സൗദിയിൽ അറൈവൽ ഹാളുകളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ആരംഭിക്കുന്നു; ഒരു യാത്രക്കാരന് പരമവാധി 3000 റിയാലിൻ്റെ സാധനങ്ങൾ വാങ്ങാം, സൗദിയിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് നിയന്ത്രണം ബാധകമല്ല

സൗദിയിലെ അറൈവൽ ഹാളുകളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ആരംഭിക്കുന്നതിന് സക്കാത്ത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അംഗീകാരം നൽകി. എയർപോർട്ടുകൾ, തുറമുഖങ്ങൾ, കരാതിർത്തികൾ എന്നിവിടങ്ങളിലെല്ലാം അറൈവൽ ഹാളുകളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ആരംഭിക്കും. നേരത്തെ സൗദിയിൽ നിന്നും പുറത്ത് പോകുന്നവർക്ക് മാത്രമായിരുന്നു ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാൽ അറൈവൽ ഹാളുകളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ആരംഭിക്കുന്നതോടെ സൗദിയിലേക്ക് വരുന്ന യാത്രക്കാർക്കും ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ സാധിക്കും.

 

നിലവിൽ സൗദിയിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് എമിഗ്രേഷൻ, കസ്റ്റംസ് നടപടികൾക്ക് ശേഷം ഡിപ്പാർച്ചർ ഹാളിനോട് ചേർന്നുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് യഥേഷ്ടം സാധനങ്ങൾ വാങ്ങാൻ അനുവാദമുണ്ട്. ഇതിൽ പ്രത്യേകമായ പരിധി നിശ്ചയിച്ചിട്ടില്ല. ഈ സംവിധാനം മാറ്റമില്ലാതെ തുടരും.

 

എന്നാൽ പുതിയതായി ആരംഭിക്കുന്ന അറൈവൽ ഹാളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സൗദിയിലേക്ക് വരുന്ന യാത്രക്കാർക്ക് വേണ്ടിയുള്ളതാണ്. സൗദിയിലേക്ക് വരുന്നവർക്ക് ഈ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് കസ്റ്റംസ് തീരുവയും നികുതിയും ഇല്ലാതെ സാധനങ്ങൾ വാങ്ങാം. എന്നാൽ ഇതിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു യാത്രക്കാരന് വ്യക്തിഗത ആവശ്യത്തിനായി മാത്രം പരമാവധി  മൂവായിരം റിയാലിൻ്റെ ഉൽപന്നങ്ങൾ വാങ്ങാനാണ് അനുമതിയുള്ളത്. കൂടാതെ ഒരു യാത്രക്കാരന് 200 സിഗരറ്റിൽ കൂടുതൽ വാങ്ങാൻ അനുവാദമില്ലെന്നും സകാത്ത് ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സൌദിക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സാധനങ്ങൾ വാങ്ങുന്നതിന് പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ പുതിയ നിയന്ത്രണം പ്രവാസികളെ കാര്യമായി ബാധിക്കില്ല.

 

അറൈവൽ ഹാളുകളിൽ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ആരംഭിക്കുവാൻ താൽപര്യമുള്ളവർക്ക് ലൈസൻസിന് അപേക്ഷിക്കാമെന്നും അതോറിറ്റി വ്യക്തമാക്കി.

 

എയർപോർട്ടുകൾ, തുറമുഖങ്ങൾ, കരാതിർത്തികൾ എന്നിവിടങ്ങളിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ സ്ഥാപിക്കുന്നതിനും സൗദിയിലേക്ക് വരുന്നതും പോകുന്നതുമായ യാത്രക്കാർക്ക് അവയിൽ വിൽപ്പന നടത്തുന്നതിനും അനുവദിച്ചുകൊണ്ട് നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. കൂടാതെ അറബ് രാജ്യങ്ങൾക്കുള്ള ജിസിസി സഹകരണ കൌണ്സിലിൻ്റെ ഏകീകൃത കസ്റ്റംസ് സംവിധാനത്തിന് അനുസൃതമായി ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളും വ്യവസ്ഥകളും നടപടിക്രമങ്ങളും ജിഎസിഎ നേരത്തെ പുറത്ത് വിട്ടിരുന്നു.

.

Share
error: Content is protected !!