എക്‌സിറ്റ് പോളുകള്‍ ഗൂഢാലോചന; എങ്ങിനെ നോക്കിയാലും ഇന്ത്യ സഖ്യം 295ല്‍ താഴെ പോകില്ലെന്ന് ജയറാം രമേശ്, കേരളത്തിൽ താമര വിരിയില്ലെന്ന് എൽഡിഎഫും യുഡിഎഫും

ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ്. ഇന്ത്യ സഖ്യം തോൽക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് എക്സിറ്റ് പോളുകൾ. ഇത് ഒരു ‘സൈക്കോളജിക്കല്‍ ഗെയിം’ ആണ്‌. വിഷയത്തെ സഖ്യം കൃത്യമായി എതിർക്കുമെന്നും ജയറാം രമേശ് എ.എൻ.ഐയോട് പറഞ്ഞു.

.

ജൂൺ നാലിന് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയുടെ ഗൂഢാലോചനയാണ് എക്സിറ്റ് പോളുകൾ. ജൂൺ നാലിലെ ഫലവും എക്സിറ്റ് പോൾ ഫലങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടാകും. ശനിയാഴ്ച ഇന്ത്യ സഖ്യത്തിലെ നേതാക്കൾ യോ​ഗം ചേർന്നിരുന്നു. ഇന്ത്യ സഖ്യത്തിന് 295-ലും താഴെ സീറ്റുകൾ നഷ്ടപ്പെടുന്നത് അസാധ്യമായിരിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ശനിയാഴ്ച പുറത്തുവന്നിരുന്നു. മുന്നൂറിനുമുകളിൽ സീറ്റുനേടി ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. സഖ്യം വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രവചനം.400 സീറ്റുനേടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തെ ഭൂരിഭാഗം സർവേകളും പിന്തുണയ്ക്കുന്നില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി. സർക്കാരുണ്ടാക്കുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്.

അതേസമയം കേരളത്തില്‍ അത്ഭുത താമര വിരിയുമെന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ ആവേശത്തിലാണ് ബിജെപി ക്യാംപ്. തൃശൂരും തിരുവനന്തപുരവും നേടി തങ്ങളുടെ ചിരകാല സ്വപ്നം പൂവണിയിക്കാം എന്നാണ് പ്രതീക്ഷ. ചില എക്സിറ്റ് പോൾ ഫലങ്ങൾ യാഥാർഥ്യമായാൽ ആറ്റിങ്ങലും കൂടെ പോരുമെന്നാണ് പ്രതീക്ഷ. ജയിക്കുന്നത് ആരായാലും കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പെന്നും ബിജെപി നേതാക്കൾ പറയുന്നു. താമര വിരിയുമെന്ന പ്രവചനത്തിനൊപ്പം ബിജെപിയുടെ വോട്ടു വിഹിതം 27 ശതമാനമായി ഉയരുമെന്നും പ്രവചനമുണ്ട്.
മോദി തരംഗം കേരളത്തിലും വീശിയെന്ന് വിശ്വസിക്കുകയാണ് ബിജെപി നേതാക്കള്‍. രണ്ടക്ക സീറ്റ് എന്നു പറഞ്ഞെങ്കിലും മൂന്ന് ആയിരുന്നു പോളിങ്ങിനു ശേഷമുള്ള പാർട്ടി കണക്ക്. അതു ശരിവക്കുന്നതാണ് ഫലങ്ങളെന്നും കേരളത്തിലെ ബിജെപി നേതൃത്വം വ്യക്തമാക്കി.
.

എക്സിറ്റ് പോളുകാർക്ക് ഭ്രാന്താണെന്ന് പറഞ്ഞു ചിരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ പ്രവചനങ്ങളെ അപ്പാടെ തള്ളിക്കളയുകയാണ്. ബിജെപി അക്കൗണ്ട് തുറക്കില്ലെന്നാണ് എൽഡിഎഫ്–യുഡിഎഫ് മുന്നണികളുടെ അവകാശവാദം. എല്‍ഡിഎഫിനോടുള്ള വോട്ട് ശതമാനത്തില്‍ രണ്ടു ശതമാനം മാത്രമാണ് ബിജെപിക്ക് കുറവെന്നാണ് പ്രവചനം. 15 ശതമാനത്തില്‍ നിന്ന് 27ശതമാനത്തിലേക്കുള്ള ബിജെപിയുടെ കുതിച്ചു ചാട്ടം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നതാണ്. ബിജെപിക്ക് സാധ്യത പറഞ്ഞ സീറ്റിൽ എല്ലാം തങ്ങൾ ജയിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.

.

എല്‍ഡിഎഫിന് കേരളത്തില്‍ വൻ തകർച്ചയുണ്ടാകുമെന്ന പ്രവചനത്തിനിടെ ബിജെപി നേട്ടമുണ്ടാക്കുമെന്നുള്ള പ്രവചനം ഇടതുപക്ഷത്തിന് ഇരട്ടി പ്രഹരരമായി. ബിജെപി ജയിക്കുന്ന മണ്ഡലങ്ങളിൽ ആർക്കാണോ വോട്ട് കുറയുന്നത് അവർ ബിജെപിയെ ജയിപ്പിച്ചുവെന്ന പാപഭാരം ചുമക്കേണ്ടി വരും. കരുവന്നൂർ വിഷയം അടക്കം ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ബിജെപിയും എൽഡിഎഫും തമ്മിൽ അന്തർധാരയുണ്ടെന്ന് യുഡിഎഫ് നേതൃത്വം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

.

Share
error: Content is protected !!