പരിശീലനത്തിനിടെ മലയാളി പോലീസ് ഉദ്യോഗസ്ഥൻ സൂര്യാഘാതമേറ്റു മരിച്ചു; നാലുപേർ ചികിത്സയിൽ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ കടുത്ത ചൂടിൽ മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു. ഉത്തംനഗർ ഹസ്ത്‌സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ്.

വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനിടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട മറ്റു നാല് ഉദ്യോഗസ്ഥർ ചികിത്സയിലാണ്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തിൽ  ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണുണ്ടായിരുന്നത്. ചൂടേറ്റു തളർന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാർ ബാലാജി ആശുപത്രിയിലേക്കു മാറ്റി. അവിടെ വച്ചായിരുന്നു മരണം. മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടു പോകും.

.

കനത്ത ചൂടു കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഡൽഹിയിൽ ഉയർന്ന താപനില 49.9 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ഡൽഹിയിലെ മുങ്കേഷ്പുർ, നരേല തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നലെ ഉയർന്ന താപനില 49.9 രേഖപ്പെടുത്തി. ജൂൺ 1,2 തീയതികളിൽ പൊടിക്കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

.

വരും ദിവസങ്ങളിൽ കടുത്ത ശുദ്ധജലക്ഷാമം ഉണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വെള്ളം പാഴാക്കുന്നവരിൽനിന്നു പിഴയീടാക്കുമെന്നാണ് മന്ത്രി അതിഷി കഴിഞ്ഞ ദിവസം പറഞ്ഞത്. പൈപ്പ് വെള്ളം ഉപയോഗിച്ചു വാഹനങ്ങൾ കഴുകരുതെന്നും കർശന നിർദേശമുണ്ട്. വീടുകൾക്കു മുകളിലുള്ള വാട്ടർടാങ്കിൽ നിന്ന് വെള്ളം നിറഞ്ഞൊഴുകുന്ന് ശ്രദ്ധയിൽ പെട്ടാലും പിഴ ചുമത്തും. ഡൽഹിക്ക് ആവശ്യമായ ശുദ്ധജലം വിട്ടുനൽകിയില്ലെങ്കിൽ ഹരിയാന സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി അതിഷി പറഞ്ഞു.

.

 

.

Share
error: Content is protected !!