ചരിത്രം രചിച്ച് ഇന്ത്യൻ കോൺസുലേറ്റ്; ഇതാദ്യമായി ഇന്ത്യൻ ഹാജിമാർക്ക് ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്ക് ട്രൈൻ യാത്ര ഒരുക്കി കോണ്സുലേറ്റ് – വീഡിയോ
ജിദ്ദ: ചരിത്രത്തിലാദ്യമായി ഇന്ത്യൻ ഹാജിമാർക്കും മക്ക-മദീന അതിവേഗ ട്രൈയിനിൽ യാത്ര അനുവദിച്ചു. മുംബൈ എംബാർക്കേഷൻ പോയിൻ്റിൽ നിന്നും സൗദി എയർലൈൻസിൽ എത്തിയ ഹാജിമാർക്കാണ് ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് നേരിട്ട് ഹറമൈൻ ട്രൈനിൽ യാത്ര ചെയ്യാൻ ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റ് അവസരമൊരുക്കിയത്.
ഇന്ത്യൻ അംബാസഡർ ഡോ. സുഹെൽ അജാസ് ഖാനും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും ഇന്ത്യൻ ഹാജിമാരെ ജിദ്ദ എയർപോർട്ടിലെ ടെർമിനൽ 1 ൽ സ്വീകരിച്ചു. തുടർന്ന് മക്കയിലേക്കുള്ള ആദ്യ ട്രൈയിൻ യാത്രയിൽ ഇരുവരും തീർഥാടകരെ അനുഗമിച്ചു. കൂടാതെ സൗദി അറേബ്യൻ റെയിൽവേ വൈസ് പ്രസിഡന്റ് എൻജിനീയർ അൽ ഹർബിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഹജ്ജ് കോണ്സൽ മുഹമ്മദ് അബ്ദുൽ ജലീലും ഹജ്ജ് ഉംറ മന്ത്രാലയത്തിലെയും ഗതാഗത മന്ത്രാലയത്തിലെയും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
തീർഥാടകർക്ക് ഏറെ ആശ്വാസകരവും സൌകര്യപ്രദവുമായ ട്രൈൻ യാത്ര സേവനം ഇന്ത്യൻ തീർഥാടകർക്കും അനുവദിച്ചതിൽ ബന്ധപ്പെട്ട സൗദി അതോറിറ്റികൾക്കും ഉദ്യോഗസ്ഥർക്കും അംബാസിഡർ നന്ദി അറിയിച്ചു.
History being scripted!
For the first time Indian Hajis will use High Speed Train directly frm Jeddah Airport to Makkah. On this historical moment, Amb. Dr Suhel Khan & CG Mohd Shahid escorted the Indian Hajis on first such journey on May 26. pic.twitter.com/d6aBeJsVnK— Malayalam News Desk (@MalayalamDesk) May 26, 2024
മണിക്കൂറിൽ പരമാവധി 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അതിവേഗ ട്രൈൻ ഹാജിമാർക്ക് ഏറെ സഹായകരമാണ്.
ജിദ്ദ എയർപോർട്ടിലെ ഹജ്ജ് ടെർമിനലിലായിരുന്നു ഇന്ത്യയിൽ നിന്നുളള എല്ലാ തീർഥാടകരും എത്തിയിരുന്നത്. ഇവിടെ നിന്നും സൗദി ഹജ്ജ് മന്ത്രാലയത്തിന് കീഴിൽ അധികൃതർ ഒരുക്കുന്ന ബസുകളിലായിരുന്നു ഹാജിമാർ മക്കയിലേക്ക് പോയിരുന്നത്. ഹജ്ജ് ടെർമിനലിൽ നിന്ന് മക്കയിലേക്കുള്ള ബസ് യാത്ര ഏറെ പ്രയാസകരവും വളരെയധികം സമയമെടുക്കുന്നതുമാണ്. ബസിൽ കയറിയതിന് ശേഷവും വളരെ വൈകിയാണ് ബസ് പുറപ്പെടാറ്. ആ സമയമത്രെയും തീർഥാടകർ ബസിനുള്ളിൽ കഴിയണം. മണിക്കൂറുകൾ നീണ്ട വിമാനയാത്ര കഴിഞ്ഞെത്തുന്ന തീർഥാടകർക്ക് ഏറെ പ്രയാസം സൃഷ്ടിക്കു്നനതാണ് മക്കയിലേക്കുള്ള ബസ് യാത്ര. എന്നാൽ ഹറമൈൻ ട്രൈൻ യാത്രയിലൂടെ മക്കയിലേക്കുള്ള യാത്ര സമയം പകുതിയായി കുറയും. കൂടാതെ ആശ്വാസകരമായ യാത്ര അനുഭവം ലഭിക്കുകയും ചെയ്യും.
.
ഹജജ് ടെർമനലിന് പകരം ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ 1 ലാണ് മുംബൈ എംബാർക്കേഷൻ പോയിൻ്റിൽ നിന്ന് വരുന്ന ഹാജിമാർ ഇറങ്ങുക. ഇവിടെ നിന്ന് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങിയാൽ, അവിടെ വെച്ച് തന്നെ ട്രൈനിൽ കയറാം. നേരെ മക്കയിലെ റുസൈഫ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന ഹാജിമാരെ അവിടെ നിന്നും ബസിൽ താമസ സ്ഥലത്തേക്ക് കൊണ്ടുപോകും. 32,000 ഇന്ത്യൻ ഹാജിമാർക്കാണ് ഇത്തവണ ഹറമൈൻ ട്രൈൻ സേവനം ലഭിക്കുക.
.
എല്ലാ വർഷവും ഇന്ത്യൻ അധികൃതർ ഹജ്ജ് തീർത്ഥാടനം കൂടുതൽ സുഖകരവും പ്രയാസരഹിതവുമാക്കാനുള്ള ശ്രമങ്ങൾ നടത്തിവരാറുണ്ട്. ഇതാദ്യമായാണ് ജിദ്ദ എയർപോർട്ടിൽ നിന്ന് നേരിട്ട് മക്കയിലേക്ക് ട്രെയിനിൽ ഹാജിമാരെ എത്തിക്കുന്നത്. ഈ വർഷം ഇന്ത്യയിൽ നിന്ന് 1,75,000 ഹാജിമാർ ഹജ്ജ് നിർവഹിക്കാനെത്തും. അതിൽ 1,40,000 പേർ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയാണ് വരുന്നത്.