ജാമിഅ മസ്ജിദിന് താഴെ ക്ഷേത്രമുണ്ടെന്ന് വാദം: ഹരജിയിൽ സർക്കാറിന് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

ബംഗളൂരു: ശ്രീരംഗപട്ടണം ജാമിഅ മസ്ജിദിന് താഴെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹരജിയിൽ കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. കർണാടക സർക്കാർ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, മറ്റു കക്ഷികൾ എന്നിവർക്കാണ് നോട്ടീസ് അയച്ചത്.

.

ശ്രീരംഗപട്ടണത്തെ മൂഡല ബാഗിലു ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന്റെ സ്ഥാനത്ത് ടിപ്പു സുൽത്താൻ പള്ളി നിർമിക്കുകയായിരുന്നു​വെന്ന് ഹരജിയിൽ ആരോപിക്കുന്നു. അതേസമയം, ഹരജിക്കാർ ഉന്നയിച്ച നിർമിതി സംരക്ഷിത സ്മാരകമാണെന്നും റിട്ട് അധികാരപരിധിയിൽ മാറ്റം വരുത്തുന്നത് ബുദ്ധിമുട്ടാണെന്നും ചീഫ് ജസ്റ്റിസ് എൻ.വി അഞ്ജാരിയ, ജസ്റ്റിസ് കെ.വി അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു.

.

സ്ഥലത്ത് സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ബജ്റനാഗ സേന എന്ന സംഘടനയാണ് പൊതുതാൽപ്പര്യ ഹരജി സമർപ്പിച്ചത്. ‘1958ലെ പുരാതന സ്മാരകങ്ങളുടെയും പുരാവസ്തു സ്ഥലങ്ങളുടെയും നിയമ’ത്തിലെ വ്യവസ്ഥകൾ അനുസരിച്ച് മൂടാല ബാഗിലു ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന്റെ സർവേയും ഖനനവും നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

.

1786-1789 കാലഘട്ടത്തിൽ ശ്രീരംഗപട്ടണത്ത് ജാമിഅ മസ്ജിദ് നിർമിക്കാനായി ടിപ്പു സുൽത്താൻ നിയമവിരുദ്ധമായി ക്ഷേത്രത്തിന്റെ ഭാഗങ്ങൾ തകർക്കുകയായിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു. ഓരോ ഇന്ത്യക്കാരനും തന്റെ മതം സമാധാനപൂർണമായി ആചരിക്കാൻ അവസരമുണ്ട്. ആക്രമണകാരികൾ ചെയ്ത ചരിത്രപരമായ തെറ്റുകൾ തിരുത്തലും പരിഹരിക്കലും മതേതര സർക്കാരിന്റെ കടമയാണെന്നും ഹരജിക്കാർ വ്യക്തമാക്കി.

.

മതവിദ്വേഷത്താൽ ടിപ്പു സുൽത്താൻ ക്ഷേത്രം മനഃപൂർവം തകർക്കുകയും അവിടെ പള്ളി നിർമിക്കുകയും ചെയ്തതിന്റെ ചരിത്രപരമായ വസ്തുതകൾ തങ്ങളുടെ കൈവശമുണ്ട്. വിഗ്രഹങ്ങളും മറ്റും ഇപ്പോഴും അവിടെയുണ്ട്. പള്ളിക്കകത്ത് മദ്രസ പ്രവർത്തിക്കുകയാണ്. ഇത് 1958ലെ നിയമത്തിന് വിരുദ്ധമാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. മദ്രസയിലും മറ്റും അനധികൃതമായി താമസിക്കുന്നവരെയും പള്ളിയും ഒഴിപ്പിച്ച് സ്ഥലം നിയമപ്രകാരം സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

.

Share
error: Content is protected !!