ഗൂഗിൾ മാപ്പ് ചതിച്ചു, ആലപ്പുഴ കാണാൻ പോയ നാലംഗ സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു; യാത്രക്കാരെ രക്ഷിച്ചു, കാർ മുങ്ങി
കോട്ടയം∙ ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് വിനോദയാത്ര പോയ ഹൈദരാബാദ് സ്വദേശികളുടെ കാർ തോട്ടിൽ വീണു. കോട്ടയം കുറുപ്പന്തറയിൽ കടവ് പാലത്തിനു സമീപത്താണ് അപകടം. മെഡിക്കൽ വിദ്യാർഥികളായ നാലംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. മൂന്നു പുരുഷന്മാരും ഒരു പെൺകുട്ടിയുമായിരുന്നു കാറിൽ. വലിയ പരുക്കുകളില്ലാതെ സംഘത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം കാർ തോട്ടിൽനിന്നു പുറത്തെടുത്തു.
മൂന്നാറിൽനിന്ന് ആലപ്പുഴയിലേക്കായിരുന്നു ഇവരുടെ യാത്ര. കമ്പം – ചേർത്തല മിനി ഹൈവേ ഭാഗത്തുനിന്ന് ഗൂഗിൾ മാപ്പ് ഉപയോഗിച്ചാണ് ഈ ഭാഗത്ത് എത്തിയത്. 200 മീറ്ററോളം കാർ ഒഴുകിപ്പോയി. പുലർച്ചെ മൂന്നുമണിക്കായിരുന്നു അപകടം. സ്ഥിരം അപകടമേഖലയാണിത്. കുറുപ്പന്തറ ജംഗ്‌ഷനിൽനിന്ന് കല്ലറയിലൂടെ തലയാഴം വഴി ആലപ്പുഴ ഭാഗത്തേക്കു പോകാനാകും.
ഗൂഗിൾ മാപ്പ് നോക്കി വന്നപ്പോൾ ദിശ തെറ്റിയതാണ് അപകട കാരണമെന്നാണു നാട്ടുകാർ നൽകുന്ന വിശദീകരണം. പുലർച്ചെ ഇരുട്ടിൽ കനത്ത മഴയിൽ ദിശ തെറ്റിയതാണെന്നാണ് വ്യക്തമാകുന്നത്. വീതി കുറഞ്ഞ തോടാണ്. ഒഴുകിപ്പോയ കാർ ഒരുഭാഗത്തു കരയിൽ ഇടിച്ചുനിൽക്കുകയായിരുന്നു. തുടർന്ന് ഡിക്കി തുറന്നാണ് ഈ നാലുപേരും രക്ഷപ്പെട്ടത്. തൊട്ടടുത്തുള്ള വീടുകളിലെത്തി ഇവർ വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാർ അറിയുന്നത്. തുടർന്ന് പൊലീസും സ്ഥലത്തെത്തി.
പിന്നീട് രാവിലെയാണ് വാഹനം കണ്ടെത്തി പുറത്തെടുത്തത്. കയർ ഉപയോഗിച്ച് വെള്ളത്തിൽനിന്ന് കെട്ടിവലിച്ചാണ് കാർ പുറത്തെടുത്തത്. ദിശ വ്യക്തമാക്കുന്ന ബോർഡുകളൊന്നും ഇവിടെയില്ലെന്നാണ് നാട്ടുകാരുടെ പരാതി.
.