കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധ: ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു, ഭക്ഷ്യവിഷബാധയെ തുടർന്ന് ഇതേ ഹോട്ടൽ നേരത്തേയും അടപ്പിച്ചു
തൃശൂർ: ഹോട്ടലിൽനിന്നു കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഉസൈബ ഇന്നു പുലർച്ചെയാണ് മരിച്ചത്. ഉസൈബയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെയാണ് ആശുപത്രി അധികൃതർ വിട്ടുനൽകിയതെന്ന് ആരോപണം ഉയർന്നു. മൃതദേഹം വീട്ടിലെത്തിച്ച ശേഷമാണ് മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ശ്രദ്ധയിൽ പെട്ടത്.
.
പെരിഞ്ഞനം സെന്ററിന് വടക്കുഭാഗത്ത് പ്രവർത്തിക്കുന്ന സെയിൻ ഹോട്ടലിൽനിന്നാണ് ഉസൈബ കുഴിമന്തി കഴിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ ഇവിടെനിന്നു കുഴിമന്തി കഴിച്ച നൂറോളം പേർ വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി ചികിത്സ തേടിയിരുന്നു. പാർസൽ വാങ്ങി കൊണ്ടു പോയി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
ആരോഗ്യവകുപ്പും പഞ്ചായത്ത്, ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരും പൊലീസും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തി അടപ്പിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, വൈസ് പ്രസിഡന്റ് എൻ.കെ.അബ്ദുൽ നാസർ, ഹെൽത്ത് സൂപ്പർവൈസർ വി.എസ്.രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
.
ഭക്ഷ്യവിഷബാധയേറ്റ സ്ത്രീ മരിച്ചതോടെ ഭക്ഷണം വാങ്ങിയ സെയിന്‍ ഹോട്ടലിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്ത്. സെയിന്‍ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് നേരത്തേയും ഭക്ഷ്യവിഷബാധയേറ്റിരുന്നതായി സ്ഥലം എംഎൽഎ ഇടി ടൈസൺ പറഞ്ഞു. ആറുമാസം മുൻപ് രണ്ട് പേർക്ക് ഭക്ഷ്യവിഷ ഉണ്ടായെന്നും തുടർന്ന് പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി പിഴ ഈടാക്കി ഹോട്ടൽ പൂട്ടിച്ചതായും അദ്ദേഹം അറിയിച്ചു.
.
‘ഇപ്പോഴുണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം മയോണൈസോ കോഴി ഇറച്ചിയോ ആണ് എന്നാണ് സംശയം. പരിശോധനാ ഫലം വന്നാലേ ഈ കാര്യത്തിൽ വ്യക്തത വരൂ. നിലവിൽ ആശുപത്രിയിലുള്ളവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ല. ഏകദേശം 30 കിലോ അരിയുടെ കുഴിമന്തിയാണ് ഭക്ഷ്യവിഷബാധയുണ്ടായ ദിവസം ഹോട്ടലിൽ പാകം ചെയ്തത്’, എംഎൽഎ വ്യക്തമാക്കി.
.
.
സംഭവത്തിൽ 178 പേരാണ് ചികിത്സ തേടിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി രായാംമരക്കാര്‍ വീട്ടില്‍ ഹസ്ബുവിന്റെ ഭാര്യ നുസൈബ (56) ഇന്ന് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ ഹോട്ടലില്‍ നിന്നും പാര്‍സല്‍ വാങ്ങിയ ഭക്ഷണം ഇവര്‍ വീട്ടില്‍ വെച്ച് കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഞായറാഴ്ച രാവിലെ വീട്ടിലുള്ള മറ്റ് മൂന്നുപേര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴും നുസൈബക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.
എന്നാൽ തിങ്കളാഴ്ച രാവിലെയോടെ ശാരീരിക അസ്വസ്ഥതകള്‍ തോന്നിയ നുസൈബയെ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയിലേക്കും വൈകീട്ട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്.
.
ആശുപത്രികളിൽ കഴിയുന്നവർ പലരും അപകടനില തരണംചെയ്തെങ്കിലും മിക്കവരും നിരീക്ഷണത്തിലാണ്. പലരുടെയും ഛർദിയും വയറിളക്കവും മാറിയിട്ടില്ല. ഇവിടെനിന്ന് ഭക്ഷണം കഴിച്ചുപോയ ദീർഘദൂരയാത്രക്കാരും ചികിത്സ തേടിയതായി പറയുന്നു. ആഴ്‌ചാവസാനവും അവധിക്കാലവും ആയതിനാലാകാം എണ്ണം കൂടിയതെന്നാണ് നിഗമനം.
.
കുഴിമന്തി കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യവകുപ്പ് വിശദമായ തെളിവെടുപ്പ് നടത്തി. ജില്ലാ മെഡിക്കൽ ഓഫീസിൽനിന്നെത്തിയ സംഘമാണ് തെളിവുകൾ ശേഖരിച്ചത്. ഹോട്ടൽ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കിട്ടിയശേഷമേ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്തെന്ന് വ്യക്തമാകൂ. ജില്ലാ മെഡിക്കൽ ഓഫീസിൽനിന്ന് ഐ.ഡി.എസ്.പി. ഓഫീസർ ഡോ. ഗീത, എപ്പിഡമോളജിസ്റ്റ് കല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തെളിവെടുപ്പ് നടത്തിയത്.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച് കയ്പമംഗലം പോലീസിലും പെരിഞ്ഞനം പഞ്ചായത്തിലും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ കണ്ട് വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. ഹോട്ടൽ അധികൃതർക്കെതിരേ നിയമനടപടിയുൾപ്പെടെ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഫിജു, ഹെൽത്ത് ഇൻസ്പെക്ടർ അഖില, ഹെഡ് നഴ്‌സ് ത്രേസ്യാമ്മ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ടലിൽ ജോലിക്കാരുടെ താമസവും ഹോട്ടലിനോട് ചേർന്നുതന്നെയാണെന്ന് പറയുന്നു.
.
അതേസമയം, ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും നടത്തുന്ന അന്വേഷണവും നടപടികളും പ്രഹസനമാകുന്നെന്ന ആക്ഷേപവും വ്യാപകമായുണ്ട്. നാലുമാസംമുമ്പ് പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്. സ്‌കൂളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഭക്ഷണം കഴിച്ച 30 പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. കാറ്ററിങ് സ്ഥാപനം നൽകിയ ബിരിയാണി, ഐസ്‌ക്രീം, പഫ്‌സ് എന്നിവ കഴിച്ചതിനെത്തുടർന്ന് വിദ്യാർഥികളും അധ്യാപകരും അന്ന് ചികിത്സ തേടിയിരുന്നു. ആരോഗ്യവകുപ്പിന്റെ പരിശോധനയുടെയും മറ്റും റിപ്പോർട്ടുകൾ പഞ്ചായത്തിനും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കും കൈമാറിയെങ്കിലും തുടർനടപടിയുണ്ടായില്ല.
.