കുവൈത്ത് കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി; പി.എം.എ സലാം ഉൾപ്പെടെ നാട്ടിൽ നിന്നെത്തിയ ലീഗ് നേതാക്കളെ പ്രവർത്തകർ കയ്യേറ്റം ചെയ്തു – വീഡിയോ

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി .സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ സലാമിനേയും സംഘത്തെയും പ്രവർത്തകർ കയ്യേറ്റം ചെയ്തു. സംഘടന തർക്കത്തെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ എത്തിയതായിരുന്നു ലീഗ് നേതാക്കൾ. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടന്ന കെ.എം.സി സി കോഴിക്കോട് ജില്ല കമ്മിറ്റി തിരഞ്ഞെടുപ്പിനിടെയാണ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.

.

യോഗം ആരംഭിച്ച് പി.എം.എ സലാം ഉദ്ഘാടന പ്രസംഗം നടത്തുന്നിടയിൽ കുവൈത്ത് കെ.എം.സി.സി ജനറൽസെക്രട്ടറി ശരഫുദ്ധീൻ കണ്ണെത്തിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം കെ.എം.സി.സി പ്രവർത്തകർ യോഗത്തിലേക്ക് എത്തുകയായിരുന്നു. വേദി കയ്യേറിയ പ്രവർത്തകർ വേദിയിലിരുന്ന മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളായ പി.എം.എ സലാമിനേയും, അബ്ദുറഹിമാൻ രണ്ടത്താണിയേയും, ആബിദ് ഹുസൈൻ തങ്ങളെയും കയ്യേറ്റം ചെയ്യുകയായിരുന്നു. കോഴിക്കോട് ജില്ലാ കൗൺസിൽ അല്ലാത്തവർ യോഗത്തിൽ നിന്നും വെളിയിൽ പോകണമെന്ന് പി.എം.എ സലാം അഭ്യർത്ഥിച്ചെങ്കിലും പുറത്തേക്ക് പോകാൻ ആരും തയ്യാറായില്ല. തുടർന്ന് യോഗം നിർത്തിയ നേതാക്കാൾ തെരഞ്ഞെടുപ്പ് നടത്താനാവാതെ ഹോട്ടലിലേക്ക് മടങ്ങി.

.

.

നേരത്തെ തങ്ങൾ ഉയർത്തിയ പരാതികൾ പരിഹരിച്ചില്ലെന്നും, തർക്കങ്ങൾ പരിഹരിക്കതെ ഏകപക്ഷീയമായാണ് ജില്ല കമ്മിറ്റി യോഗം നടത്തിയതെന്നും ജനറൽസെക്രട്ടറി വിഭാഗം ആരോപിച്ചു. നേതാക്കൾ മടങ്ങിയെങ്കിലും സ്‌കൂളിൽ നടന്ന ഉന്തും തള്ളിനുമിടെ ചില പ്രവർത്തകർക്ക് നേരിയ പരിക്കേൽക്കുകയും ബഹളം ഏറെ നേരം നീണ്ടു നിൽക്കുകയും ചെയ്തു. നുറോളം പ്രവർത്തകരായിരുന്നു യോഗത്തിനുണ്ടായിരുന്നത്. മുതിർന്ന നേതാക്കാൾ തന്നെ ചേരി തിരിഞ്ഞ് കയ്യാങ്കളിക്ക് നേതൃത്വം നൽകിയത് പാർട്ടിക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്.

.

 

മാസങ്ങൾക്ക് മുമ്പേ കുവൈത്ത് കെ.എം.സി.സിയുടെ ചുമതലയുള്ള മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി പ്രശ്‌ന പരിഹാരത്തിനായി കുവൈത്തിലെത്തിയിരുന്നുവെങ്കിലും പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നില്ല. കുവൈത്ത് കെ.എം.സി.സി പ്രസിഡൻറ് , ജനറൽസെക്രട്ടറി വിഭാഗങ്ങൾ തമിലുള്ള തർക്കമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. നേരത്തെ സംസ്ഥാന കമ്മിറ്റി നടത്തിയ ഇഫ്താർ സംഗമത്തിൽ നടന്ന വാക്ക് തർക്കവും കയ്യാങ്കളിയിൽ കലാശിച്ചിരുന്നു. വിഷയങ്ങൾക്ക് ഉടൻ പ്രശ്നപരിഹാരമായില്ലെങ്കിൽ വലിയ പ്രതിസന്ധിയായിരിക്കും കുവൈത്ത് കെ.എം.സി.സി നേരിടുകയെന്നാണ് സൂചനകൾ.

.

Share
error: Content is protected !!