400 സീറ്റില്‍നിന്ന് പിന്തിരിഞ്ഞ് മോദി,ചുവട് മാറ്റി മമത; അഞ്ചാംഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍

ന്യൂഡല്‍ഹി: വലിയ ആത്മവിശ്വാസത്തോടെയും അവകാശവാദങ്ങളോടെയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങിയത്. 10 വര്‍ഷത്തെ ഭരണനേട്ടങ്ങളുയര്‍ത്തി 400 സീറ്റിലധികം നേടുമെന്നായിരുന്നു മോദിയുടെയും ബിജെപിയുടെയും പ്രധാന അവകാശവാദം. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ എന്‍ഡിഎ പ്രചാരണത്തിന്റെ ഗതിമാറി.

 

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഉണ്ടാകുന്ന ‘ഭവിഷ്യത്തുകള്‍’ ആയി പ്രധാനമന്ത്രിയുടെ പ്രധാന പ്രചാരണ ആയുധം. മുന്‍കാലത്ത് കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് വഴിവിട്ട് സ്വത്തുക്കള്‍ നല്‍കാന്‍ ശ്രമിച്ചെന്ന് തുടങ്ങി ഇന്ത്യ സഖ്യം അധികാരത്തിലേറിയാല്‍ രാമക്ഷേത്രം തകര്‍ക്കുമെന്നതിലേക്കെത്തിയിരിക്കുന്നു മോദിയുടെ പ്രചാരണം. പ്രധാനമന്ത്രിക്കും ബിജെപിക്കും ആത്മവിശ്വാസം നഷ്ടപ്പെട്ടെന്നാണ് ഈ പ്രചാരണങ്ങളെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആരോപിക്കുന്നത്. ഇതിന് ബലംപകരുന്നതായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400-ലധികം സീറ്റ് നേടുമെന്ന അവകാശവാദത്തില്‍നിന്ന് മോദി പിന്തിരിയുന്നതാണ് അഭിമുഖത്തില്‍ വ്യക്തമായത്. തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നോ തോല്‍ക്കുമെന്നോ താന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ല. 400-ലധികം സീറ്റ് നേടുമെന്ന് ആദ്യംപറഞ്ഞത് ജനങ്ങളാണെന്നും അഭിമുഖത്തില്‍ മോദി വിശദീകരിക്കുകയുണ്ടായി.

ഇതിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചുവടുമാറ്റവും പ്രതിപക്ഷ മുന്നണിക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നിട്ടുണ്ട്. ഇന്ത്യ സഖ്യം സംബന്ധിച്ച് പലതവണ നിലപാട് മാറ്റിയ മമത കഴിഞ്ഞ ദിവസം പ്രതിപക്ഷസഖ്യം അധികാരത്തിലേറിയാല്‍ തന്റെ പദ്ധതി എന്തായിരിക്കുമെന്ന് വെളിപ്പെടുത്തുകയുണ്ടായി.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ കോണ്‍ഗ്രസിന് 40 സീറ്റുകളെങ്കിലും നേടാനാകുമോ എന്ന് തനിക്ക് സംശയമുണ്ടെന്ന് പറഞ്ഞ മമത വോട്ടെടുപ്പിന്റെ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് ഉറപ്പിച്ച് പറയുകയാണ്.

 

അവസാന മൂന്ന് ഘട്ടം ബാക്കിനില്‍ക്കെ ഇന്ത്യ സഖ്യം 315 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ 195-ല്‍ ഒതുങ്ങുമെന്നും മമത പറയുന്നു. ഇന്ത്യ സഖ്യം അധികാരത്തിലേറിയാല്‍ തൃണമൂല്‍ പുറത്ത് നിന്ന് പിന്തുണ നല്‍കുമെന്നും അവര്‍ പറയുകയുണ്ടായി. ഇന്ത്യ സഖ്യവുമായി ഉടക്കിനിന്ന മമതയുടെ നിലപാട് മയപ്പെടുത്തലില്‍ പ്രതിപക്ഷ സഖ്യം പ്രതീക്ഷ വയ്ക്കുന്നുണ്ട്. എന്നാല്‍, മമതയുടെ നിലപാട് മാറ്റത്തിന് പിന്നില്‍ രണ്ടുകാരണങ്ങളാണ് പ്രധാനമായും സംശയിക്കുന്നത്. ഇന്ന് കോണ്‍ഗ്രസുമായുള്ള അകല്‍ച്ച കുറയ്ക്കുക. രണ്ടാമത്തേത് ഇന്ത്യ സഖ്യത്തിന് അധികാരം ലഭിക്കാനുള്ള സാധ്യതകള്‍ വരികയാണെങ്കില്‍ പ്രധാനമന്ത്രി സ്ഥാനം അടക്കം ആവശ്യപ്പെട്ടുള്ള വിലപേശലിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ് പുറത്ത് നിന്നുള്ള പിന്തുണയെന്ന മമതയുടെ പ്രസ്താവനയെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

70 ശതമാനം സീറ്റുകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി

ഏഴുഘട്ടങ്ങളിലായുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലുഘട്ടം പിന്നിടുമ്പോള്‍ 69.8 ശതമാനം സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. 543 സീറ്റുകളില്‍ 379 സീറ്റുകളിലെ വോട്ടെടുപ്പാണ് ഇതിനകം പൂര്‍ത്തിയായത്. അഞ്ചാംഘട്ടമായ തിങ്കളാഴ്ച 49 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാന്‍പോകുന്നത്.

ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും വോട്ടെടുപ്പ് തിങ്കളാഴ്ച പൂര്‍ത്തിയായതോടെ ദക്ഷിണേന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും പോളിങ് പൂര്‍ത്തിയായി. ഇവയ്ക്കുപുറമേ കേരളം, കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലെയും ലക്ഷദ്വീപ്, പുതുച്ചേരി സ്ഥലങ്ങളിലെയുമായി 131 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പൂര്‍ത്തിയായത്. ഇതിനോടകം 19 സംസ്ഥാനങ്ങളിലെയും നാലു കേന്ദ്രഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുപ്പാണ് പൂര്‍ത്തിയായത്. ഇതുവരെ തിരഞ്ഞെടുപ്പ് നടക്കാത്ത ഹരിയാണ, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് വരുംഘട്ടങ്ങളില്‍ പ്രധാനമായുമുള്ളത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് അടുത്തഘട്ടത്തോടെ പൂര്‍ത്തിയാകും.

ഏഴുഘട്ടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന യു.പി., ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍ ഇനിയും പകുതിയോളം സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കാനുണ്ട്.

 

.

ഈ സംസ്ഥാനങ്ങള്‍ ഇന്ത്യ സഖ്യത്തിന്റെ ഗതിനിര്‍ണയിക്കും

പശ്ചിമ ബംഗാള്‍

പശ്ചിമ ബംഗാളക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയുടെ സീറ്റുകള്‍ പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞാലെ അധികാരം സ്വപ്‌നം കാണാന്‍ ഇന്ത്യ സഖ്യത്തിന് ആകുകയുള്ളൂ.
പശ്ചിമബംഗാളില്‍ കഴിഞ്ഞതവണ തൃണമൂല്‍ കോണ്‍ഗ്രസിന് 22, ബി.ജെ.പി.-18, കോണ്‍ഗ്രസ്-2 എന്നിങ്ങനെയാണ് സീറ്റ് ലഭിച്ചത്. തൃണമൂലും കോണ്‍ഗ്രസും സി.പി.എമ്മുമൊക്കെ ഇന്ത്യമുന്നണിയിലാണെങ്കിലും ഒന്നിച്ചല്ല മത്സരിക്കുന്നത്. തൃണമൂല്‍ വേറെ, സി.പി.എം.-കോണ്‍ഗ്രസ് മുന്നണി വേറെ. തൃണമൂല്‍ കൈവിട്ടെങ്കിലും ബി.ജെ.പി.യെ തോല്‍പ്പിക്കാന്‍ അടവുനയം എന്ന സമീപനമാണിവിടെ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. സിപിഎം-കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ചത് ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് ഗുണവും ബിജെപിക്ക് നഷ്ടവുമുണ്ടാക്കിയിരുന്നു. ത്രികോണ മത്സരം തൃണമൂല്‍ ഇതര വോട്ടുകള്‍ ഭിന്നിക്കപ്പെടുന്ന സാഹചര്യമാണുണ്ടായത്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് മമതയുടെ കണക്കുകൂട്ടല്‍.

ഹരിയാണ

രാജ്യത്ത് ബിജെപി ഏറ്റവുംകൂടുതല്‍ പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണ് ഹരിയാണ. കഴിഞ്ഞ തവണ 10-ല്‍ പത്ത് സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. കര്‍ഷക രോഷത്തിന്റെ ചൂടറിഞ്ഞുവരികയാണ് പഞ്ചാബിലേയും ഹരിയാണയിലേയും ബിജെപി നേതാക്കള്‍. കര്‍ഷക സംഘടനകള്‍ക്ക് ആധിപത്യമുള്ള പല ഗ്രാമങ്ങളിലേക്കും ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഹരിയാണയില്‍ ഭരണവിരുദ്ധ വികാരം മൂര്‍ച്ഛിക്കുന്നതിനിടെ സര്‍ക്കാരും പ്രതിസന്ധിയിലാണ്. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസിനൊപ്പം ചേരുകയുണ്ടായി. ഭരണവിരുദ്ധ വികാരം തിരിച്ചറിഞ്ഞ ജെജെപി നേരത്തെ പിന്തുണ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ബിജെപി മുഖ്യമന്ത്രിയെ
മാറ്റിപരീക്ഷിച്ചെങ്കിലും പ്രതിസന്ധി തുടരുകയാണ്.

