മമ്മൂട്ടിക്കെതിരെ സംഘ്പരിവാർ വിദ്വേഷ പ്രചാരണം; താരത്തിന് പിന്തുണയുമായി കൂടുതൽ നേതാക്കൾ

തിരുവനന്തപുരം: സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി.

പുഴു എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് നടൻ മമ്മൂട്ടിക്കെതിരെ സംഘ്പരിവാർ വിദ്വേഷ പ്രചാരണവും സൈബർ ആക്രമണവും ആരംഭിച്ചത്. എന്നാൽ മമ്മൂട്ടിക്ക് പിന്തുണയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി, മന്ത്രി വി. ശിവൻ കുട്ടി, കെ.രാജൻ, എഎം ആരിഫ് എം.പി തുടങ്ങിയ നേതാക്കൾ താരത്തിന് പിന്തുണയുമായെത്തി.

സിനിമയുടെ സംവിധായിക രത്തീനയുടെ മുൻ ഭർത്താവ് ഷെർഷാദ് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനു പിന്നാലെയാണ് മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം ആരംഭിച്ചത്. പുഴു സിനിമ ബ്രാഹ്മണ വിരുദ്ധമാണെന്നും അതിൽ മതപരമായ പ്രൊപ്പഗണ്ടയുണ്ടെന്നും അതിനു പിന്നിൽ മമ്മൂട്ടിക്ക് പങ്കുണ്ടെന്നുമൊക്കെ ആരോപിച്ചാണ് സൈബർ ആക്രമണവും സോഷ്യൽമീഡിയയിലൂടെ വിദ്വേഷ പ്രചാരണവും വ്യാപകമായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നടന് പിന്തുണയുമായി സി.പി.എം, കോൺഗ്രസ്, സി.പി.ഐ നേതാക്കൾ ​രംഗത്തെത്തിയത്.

 

അരനൂറ്റാണ്ട് കാലത്തെ അഭിനയ മികവ് കൊണ്ട് മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ പ്രഥമ സ്ഥാനീയനാണ് മമ്മൂട്ടിയെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ആ വ്യക്തിത്വത്തെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല. കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘപരിവാർശക്തികൾ എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ലെന്നും കെ സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

‘ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം’ എന്നായിരുന്നു ശിവൻകുട്ടിയുടെ പോസ്റ്റ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചാണ് മന്ത്രി പിന്തുണയറിയിച്ചത്. മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് ‘ഇത് ഇവിടെ കിടക്കട്ടെ’ എന്നാണ് എ.എം ആരിഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടിയെന്നും ഇദ്ദേഹം ഇരിക്കുന്ന തട്ട് താണുതന്നെ ഇരിക്കുമെന്നും മന്ത്രി കെ. രാജൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ‘മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും കമലിനെ കമാലുദ്ദീന്‍ എന്നും വിജയ്‌യെയെ ജോസഫ് വിജയ് എന്നും വിളിക്കുന്ന സംഘി രാഷ്ട്രീയം ഇവിടെ വിലപോവില്ല. ഇത് കേരളമാണ്’- അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽമീഡിയകളിൽ വ്യാപക അധിക്ഷേപവും മമ്മൂട്ടിക്കെതിരെ നടക്കുന്നുണ്ട്. നിരവധി സംഘ്പരിവാർ അനുകൂല പ്രൊഫൈലുകളും ഓൺലൈൻ മാധ്യമങ്ങളും മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണവുമായി രം​ഗത്തെത്തിയിട്ടുണ്ട്. 2022ലാണ് പുഴു റിലീസായത്.

 

കെ.സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

സത്യൻ മാഷിന്റെ അവസാന സിനിമയായ ‘അനുഭവങ്ങൾ പാളിച്ചകളി’ൽ മിനിറ്റുകൾ മാത്രമുള്ള ഒരു കുഞ്ഞുസീനിൽ നടൻ ബഹദൂറിന്റെ അരികിൽ ആദ്യമായി വെള്ളിവെളിച്ചത്തിൽ അങ്കലാപ്പോടെ നിന്ന ഇരുപതുകാരൻ പയ്യനിൽ നിന്നാണ് മലയാള സിനിമയുടെ ശബ്ദവും മുഖവുമായി അയാൾ മാറിയത്. തന്റെ അരനൂറ്റാണ്ട് അഭിനയകാലത്തിൽ മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ നിൽപ്പുണ്ട് മമ്മൂട്ടി എന്ന പേര്. ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല.

മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിരുന്നു. ഒരേസമയം ഭാസ്‌കര പട്ടേലരില്‍ അധികാര രൂപമാകാനും ‘പൊന്തന്‍മാട’യില്‍ അടിയാളരൂപമാകാനും കഴിഞ്ഞിട്ടുണ്ട് മമ്മൂട്ടിക്ക്. ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല. അതിന് മുതിരുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളവർ മാത്രമാണ്. മമ്മൂട്ടി ഇന്നും മുഹമ്മദ്‌ കുട്ടിയാവുന്നത് ആ വിദ്വേഷ പ്രചാരകരുടെ മനസ്സിലെ വെറുപ്പിൽ നിന്നുടലെടുക്കുന്നതാണ്.

കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള വ്യക്തിയെ എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ല. അമ്പത് വർഷക്കാലം മലയാളി ഊണിലും ഉറക്കത്തിലും കേട്ട ശബ്ദവും കണ്ട മുഖവും മമ്മൂട്ടിയുടേതാണ്, ആ മമ്മൂട്ടിയുടെ ജാതിയും മതവും അടിമുടി സിനിമ തന്നെയാണ്.

വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്. അതിന് രാഷ്ട്രീയത്തിന്റെ നിറമില്ല, നിറം വേണ്ട. മമ്മൂട്ടി എന്നൊരൊറ്റക്കാരണം മതി.

.

Share
error: Content is protected !!