കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസിന് തീ പിടിച്ച സംഭവം: എയർ ഇന്ത്യ ഒരുക്കിയ ബദൽ സംവിധാനത്തിലും അപര്യാപ്തത; വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തം

ബെംഗളൂരു: എൻജിനിൽ തീ പടർന്നതിനെ തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ തിരിച്ചിറങ്ങിയ വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ സംവിധാനത്തിലും അപര്യാപ്തത. വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം തുടരുന്നു. 9.30നുള്ള വിമാനത്തിന് ബോർഡിങ് പാസ് നൽകിയിരുന്നെങ്കിലും യാത്രക്കാർ വിമാനത്തിൽ കയറാൻ തയാറായില്ല.

9.20നുള്ള എയർ ഇന്ത്യ എക്സ്‌പ്രസിൽ 179 യാത്രക്കാരിൽ 120 പേർക്കാണ് ബോർഡിങ് പാസ് നൽകിയത്. മറ്റുള്ളവരെ അടുത്ത വിമാനത്തിൽ കയറ്റിവിടാമെന്നാണ് എയർ ഇന്ത്യ എക്സ്‌പ്രസ് നൽകിയ വിശദീകരണം. അങ്ങനെ വരുമ്പോൾ കുടുംബത്തോടെ യാത്ര ചെയ്യുന്നവരിൽ പലരും രണ്ട് വിമാനങ്ങളിലായി യാത്ര ചെയ്യേണ്ടി വരും. ഇതോടെയാണു പ്രതിഷേധം ആരംഭിച്ചത്. എല്ലാവർ‌ക്കും ഒരുമിച്ചു യാത്ര ചെയ്യാൻ സൗകര്യം ഒരുക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.

.
തീപിടിത്തത്തെ തുടർന്ന് ബെംഗളൂരുവിൽ താഴെയിറക്കിയ യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കാത്തതിൽ  പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായപ്പോഴാണ് എയർ ഇന്ത്യ എക്സ്‍പ്രസ് ബദൽ സംവിധാനം ഒരുക്കിയത്. നിസ്സാര പരുക്കുള്ള യാത്രക്കാരടക്കം രാത്രി മുഴുവൻ വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നു. ചില യാത്രക്കാരെ ഹോട്ടലുകളിലേക്കു മാറ്റിയെങ്കിലും ചിലർക്ക് സൗകര്യങ്ങളൊരുക്കിയില്ലെന്നായിരുന്നു ആക്ഷേപം.
.

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് ബെംഗളൂരു – കൊച്ചി വിമാനം ഇന്നലെ രാത്രി 11.12 ഓടെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ അടിയന്തര ലാന്‍ഡിങ് നടത്തിത്. പറന്നുയര്‍ന്ന ഉടന്‍ എൻജിനിൽ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ലാന്‍ഡ് ചെയ്ത ഉടനെ തീ കെടുത്തിയെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു. 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് ബെംഗളൂരു വിമാനത്താവള അധികൃതര്‍ അറിയിച്ചു.

.

Share
error: Content is protected !!