അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡണ്ടിൻ്റെ ഹെലിക്കോപ്റ്റർ കണ്ടെത്താനായില്ല; പ്രാർത്ഥിക്കാൻ ആഹ്വാനം
ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. പ്രദേശത്ത് ശക്തമായ മുടൽ മഞ്ഞും കാറ്റും മഴയുമുള്ളത് രക്ഷാ പ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.
അതേ സമയം പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്ടർ ഇത് വരെ കണ്ടെത്താനായില്ലെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അറിയിച്ചു. പ്രസിഡന്റിന് വേണ്ടിയും കൂടെയുള്ളവർക്ക് വേണ്ടിയും പ്രാർഥിക്കാൻ ഫാർസ് ന്യൂസ് ഏജൻസി ഇറാൻ ജനതോടാവശ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ ഹെലികോപ്റ്റർ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മൂടൽമഞ്ഞ് നിറഞ്ഞ ഗ്രാമീണ വനത്തിലൂടെ വ്യാപകമായ തിരച്ചിൽ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദുള്ളാഹിയാനും ഇറാൻ്റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണറും മറ്റ് ഉദ്യോഗസ്ഥരും റൈസിക്കൊപ്പം യാത്ര ചെയ്തിരുന്നതായി സർക്കാർ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
കിഴക്ക്, അസർബൈജാൻ പ്രവിശ്യയിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ടത്. ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ (375 മൈൽ) വടക്ക് പടിഞ്ഞാറ് അസർബൈജാൻ്റെ അതിർത്തിയിലുള്ള ജോൽഫ എന്ന നഗരത്തിന് സമീപമാണ് സംഭവം നടന്നതെന്നാണ് സൂചന.
അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവിനൊപ്പം ഒരു അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ റൈസി ഞായറാഴ്ച രാവിലെ അസർബൈജാനിൽ എത്തിയിരുന്നു. ഇരു രാജ്യങ്ങളും ചേർന്ന് അരാസ് നദിയിൽ നിർമ്മിച്ച മൂന്നാമത്തെ അണക്കെട്ടിൻ്റെ ഉദ്ഘാടനമായിരുന്നു ഇത്.
.