നഷ്ട പരിഹാരം പരിഗണനയിൽ, കുറച്ച് സമയം അനുവദിക്കണം; പ്രവാസിയുടെ മരണത്തിൽ പ്രതികരിച്ച് എയർഇന്ത്യ
തിരുവന്തപുരം: മസ്കത്തിൽ മരിച്ച തിരുവനന്തപുരം കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിൻ്റെ ആവശ്യത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. നഷ്ട പരിഹാരം നൽകുന്നത് പരിഗണനയിൽ ആണെന്നും ഇതിനായി കുറച്ച് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ-മെയിൽ സന്ദേശം അയച്ചു. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിന് മെയിൽ അയച്ചിരുന്നു.
നമ്പി രാജേഷിന്റെ കുടുംബം ആവശ്യപ്പെട്ട വിവരങ്ങൾ പരിശോധിക്കുകയാണെന്നും പരിഹാരം കാണുമെന്നും ഉറപ്പ് നൽകിയതായി കുടുംബം അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു എന്നും എയർ ഇന്ത്യ എക്സ്പ്രസ് അയച്ച ഇമെയിൽ സന്ദേശത്തിലുണ്ട്.
.
മസ്കറ്റില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്. കഴിഞ്ഞ ഏഴാം തീയ്യതിയാണ് രാജേഷിനെ ഹൃദയാഘാതം മൂലം ഒമാനിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയെ കാണണം എന്ന് അന്നുതന്നെ രാജേഷ് പറഞ്ഞിരുന്നു. ഇതനുസരിച്ച് കുടുംബം എട്ടാം തീയ്യതി തന്നെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ടിക്കറ്റെടുത്തു. എന്നാല്‍ അന്ന് പോകാനായില്ല.
.
ഒമ്പതാം തീയ്യതി പോകാമെന്ന് അറിയിച്ചെങ്കിലും അന്നും വിമാനമില്ലാതിരുന്നതിനാല്‍ പോകാനായില്ല. പിന്നീട് ഫ്ളൈറ്റുകളൊന്നും ലഭ്യമായിരുന്നില്ല. ഇതിനിടയിൽ 13 ന് രാവിലെ രാജേഷിന്‍റെ അവസ്ഥ വീണ്ടും മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
.
എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ പണിമുടക്കിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച നിരവധി യാത്രക്കാര്‍ പ്രതിസന്ധിയിലായിരുന്നു. ഇവരുടെ കൂട്ടത്തില്‍ നിന്ന് അമൃത തന്‍റെ അവസ്ഥയെ കുറിച്ച് മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു. എങ്ങനെയും പോയേ പറ്റൂ എന്നാണ് അന്ന് നിസഹായതോടെ അമൃത പ്രതികരിച്ചത്.
എന്നാല്‍ അവസാനമായി അമൃതയ്ക്ക് ഭര്‍ത്താവിനെ കാണാൻ സാധിച്ചില്ലെന്നതാണ് ഏവരെയും വേദനിപ്പിക്കുന്നത് വിമാനത്താവളത്തില്‍ നിന്ന് കമ്പനി പ്രതിനിധികളോട് ഒരുപാട് കെഞ്ചിയെന്നാണ് അമൃതയുടെ അമ്മ പറയുന്നത്. എന്നിട്ടും ആരും സഹായിച്ചില്ലെന്നും ഇവര്‍ കണ്ണീരോടെ പറഞ്ഞിരുന്നു. പിന്നീട് രാജേഷിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു.
.
ഒമാനിൽ നിന്നെത്തിച്ച ശേഷം നമ്പി രാജേഷിന്റെ കുടുംബം മൃതദേഹവുമായി എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ഭാര്യ അമൃതയും കുടുംബവും ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. ശേഷം നഷ്ടപരിഹാര തുക ലഭിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതിയും നൽകിയിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു.
.