രോഗിയായ ഉമ്മയെ കാണാൻ നാട്ടിലേക്ക് പോയി; അവധി കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ച് വരുന്നതിനിടെ മലയാളി വിമാനത്തിൽ മരിച്ചു
അവധി കഴിഞ്ഞ് നാട്ടിൽ നിന്നും മടങ്ങുന്നതിനിടെ പ്രവാസി മലയാളി വിമാനത്തിൽ മരിച്ചു. തിരൂർ പെരുമണ്ണ സ്വദേശി ഹംസയാണ് (46) മരിച്ചത്. അവധിക്ക് ശേഷം ഇന്ന് (തിങ്കളാഴ്ച) കുവൈത്ത് എയർവേസിൽ കൊച്ചിയിൽ നിന്നും കുവൈത്തിലേക്ക് യാത്ര തിരിച്ചതായിരുന്നു ഹംസ. യാത്രക്കിടെ വിമാനത്തിൽ വെച്ച് മരിക്കുകയായിരുന്നു. ശേഷം മൃതദേഹം കുവൈത്ത് വിമാനത്താവളത്തിലറക്കി.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും, നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും കുവൈത്ത് കെ.എം.സി.സി നേതാക്കൾ അറിയിച്ചു.
10 വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയായ ഹംസ ഫർവാനിയയിൽ ടൈലറിങ് ജോലി ചെയ്ത് വരികയായിരുന്നു. മാതാവിന് അസുഖമായതിനാൽ രണ്ടുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്. പെരുമണ്ണ മുണ്ടിയൻതറ പള്ളിപ്പടി മേനാട്ടിൽ മുഹമ്മദിന്റെ മകനാണ്. സഹോദരങ്ങൾ: കോയാപ്പു, ഹുസൈൻ,അഹ്സൻ,സൈദലവി.
.