ഭക്ഷണമില്ല, വിശപ്പ് അകറ്റാൻ വെള്ളം മാത്രം, തൊഴിലുടമയുടെ ക്രൂര മർദനം; ഗൾഫിൽ ജോലിക്കു പോയ വീട്ടമ്മ തൂങ്ങിമരിച്ചതായി അറിയിപ്പ്

മീനങ്ങാടി: കൃത്യമായി ഭക്ഷണമില്ല, വിശപ്പ് അകറ്റാൻ വെള്ളം മാത്രം, തൊഴിലുടമ മർദിച്ച് താഴെയിടും; കുവൈത്തിൽ ജോലിക്കു പോയി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കാക്കവയൽ ആട്ടക്കര വീട്ടിൽ വിജയന്റെ ഭാര്യ അജിത (50) മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുൻപ് ബന്ധുവിനോടും സുഹൃത്തിനോടും പറഞ്ഞ കാര്യങ്ങളിങ്ങനെ. വിഷമിപ്പിക്കേണ്ടെന്നു കരുതി ഇക്കാര്യങ്ങള്‍  വീട്ടിൽ അറിയിച്ചിരുന്നില്ല. കുവൈത്തിലെ സുലൈബിയയിൽ, ജോലി ചെയ്തിരുന്ന വീട്ടിൽ അജിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി 19നാണു ബന്ധുക്കൾക്കു വിവരം കിട്ടിയത്.

.

വീട്ടിലെ സാമ്പത്തിക പ്രയാസം മാറാൻ കഷ്ടപ്പാടുകൾ സഹിക്കാന്‍ തയാറായി വിദേശത്തേക്കുപോയ അജിത തൂങ്ങിമരിക്കാൻ സാധ്യതയില്ലെന്നു കുടുംബം പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭർത്താവ് വിജയനും മക്കളും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. അജിതയുടെ സാധനങ്ങൾ ഇനിയും തിരികെ ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

.

കുവൈത്തിൽ അജിതയ്ക്ക് ക്രൂരപീഡനം ഏൽക്കേണ്ടി വന്നുവെന്ന് മകൾ മിഥുഷ പറഞ്ഞു. ഒരു നേരം മാത്രമാണ് ഭക്ഷണം ലഭിച്ചിരുന്നത്. നിരന്തരം മർദനം ഏൽക്കേണ്ടി വന്നുവെന്നാണ് വിവരം ലഭിച്ചതെന്നും മിഥുഷ പറഞ്ഞു. 6 മാസം മുൻപാണ് വീട്ടിലെ സാമ്പത്തിക ബാധ്യത തീർക്കാൻ അജിത എറണാകുളത്തെ ഏജൻസി വഴി സുലൈബിയയിലേക്ക് വീട്ടുജോലിക്കായി പോയത്. ഏപ്രിലിൽ സ്പോൺസറുമായി ചില പ്രശ്നങ്ങളും തർക്കങ്ങളുമുണ്ടായതായി ഏജൻസിയിൽനിന്ന് അറിയിച്ചിരുന്നു.

.

പിന്നീട് ജോലിക്കു നിന്നിരുന്ന വീട്ടിലെ സ്ത്രീയുടെ മകളുടെ വീട്ടിലേക്ക് അജിതയെ മാറ്റി. രണ്ടാമത്തെ വീട്ടിൽ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ വച്ചാണ് അജിതയ്ക്ക് പീഡനം ഏൽക്കേണ്ടി വന്നത്. ഇക്കാര്യം ഭർത്താവിനോടോ മക്കളോടോ അജിത പറഞ്ഞില്ല. ബന്ധുവായ സ്ത്രീയോടും സുഹൃത്തിനോടുമാണ് ഇക്കാര്യം പറഞ്ഞത്.

.

അവസാനം ഫോണിൽ വിളിച്ചപ്പോൾ നാട്ടിലേക്ക് തിരിച്ചു വരാനുള്ള തയാറെടുപ്പിലാണെന്നാണു മക്കളോട് പറഞ്ഞത്. പിന്നീട് വിളിക്കുകയോ സന്ദേശങ്ങൾ അയയ്ക്കുകയോ ചെയ്തില്ല. ഏജൻസിയെ വിളിച്ചപ്പോൾ ഫോൺ വീട്ടുടമ വാങ്ങിവച്ചതായും മേയ് 18ന് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തതായും അറിയിച്ചു. എന്നാൽ 19 ആയിട്ടും ഫോണിൽ ലഭിച്ചില്ലെന്നും അവിടെനിന്ന് മടങ്ങിയിട്ടില്ലെന്നും അറിയാൻ കഴിഞ്ഞു. പിന്നീട് ട്രാവൽസിൽനിന്നു മിഥുഷയുടെ ഫോണിലേക്ക് വിളിയെത്തുകയും 17ന് അജിത മരിച്ചതായി അറിയിക്കുകയായിരുന്നു.

.

അപ്പോൾത്തന്നെ ഏജൻസിയെ വിളിച്ചെങ്കിലും അവർ തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ടാക്കി. പിന്നീട്, വീട്ടിലെ ഷെഡിൽ അജിത തൂങ്ങിമരിച്ചെന്ന് അറിയിക്കുകയായിരുന്നു. 21ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഇതിനുശേഷമാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. ഭാര്യയെ അപായപ്പെടുത്തിയതായി സംശയിക്കുന്നതായും മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭർത്താവ് വിജയൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

.

Share
error: Content is protected !!