സൗദിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു; മംഗലാപുരം സ്വദേശികളുടെ കുഞ്ഞിന് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ
സൗദിയിലെ ദമ്മാമിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീ പിടുത്തത്തിൽ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. മംഗലാപരം സ്വദേശികളായ ശൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും ഇളയ മകന്‍ സായിക് ശൈഖാണ് മരിച്ചത്. മൂന്ന് വയസ്സായിരുന്നു. അഗ്നിബാധയെ തുടർന്നുണ്ടായ പുകയിൽ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചത്. അപകടത്തിൽ ഇവരുടെ മൂത്ത മകന്‍ സാഹിര്‍ ശൈഖ് (5) അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ അർധരാത്രയാണ് സംഭവം നടന്നത്.
.
കഴിഞ്ഞ ആറ് മാസമായി ശൈഖ് ഫഹദും കുടുംബവും ദമ്മാമിലെ അല്‍ ഹുസൈനി കോമ്പൌണ്ടിലെ ഇരുനില വില്ലയിൽ താമസിച്ചു വരികയായിരുന്നു. വില്ലയിലെ താഴത്തെ നിലയിലുള്ള അടുക്കളയിലാണ് ഇന്നലെ രാത്രി ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. തുടർന്ന് തീ പടരുകയും വീടിനുള്ളില്‍ പുക വ്യാപിക്കുകയുമായിരുന്നു. ഉടൻ തന്നെ ശൈഖ് ഫഹദ്, താമസ കോമ്പൗണ്ടിലെ ഹൗസ് കീപ്പറെ വിളിച്ച് സഹായം തേടി.
.
നിലവിളി കേട്ടവരെല്ലാം ഓടിയെത്തിയെങ്കിലും തീയും പുകയും കാരണം ആർക്കും അകത്തേക്ക് പ്രവേശിക്കാൻ സാധിക്കാതെ അവസ്ഥയായിരുന്നു. അതേ സമയം വീടുനുള്ളിൽ പുകയും തീയും പരന്നതിനാൽ ഇരുട്ടിലൂടെ പുറത്തിറങ്ങി രക്ഷപ്പെടാൻ സാധിക്കാതെ ഫഹദും കുടുംബവും വീടിനുള്ളിൽ കുടുങ്ങി. പിന്നീട് വിവരമറിയിച്ചതിനുസരിച്ച് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. അപ്പോഴേക്കും കുടുംബത്തിലെ എല്ലാവരും അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ കുടുംബത്തെ ആശുപത്രികളില്‍ എത്തിച്ചു.
.
ശൈഖ് ഫഹദിനെ ദമ്മാമിലെ അല്‍ മന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും, ഭാര്യ സല്‍മാ കാസിയെ ദമ്മാം സെന്‍ട്രല്‍ ആശുപത്രിലെ അത്യാഹിത വിഭാഗത്തിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇരുവരുടേയം നില ഗുരതരമായി തുടരുന്നു. അതേ സമയം ദമ്മാം മെറ്റേണിറ്റി ആശുപത്രിയിൽ കഴിയുന്ന മൂത്ത മകൻ സാഹിർ ശേഖ് അപകടനില തരണം ചെയ്തതായി ആശുപത്ര വൃത്തങ്ങൾ അറിയിച്ചു. പുക ശ്വസിച്ച് വീട്ടിൽ വെച്ച് തന്നെ മരണപ്പെട്ട ഇളയ മകൻ സായിക് ശൈഖിൻ്റെ മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയൽ സുക്ഷിച്ചിരിക്കുകയാണ്. സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിൻ്റെ നേതൃത്വത്തിലാണ് നടപടിക്രങ്ങൾ പുരോഗമിക്കുന്നത്.
.