മൂത്തമകൻ മരിച്ച് ഒരു രാത്രി പിന്നിട്ടപ്പോൾ ഇളയമകനും യാത്രയായി; നെഞ്ചു തകർന്ന് അനീസും ഹയറുന്നിസയും

കൊട്ടിയം∙ ചേതനയറ്റ തങ്ങളുടെ പൊന്നോമനകളെ കണ്ട് എല്ലാം നഷ്ടപ്പെട്ട് ഇടനെഞ്ചു തകർന്ന് അനീസും ഹയറുന്നിസയും. ഇന്നലെ വരെ കൈപിടിച്ചു നടന്ന മക്കൾ ഇനി ഒപ്പമില്ലായെന്ന തീരാ വേദനയിൽ വാവിട്ടു കരയുന്ന ഹയറുന്നിസയെ ആശ്വസിപ്പിക്കാൻ നിറകണ്ണുകളോടെ നിന്ന ബന്ധുക്കൾക്കുമായില്ല.

.

വെളളിയാഴ്ച വൈകിട്ട് ഉമയനല്ലൂർ മാടച്ചിറ കുളത്തിലാണ് അനീസിന്റെയും ഹയറുന്നിസയുടെയും മക്കളായ ഫർസീനും (12) അഹിയാനും (7) മുങ്ങി മരിച്ചത്. അപകടം നടക്കുമ്പോൾ ഹയറുന്നിസ കുളത്തിന് സമീപത്തുള്ള അവരുടെ ബേക്കറി കടയിലായിരുന്നു. തങ്ങൾക്ക് മൂത്ര ശങ്ക തോന്നുന്നെന്നും ഇപ്പോൾ വരാമെന്നും അമ്മയോട് പറഞ്ഞാണ് ഇരുവരും കുളത്തിന് സമീപത്തേക്ക് പോയത്.

.

ഏറെ നേരമായിട്ടും കുട്ടികൾ വരാതിരുന്നപ്പോൾ ഹയറുന്നിസ കുളത്തിന് അടുത്തുവരെ അന്വേഷിച്ച് എത്തി. അവിടെ കാണാത്തതോടെ ഉമയനല്ലൂർ ജംക്‌ഷനിലേക്കു പോയി. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടികൾ കുളത്തിൽ വീണെന്ന കാര്യം അറിയുന്നത്. അമ്മയെ സഹായിക്കാനായി ഫർസീൻ മിക്കപ്പോഴും ബേക്കറിയിൽ എത്തുമായിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്തതിനാൽ സംഭവ ദിവസം അനീസ് ഇളയ മകൻ അഹിയാനെയും ബേക്കറിയിൽ എത്തിച്ച ശേഷം മയ്യനാട്ടേക്ക് പോയി. പിന്നീടാണ് മക്കൾ കുളത്തിൽ വീണെന്ന് അനീസ് അറിഞ്ഞത്.

പാലത്തറ സഹകരണ ആശുപത്രിയിൽ എത്തിയ അനീസ് ആദ്യം കേട്ടത് മൂത്ത മകന്റെ മരണ വാർത്തയാണ്. ഇളയ മകൻ അഹിയാൻ അപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഒരു രാത്രി മുഴുവൻ ഇളയ മകനു വേണ്ടിയുള്ള മാതാപിതാക്കളുടെ കാത്തിരിപ്പ് ഒടുവിൽ നിരാശയായി.

 

മാടച്ചിറക്കുളം: പായൽ മൂടിയ അപകടക്കെണി

പായൽ മൂടിക്കിടക്കുന്ന കുളത്തിലെ അപകടക്കെണിയിൽ സഹോദരങ്ങളായ 2 കുട്ടികളാണ് വെള്ളിയാഴ്ച വീണ് മരിച്ചത്.   ആഫ്രിക്കൻ പായൽ  മൂടിക്കിടക്കുന്നതിനാൽ കുളത്തിന്റെ ആഴവും പടവുകൾ എവിടെയൊക്കെ ആണെന്നും അറിയാൻ സാധിക്കില്ല.    കുട്ടികൾ കുളത്തിൽ മുങ്ങിത്താഴ്ന്ന വിവരം ആദ്യം ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോയതും കുളം പായൽ കൊണ്ട് മൂടിക്കിടന്നതു കൊണ്ടാണെന്നാണ് നാട്ടുകാർ പറയുന്നത്. ഏകദേശം 7 അടി താഴ്ചയുണ്ട് കുളത്തിന്.

.

കുട്ടികൾ വീണ് മിനിറ്റുകൾക്ക് ശേഷം ഇവിടെ മീൻ പിടിക്കാൻ എത്തിയ ഇതരസംസ്ഥാന തൊഴിലാളിയാണ് പായലിൽ 2 ജോഡി ചെരിപ്പുകൾ കിടക്കുന്നത് കണ്ടതും ഈ വിവരം നാട്ടുകാരെ അറിയിച്ചതും. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കുളത്തിൽ നിന്നും കിട്ടിയത്. ഇവർ വീണ ഭാഗത്ത് കൈവരികളില്ല. മുൻപും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മുൻപൊരിക്കൽ കുളത്തിന് അരികിലൂടെ നടന്നു പോകുകയായിരുന്ന യുവാവ് കാൽ വഴുതി കുളത്തിൽ വീണെങ്കിലും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് മറ്റൊരു യുവാവും ഇതേ സ്ഥലത്ത് വീണിരുന്നു.

.

Share
error: Content is protected !!