കോഴിക്കോട്- ബഹ്റൈൻ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ക്യാബിൻ ക്രൂവിന് മർദനം, വാതിൽ തുറക്കാൻ ശ്രമം, എമർജൻസി ലാൻഡിങ്; മലയാളി യുവാവ് അറസ്റ്റിൽ

മുംബൈ: കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ക്യാബിൻ ക്രൂവിനെ മർദിക്കുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മലയാളി യുവാവ് മുംബൈയിൽ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി അബ്ദുൽ മുസവ്വിർ നടുക്കണ്ടി (25)യെ ആണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

.

പരാക്രമത്തെ തുടർന്ന് വിമാനം മുംബൈ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ശേഷമാണ് അബ്ദുൽ മുസവ്വിറിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് സംഭവമെന്ന് സാഹർ പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

.

കോഴിക്കോട് നിന്നും കയറിയ ഇയാൾ ഇടയ്ക്കു വച്ച് ഉറക്കമുണർന്നയുടൻ വിമാനത്തിൻ്റെ പുറകുവശത്തേക്ക് പോയി ക്യാബിൻ ക്രൂവിനെ മർദിക്കുകയും വിമാനത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

ഇതോടെ ക്യാബിൻ ക്രൂ അം​ഗങ്ങൾ ഇയാളെ പിടിച്ച് സീറ്റിലിരുത്തി. എന്നാൽ ക്രൂ അം​ഗങ്ങളെ അസഭ്യം പറയാൻ തുടങ്ങിയ യുവാവ് അവരെയും മറ്റ് യാത്രക്കാരെയും കൈയേറ്റം ചെയ്യുകയും എമർജൻസി ഡോർ തുറക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു- ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

.

സുരക്ഷാ ഭീഷണി ഉയർന്നതോടെ, പൈലറ്റ് ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തുകയും സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ഇവരെത്തി ഇയാളെ പിടികൂടുകയും ചെയ്തു.

.

സംഭവത്തിൽ, യുവാവിനെതിരെ ഐപിസി 336 (ജീവൻ അപകടപ്പെടുത്തുന്ന പ്രവൃത്തി), 504 (സമാധാന ലംഘനത്തിനുള്ള പ്രകോപനം), 506 (ഭീഷണിപ്പെടുത്തൽ), 323 (സ്വമേധയാ മുറിവേൽപ്പിക്കൽ) എന്നീ വകുപ്പുകളും എയർക്രാഫ്റ്റ് നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

.

Share
error: Content is protected !!