ഗുജറാത്തിലെ ഗെയിമിങ് സെൻ്ററിൽ വൻ തീപിടിത്തം; കുട്ടികളടക്കം 24 പേർ വെന്തു മരിച്ചു, നിരവധി പേർക്ക് പൊള്ളലേറ്റു – വീഡിയോ
ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 24 പേർ മരിച്ചു. ഇതിൽ 12 പേർ കുട്ടികളാണെന്നും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടിആർപി ഗെയിം സോണിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. രക്ഷാപ്രവർത്തനം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
.
മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ പരിശോധന വേണ്ടി വന്നേക്കുമെന്ന് രാജ്കോട്ട് പൊലീസ് കമ്മിഷണർ രാജു ഭാർഗവ പറഞ്ഞു. അവധിക്കാലമായതിനാൽ സെന്ററിൽ ഒട്ടേറെ കുട്ടികൾ എത്തിയിരുന്നു.
യുവരാജ് സിങ് സോളങ്കി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഗെയിമിങ് സെന്ററെന്ന് കമ്മിഷണർ പറഞ്ഞു. ഇയാൾക്കെതിരേ കേസെടുത്തു. സെന്ററിന് എൻഒസി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ 60 പേരിലധികം ഗെയിമിങ് സോണിലുണ്ടായിരുന്നെന്നാണ് നിഗമനം. ഇതിൽ 20 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
.
താൽക്കാലികമായി നിർമിച്ച ഗെയിമിങ് സോൺ പൂർണമായും മരം കൊണ്ടാണ് നിർമിച്ചത്. അതുകൊണ്ട് തന്നെ തീ വേഗത്തിൽ പടരുന്നതിന് കാരണമായി. സംഭവസമയത്ത് ശക്തമായ കാറ്റ് വീശിയതും കെട്ടിടം പൂർണമായി നിലംപൊത്തിയതും രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാക്കിയതായി ദൗത്യസംഘം പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കിയതായി കമ്മിഷണർ അറിയിച്ചു
#WATCH | Gujarat: A massive fire breaks out at the TRP game zone in Rajkot. Fire tenders on the spot. Further details awaited. pic.twitter.com/f4AJq8jzxX
— ANI (@ANI) May 25, 2024
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും അടിയന്തര സഹായം നൽകുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരുക്കേറ്റവർക്കായി പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ പറഞ്ഞു.
.