മഹാരാഷ്ട്ര

മഹാരാഷ്ട്രയിലാണ് ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ കൂടുതല്‍ സീറ്റ്- 48. ഇനി 13 സീറ്റില്‍ മാത്രമാണ് വോട്ടെടുപ്പ് നടക്കാനുള്ളത്. കഴിഞ്ഞതവണ ബി.ജെ.പി.-23 സഖ്യകക്ഷിയായ ശിവസേന-18, എന്‍.സി.പി.-4, കോണ്‍ഗ്രസ്-1, ഐ.ഐ.എം.ഐ.എം.-1, സ്വതന്ത്രര്‍-1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇപ്പോള്‍ സ്ഥിതി മാറി. ശിവസേനയും എന്‍.സി.പി.യും പിളര്‍ന്ന് ഓരോ ഭാഗങ്ങള്‍ കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും ഒപ്പം നില്‍ക്കുന്നു. പിളര്‍പ്പ് കോണ്‍ഗ്രസ് മുന്നണിക്ക് ഭരണം നഷ്ടപ്പെടുത്തിയെങ്കിലും രാഷ്ട്രീയമായി നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. ശരദ് പവാറിനും ഉദ്ധവ് താക്കറെയ്ക്കും അനുകൂലമായ തരംഗം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ടെന്ന് എന്‍ഡിഎ നേതാക്കള്‍ തന്നെ പറയുന്നു.

തെലങ്കാന

കേരളം കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തെലങ്കാന. ആകെയുള്ള 17ല്‍ മൂന്നുസീറ്റാണ് കഴിഞ്ഞതവണ കോണ്‍ഗ്രസിന് നേടാനായത്. ബി.ആര്‍.എസ്. ഒമ്പതും ബി.ജെ.പി. നാലും നേടിയപ്പോള്‍ അസദുദ്ദീന്‍ ഒവൈസിയും മജ്‌ലിസ് പാര്‍ട്ടിയിലൂടെ ജയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം നടത്തി അധികാരത്തിലേറിയതിന്റെ തുടര്‍ച്ച ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സമീപിച്ചത്. 15 സീറ്റുകളായിരുന്നു തെലങ്കാനയില്‍ കോണ്‍ഗ്രസ് ലക്ഷ്യമിട്ടതെങ്കിലും ഒമ്പത് മുതല്‍ 11 സീറ്റുകള്‍ വരെ നേടുമെന്നാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിയുടെ വിലയിരുത്തല്‍.

കര്‍ണാടക

28 സീറ്റുള്ളതില്‍ കഴിഞ്ഞതവണ ബി.ജെ.പി. 27 സീറ്റില്‍ മത്സരിച്ചു. മാണ്ഡ്യയില്‍ നടി സുമലതയ്ക്ക് പിന്തുണനല്‍കി. 26 സീറ്റ് ബി.ജെ.പി.ക്ക് ലഭിച്ചു. കോണ്‍ഗ്രസിനൊപ്പമായിരുന്നു ജെ.ഡി.എസ്. മത്സരിച്ചത്. ഇരുപാര്‍ട്ടികള്‍ക്കും ഓരോ സീറ്റുവീതം ലഭിച്ചു. ഇത്തവണ ജെ.ഡി.എസ്. ബി.ജെ.പി.ക്കൊപ്പമാണെങ്കിലും രാഷ്ട്രീയസാഹചര്യം മാറി. നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ വീഴ്ത്തി വന്‍ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 14 സീറ്റിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് വേളയില്‍ ദേവഗൗഡയുടെ മകനും കൊച്ചുമകനുമെതിരേയുള്ള ലൈംഗിക വിവാദങ്ങള്‍ ആളിക്കത്തി. ഇതെല്ലാം വോട്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

ബിഹാര്‍

2019ല്‍ എന്‍.ഡി.എ. നേടിയത് 40-ല്‍ 39 സീറ്റ്. കോണ്‍ഗ്രസ് നേടിയത് ഒരു സീറ്റ്. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഇന്ത്യമുന്നണി രൂപവത്കരിക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ചെങ്കിലും വേഗത്തില്‍ എന്‍.ഡി.എ. സഖ്യത്തിലേക്ക് തിരിച്ചുപോയി. പക്ഷേ, നിതീഷിനൊപ്പംനിന്ന് ഭരിച്ചപ്പോള്‍ സംസ്ഥാനത്ത് നടപ്പാക്കിയ പിന്നാക്കക്ഷേമം മുന്‍നിര്‍ത്തിയാണ് ആര്‍.ജെ.ഡി.-കോണ്‍ഗ്രസ്-സി.പി.ഐ.എം.എല്‍. സഖ്യം വോട്ടുചോദിക്കുന്നത്.

 

Share
error: Content is protected !!