സൗദിയിൽ കാലഹരണപ്പെട്ട മത്സ്യങ്ങളും സമുദ്രോൽപ്പന്നങ്ങളും പിടിച്ചെടുത്തു; 13 പേർ അറസ്റ്റിൽ

സൗദിയിലെ റിയാദിൽ മത്സ്യങ്ങളുൾപ്പെടെ കാലഹരണപ്പെട്ട 264 ടൺ സമുദ്രോൽപ്പന്നങ്ങൾ പിടികൂടുകയും സ്ഥാപനം അടച്ച് പൂട്ടുകയും ചെയ്തതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.  ഇവിടെ ജോലി ചെയ്തിരുന്ന 13 തൊഴിലാളികളെ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.

 

ഇറക്കുമതി ചെയ്ത 264 ടൺ  മത്സ്യം, ഞണ്ട്, ചെമ്മീൻ, ചെമ്മീൻ ഉൽപ്പന്നങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇവയെല്ലാം കാലഹരണപ്പെട്ടതും ഭക്ഷ്യയോഗ്യമല്ലാതത്തുമായിരുന്നു. ഇവയുടെ കാലഹരണ തിയതി തിരുത്തി വിപണിയിലെത്തിക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. ശേഷം പുതിയ പാക്കറ്റുകളിൽ പുതിയ എക്സ്പെയറി തിയതി രേഖപ്പെടുത്തി വിപണിയിലെത്തിക്കും. മാത്രവുമല്ല ഇവ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നതാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.

 

റിയാദ് മേഖല പോലീസ്, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി, റിയാദ് മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത സുരക്ഷാ കാമ്പെയ്നുകളിലൂടെയാണ് സ്ഥാപനം കണ്ടെത്തി അടച്ച് പൂട്ടിയത്.  കൂടാതെ സ്ഥാപനത്തിൽ പ്രവർത്തിച്ചിരുന്ന എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുകയും പിടിച്ചെടുത്ത മത്സ്യങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഈ ഉൽപ്പന്നങ്ങൾ പാക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാനിരുന്ന 8,00,000 ലധികം പാക്കുകളും പിടിച്ചെടുത്തു.

 

വാണിജ്യ വിരുദ്ധ തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം കുറ്റങ്ങൾക്ക് 3 വർഷം വരെ തടവോ, 10 ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. കൂടാതെ കുറ്റക്കാരായ തൊഴിലാളിൾ വിദേശികളാണെങ്കിൽ സൗദിയിലേക്ക് തിരിച്ച് വരാനാകാത്ത വിധം നാടുകടത്തുകയും ചെയ്യും.

.

Share
error: Content is protected !!