേ കൂടുത കാര്യങ്ങൾ പറയാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.