60 വയസ്സുള്ള വീട്ടുജോലിക്കാർ, വനിതാ പൊലീസുകാർ, മാധ്യമ പ്രവർത്തകർ; 2976 ലൈംഗിക വിഡിയോ ക്ലിപ്പുകൾ, പ്രജ്വൽ രേവണ അറസ്റ്റിൽ – വീഡിയോ

ബെംഗളൂരു: ലൈംഗിക പീഡന വിവാദത്തിൽ ഉൾപ്പെട്ട ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ (33) സ്ത്രീകളുടെ പീഡന ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ നശിപ്പിച്ചെന്ന് സംശയം. ലൈംഗികാതിക്രമ ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ കണ്ടെത്താനായില്ല. ജർമനിയിൽനിന്ന് ഇന്നു പുലർച്ചെ ഒന്നിനു ബെംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു.

.

പ്രജ്വലില്‍നിന്ന് പിടിച്ചെടുത്ത 2 ഫോണുകളും ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ചവയല്ല. നശിപ്പിച്ചെന്ന് തെളിഞ്ഞാൽ കേസെടുക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാൽ വിമാനത്തിൽനിന്ന് നേരിട്ട് പിടികൂടി വിഐപി ഗേറ്റിലൂടെ പ്രജ്വലിനെ പുറത്തെത്തിക്കുകയായിരുന്നു. വിദേശത്ത് 34 ദിവസത്തെ ഒളിവിനു ശേഷമാണു തിരിച്ചെത്തിയത്.

.

ബിസിനസ് ക്ലാസിൽ പ്രജ്വൽ യാത്ര ചെയ്ത ലുഫ്താൻസ വിമാനം മ്യൂണിക്കിൽ നിന്നു പുറപ്പെട്ട് പുലർച്ചെ 12.48നാണ് ബെംഗളൂരുവിൽ ടെർമിനൽ രണ്ടിൽ ലാൻഡ് ചെയ്തത്. ബെംഗളൂരു വിമാനത്താവളത്തിൽ കാത്തുനിന്ന പൊലീസ് സംഘം തൊട്ടു പിന്നാലെ വിമാനത്തിലേക്ക് എത്തുകയായിരുന്നു. പുറത്തെത്തിച്ചതിനു പിന്നാലെ പ്രജ്വലിനെ ബൗറിങ് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോയി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഏപ്രിൽ 26ന് രാത്രിയാണ് പ്രജ്വൽ രാജ്യം വിട്ടത്.

.

.

60 വയസ്സു പിന്നിട്ട വീട്ടുജോലിക്കാർ മുതൽ പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കളും ഉൾപ്പെടെ ഇരുന്നൂറോളം സ്ത്രീകളെ പീഡിപ്പിക്കുന്ന 2976 ലൈംഗിക വിഡിയോ ക്ലിപ്പുകളാണ് പ്രജ്വലിന്റേതായി ഇതേവരെ പുറത്തുവന്നത്. പ്രജ്വലിന്റെ അശ്ലീല ദൃശ്യങ്ങളുടെ പെൻഡ്രൈവുകൾ ഹാസനിലെ പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയം എന്നിവിടങ്ങളിൽനിന്നാണു ലഭിച്ചത്. ജനതാദൾ ദേശീയാധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ മകനും ദൾ എംഎൽയുമായ മുൻമന്ത്രി എച്ച്.ഡി.രേവണ്ണയുടെ ഇളയപുത്രനാണ് പ്രജ്വൽ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലത്തിൽ ജയിച്ചു.

.

പ്രജ്വലിൽ നിന്ന് പാസ്പോർട്ടുകളും എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ടിക്കറ്റടക്കം മറ്റ് യാത്രാ രേഖകളും എസ്ഐടി പിടിച്ചെടുത്തിട്ടുണ്ട്. പ്രജ്വലിന്റെ ഇ- മെയിൽ, ക്ലൌഡ് അക്കൗണ്ടുകൾ പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് എന്തെങ്കിലും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തോ എന്നും പരിശോധിക്കും. അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെടുക 14 ദിവസത്തെ കസ്റ്റഡിയായിരിക്കും. പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി തീരുമാനിച്ചാൽ 7-10 ദിവസം വരെ കസ്റ്റഡിയിലായിരിക്കും. അതല്ലെങ്കിൽ കോടതിക്ക് പ്രജ്വലിനെ റിമാൻഡ് ചെയ്യാം. എന്നാൽ നിലവിലെ സാഹചര്യത്തിൽ കസ്റ്റഡി അനുവദിക്കാനാണ് സാധ്യത.

.

അതേസമയം, ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ പ്രജ്വൽ മുൻ‌കൂർ ജാമ്യാപേക്ഷ പിൻവലിച്ച് ജാമ്യഹർജി നൽകുന്നതിനുള്ള സാധ്യതകളാണ് തെളിയുന്നത്. അതിനിടെ, ഭവാനി രേവണ്ണയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ ബെംഗളൂരുവിലെ സെഷൻസ് കോടതി ഇന്ന് വിധി പറയും. രേവണ്ണയ്ക്ക് ജാമ്യം നൽകിയതിനെ എതിർത്ത് എസ്ഐടിയും കേസുകൾ വ്യാജമെന്നും തള്ളണമെന്നും കാട്ടി രേവണ്ണയും നൽകിയ ഹർജികൾ കർണാടക ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. എംപി ആയതിനാൽ അറസ്റ്റ് വിവരം ഇന്ന് ലോക്‌സഭാ സ്പീക്കറെ അറിയിക്കും. കുടുംബാംഗങ്ങളെയും വിവരം ഔദ്യോഗികമായി അറിയിക്കും.

.

Share
error: Content is protected !!