മക്കയിലേക്ക് പ്രവേശനം കൂടുതൽ കർശനമാക്കുന്നു; ഇന്ന് മുതൽ വിസിറ്റ് വിസക്കാർക്കും പ്രവേശനമില്ല, ഉംറ ചെയ്യാൻ അനുമതി ഹാജിമാർക്ക് മാത്രം

മക്ക: ദുൽഖഅദ് 15  (മെയ് 23)  മുതൽ വിസിറ്റ് വിസയിലുള്ളവർക്ക് മക്കയിലേക്ക് പ്രവേശിക്കാനോ അവിടെ തുടരാനോ അനുവാദമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു മാസക്കാലം ഈ നിയന്ത്രണം തുടരും. ഹജ്ജ് പെർമിറ്റില്ലാത്തവർക്ക് മെയ് 24 മുതൽ ഉംറ പെർമിറ്റുകളും അനുവദിക്കില്ല.  ഹജ്ജ് പെർമിറ്റുള്ളവർക്ക് മാത്രമേ ഈ കാലയളവിൽ ഉംറ ചെയ്യാൻ അനുവാദമുള്ളൂ. യാതൊരു കാരണവശാലും വിസിറ്റ് വിസയിലുള്ളവർ ദുൽ ഖഅദ് 15 മുതൽ മക്കയിൽ പ്രവേശിക്കാനോ തങ്ങാനോ പാടില്ല.  വിസിറ്റ് വിസയിലുള്ളവർക്ക് ഹജ്ജ് ചെയ്യാനും അനുവാദമുണ്ടാകില്ല.
.
ദുൽ ഖഅദ് 16 (മെയ് 24) മുതൽ  ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തി വെക്കുമെന്നും ദുൽഹജ്ജ് 20 (ജൂണ് 26) വരെ ഈ നിയന്ത്രണം തുടരുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ജൂൺ 2 മുതൽ ജൂണ് 20 വരെ അഥവാ ദുൽ ഖഅദ് 25  മുതൽ  ദുൽ ഹജ്ജ് 14 വരെയുള്ള ഹജ്ജ് കാലയളവിൽ ഹജ്ജ് പെർമിറ്റോ, മക്ക പ്രവേശനത്തിനുള്ള പ്രത്യേക പെർമിറ്റോ ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നത് കടുത്ത കുറ്റമായി കണക്കാക്കും. പിടിക്കപ്പെട്ടാൽ 10,000 റിയാൽ പിഴ ചമുത്തും.  കുറ്റം ആവർത്തിക്കുന്നവർക്ക് പിഴ ഇരട്ടിയാക്കുമെന്നും, ആവർത്തനങ്ങൾക്കനുസരിച്ച് പിഴ തുക ഒരു ലക്ഷം റിയാൽ വരെ എത്തുമെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ നിയമലംഘകർക്ക് ആറ് മാസം വരെ തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും.  നിയമലംഘകർ വിദേശികളാണെങ്കിൽ ശിക്ഷാ കാലാവധിക്ക് ശേഷം നിശ്ചിത കാലത്തേക്ക് തിരിച്ച് വരാനാകാത്ത വിധം നാടുകടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
.
ഹജ്ജ് കർമങ്ങൾ നടക്കുന്ന ഹറം പരിസരം, മിന, അറഫാത്ത്, മുസ്ദലിഫ എന്നീ പുണ്യ സ്ഥലങ്ങളിലും,  റുസൈഫ ഹറമൈൻ റെയിൽവേ സ്റ്റേഷൻ, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ, ഹജ്ജ് തീർഥാടകരുടെ കേന്ദ്രങ്ങൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലെല്ലാം  ശക്തമായ പരിശോധനയുണ്ടാകും. ഇവിടെ വെച്ച് ഹജ്ജ് പെർമിറ്റില്ലാതെ പിടിക്കപ്പെട്ടാൽ വിദേശികളും സ്വദേശികളും ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. കൂടാതെ പെർമിറ്റില്ലാത്തവർക്ക് മക്കയിലേക്ക് പ്രവേശിക്കാൻ ഗതാഗത സൌകര്യമൊരുക്കുന്നവർക്ക് 50,000 റിയാൽ വരെ പിഴയും തടവും നാടുകടത്തലും ശിക്ഷ ലഭിക്കുമെന്നും ഇത്തരക്കാരുടെ വാഹനം കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.
.
അതേ സമയം നിലവിൽ സൌദിയിൽ ഉംറ വിസയിൽ കഴിയുന്നവർക്ക് സൌദിയിൽ നിന്ന് പുറത്ത് പോകാൻ ജൂണ് 6 വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് വിസാ കാലാവധി പൂർത്തിയാകുന്നത് വരെ പ്രവേശന നിരോധനമില്ലാത്ത സ്ഥലങ്ങളിൽ കഴിയാം.
.
Share
error: Content is protected !!